X

സൗദി സ്ത്രീകള്‍ക്ക് ഇനി വിദേശത്തേയ്ക്കും ഒറ്റയ്ക്ക് യാത്ര ചെയ്യാം, പുരുഷന്മാരുടെ അനുമതി വേണ്ട; കൂടുതല്‍ അവകാശങ്ങള്‍ നല്‍കി ഭരണകൂടം

വെള്ളിയാഴ്ച പ്രഖ്യാപിച്ച പുതിയ ചട്ടപ്രകാരം 21 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്ക് പുരുഷ രക്ഷാകർത്താവിന്‍റെ അനുമതിയില്ലാതെ പാസ്‌പോർട്ടിനായി അപേക്ഷിക്കാം.

പുരുഷ രക്ഷാധികാരിയുടെ അനുമതിയില്ലാതെ സൗദി അറേബ്യയിലെ സ്ത്രീകൾക്ക് ഇനി മുതല്‍ വിദേശയാത്ര നടത്താമെന്ന് ഉത്തരവ്. വെള്ളിയാഴ്ച പ്രഖ്യാപിച്ച പുതിയ ചട്ടപ്രകാരം 21 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്ക് പുരുഷ രക്ഷകർത്താവിന്‍റെ അനുമതിയില്ലാതെ പാസ്‌പോർട്ടിനായി അപേക്ഷിക്കാം. കുട്ടികളുടെ ജനനം, വിവാഹം, വിവാഹമോചനം എന്നിവ രജിസ്റ്റർ ചെയ്യാനുള്ള അവകാശവും രാജകീയ ഉത്തരവുകൾ സ്ത്രീകൾക്ക് നൽകുന്നു.

സ്ത്രീകൾക്ക് തൊഴിലവസരങ്ങൾ ഒരുക്കുന്നതിനുള്ള ചട്ടങ്ങളിലും മാറ്റം വരുത്തി. ലിംഗഭേദം, വൈകല്യം, പ്രായം എന്നിവ അടിസ്ഥാനമാക്കി വിവേചനം പാടില്ലെന്നും എല്ലാ പൗരന്മാർക്കും ജോലി ചെയ്യാന്‍ അവകാശമുണ്ടെന്നും ഉത്തരവില്‍ പറയുന്നു. ഇതുവരെ സൗദിയിലെ സ്ത്രീകള്‍ക്ക് പാസ്‌പോർട്ട് എടുക്കുന്നതിനോ വിദേശയാത്ര ചെയ്യുന്നതിനോ ഭർത്താവ്, അച്ഛൻ അല്ലെങ്കിൽ പുരുഷനായ അടുത്ത ബന്ധു എന്നിവരില്‍ ആരുടെയെങ്കിലും അനുമതി വാങ്ങണമായിരുന്നു.

കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, രാജ്യത്ത് നിലവിലുള്ള പല വിവേചനപരമായ നിയമങ്ങളിലും മാറ്റം വരുത്താന്‍ ശ്രമിക്കുന്നുണ്ട്. സ്ത്രീകൾ വാഹനമോടിക്കാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് ഒരു വലിയ മുന്നേറ്റത്തിന്‍റെ തുടക്കമായിരുന്നു. 2030 ഓടെ സമ്പദ്‌വ്യവസ്ഥയെ പരിവർത്തനം ചെയ്യാനുള്ള ഒരു പദ്ധതി അദ്ദേഹം 2016-ൽ അവതരിപ്പിച്ചിരുന്നു. അതില്‍ തൊഴിലിടങ്ങളിലെ സ്ത്രീ സ്ത്രീ പങ്കാളിത്തം 22 ശതമാനത്തിൽ നിന്ന് 30 ശതമാനമായി ഉയർത്തുക എന്ന ലക്ഷ്യമാണ് സല്‍മാന്‍ മുന്നോട്ടുവച്ചത്.

സൗദിയിലെ ലിംഗപരമായ വേര്‍തിരിവുകളും പീഡനങ്ങളും ആരോപിച്ച് പല ഉന്നതകുലജാതരായ സ്ത്രീകളും കാനഡ പോലുള്ള രാജ്യങ്ങളിൽ സ്ത്രീ അഭയം തേടുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ജനുവരിയിൽ 18 കാരിയായ റഹഫ് മുഹമ്മദ് അൽ ഖുനൂണിന് കാനഡ അഭയം നൽകിയിരുന്നു. സൗദിയില്‍ രണ്ടാംനിര പൌരന്മാരായാണ് സ്ത്രീകളെ പരിഗണിക്കുന്നതെന്ന വിമര്‍ശനം പല അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും ചൂണ്ടിക്കാട്ടാറുണ്ട്.

This post was last modified on August 2, 2019 8:02 am