X

റോജര്‍ സ്‌റ്റോണിന്റെ അറസ്റ്റ്: ട്രംപിനെതിരെ വീണ്ടും ഇംപീച്ച്‌മെന്റ് ഭീഷണി

റോജര്‍ സ്‌റ്റോണിന് പലതും മറയ്ക്കാനുണ്ട് എന്നാണ് അറസ്റ്റ് വ്യക്തമാക്കുന്നത് എന്ന് മുന്‍ ഫെഡറല്‍ പ്രോസിക്യൂട്ടര്‍ റെനേറ്റോ മരിയോട്ടി ട്വീറ്റ് അഭിപ്രായപ്പെട്ടു.

മുന്‍ രാഷ്ട്രീയ ഉപദേശകന്‍ റോജര്‍ സ്‌റ്റോണിന്റെ അറസ്റ്റ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും ഇംപീച്ച്‌മെന്റ് ഭീഷണി ഉയര്‍ത്തുന്നുതായി ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫ്‌ളോറിഡയിലെ വീട്ടില്‍ നിന്ന് ഇന്നലെ രാവിലെയാണ് റോജര്‍ സ്‌റ്റോണിനെ എഫ്ബിഐ കസ്റ്റഡിയിലെടുത്തത്. യുഎസ് കോണ്‍ഗ്രസിനെ നുണ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു, പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച കേസില്‍ അന്വേഷണം തടസപ്പെടുത്താനും സാക്ഷികളെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാനും ശ്രമിച്ചു എന്നെല്ലാമാണ് റോജര്‍ സ്‌റ്റോണിനെതിരായ ആരോപണങ്ങള്‍. അതേസമയം ഈ അറസ്റ്റ് പ്രസിഡന്റിനേയും വൈറ്റ് ഹൗസിനേയോ ഒരു തരത്തിലും ബാധിക്കുന്നതല്ലെന്ന് പ്രസ് സെക്രട്ടറി സാറ സാന്‍ഡേഴ്‌സ് പറഞ്ഞു.

അതസമയം പല യുഎസ് കോണ്‍ഗ്രസ് അംഗങ്ങളും നിയമവിദഗ്ധരും വ്യത്യസ്തമായ അഭിപ്രായമാണ് അറസ്റ്റുമായി ബന്ധപ്പെട്ട് പങ്കുവയ്ക്കുന്നത്. ഡെമോക്രാറ്റ് അംഗം ജെറി നാഡ്‌ലറുടെ ട്വീറ്റ് ട്രംപിനെ അസ്വസ്ഥമാക്കാന്‍ പോന്നതാണ്. ഹൗസ് ജുഡീഷ്യറി കമ്മിറ്റിയുടെ ചെയര്‍മാനാണ് ജെറാഡ് നാഡ്‌ലര്‍. ഇംപീച്ച്‌മെന്റ് ആവശ്യമെന്ന് നാഡ്‌ലര്‍ പറയുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇത്തരമൊരു നീക്കം ഡെമോക്രാറ്റുകള്‍ നടത്തിയേക്കില്ല. യുഎസ് ചരിത്ത്രിലെ എറ്റവും ദൈര്‍ഘ്യമേറിയ ഗവണ്‍മെന്റ് ഷട്ട് ഡൗണിന്റെ സാഹചര്യത്തിലാണിത്.

ട്രംപിന്റെ കാംപെയിന്‍ അസോസിയേറ്റുകളും വിക്കിലീക്ക്‌സും തമ്മിലുള്ള ആശയവിനിമയങ്ങള്‍ ക്രിമിനല്‍ ഗൂഢാലോചനയ്ക്ക് വിചാരണ നേരിട്ടേക്കാം. റോജര്‍ സ്‌റ്റോണിന് പലതും മറയ്ക്കാനുണ്ട് എന്നാണ് അറസ്റ്റ് വ്യക്തമാക്കുന്നത് എന്ന് മുന്‍ ഫെഡറല്‍ പ്രോസിക്യൂട്ടര്‍ റെനേറ്റോ മരിയോട്ടി ട്വീറ്റ് ചെയ്തു. സ്‌റ്റോണില്‍ നിന്ന് ഒന്നും പുറത്തുവരില്ല എന്ന് ഉറപ്പിക്കാന്‍ ഡൊണാള്‍ഡ് ട്രംപ് ശ്രമിക്കുന്നത് എന്തിനാണ്, എന്താണ് അയാള്‍ക്ക് ഇത്ര ഒളിക്കാനുള്ളത് – മരിയോട്ടി ചോദിക്കുന്നു.

This post was last modified on January 26, 2019 8:27 am