X

പാര്‍ലമെന്റിനെ മരവിപ്പിച്ച നടപടി സുപ്രീംകോടതി റദ്ദാക്കി; ബോറിസ് ജോണ്‍സണ്‍ ന്യൂയോര്‍ക്ക് സന്ദര്‍ശനം മതിയാക്കി മടങ്ങി; ഇനി എംപിമാരെ നേരിടണം

പ്രധാനമന്ത്രിയുടെ മേൽ എങ്ങനെ പരമാവധി സമ്മർദ്ദം ചെലുത്താമെന്നാണ് പ്രതിപക്ഷം ഇപ്പോള്‍ ആലോചിക്കുന്നത്.

അഞ്ച് ആഴ്ചത്തേക്ക് പാര്‍ലമെന്റ് സസ്‌പെന്‍ഡ് ചെയ്ത ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നടപടി നിയമവിരുദ്ധമാണെന്ന് സുപ്രീ കോടതി വിധിച്ചതോടെ അപമാനിതനായ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ന്യൂയോർക്ക് സന്ദർശനം വെട്ടിച്ചുരുക്കി യു.കെയിലേക്ക് തിരിച്ചു. പ്രകോപിതരായ എം‌പിമാരെ അഭിമുഖീകരിക്കുക എന്നതാണ് ഇനി അദ്ദേഹത്തിനു മുന്നിലുള്ള പ്രധാന വെല്ലുവിളി. 11 അംഗ ജഡ്ജിങ് പാനലാണ് കേസ് പരിഗണിച്ച് ബോറിസ് ജോൺസൺ നിയമപരമായല്ല പ്രവർത്തിച്ചതെന്ന് കണ്ടെത്തിയത്. നടപടി നിലനിൽക്കില്ലെന്നും ഫലമില്ലാത്തതാണെന്നും കോടതി ഉത്തരവിട്ടു. പാർലമെന്‍റ് നിർത്തിവെക്കാനുള്ള തീരുമാനം ഹീനമാണെന്നും ബോറിസ് ജോൺസണിന്‍റെ രാഷ്ട്രീയ കൗശലമായിരുന്നെന്നും, എലിസബത്ത് രാജ്ഞിയെ തെറ്റിദ്ധരിപ്പിച്ചതായിരിക്കാമെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു.

‘നമ്മുടെ രാജ്യത്തെ ജുഡീഷ്യറിയെയും കോടതികളേയും തീര്‍ത്തും ബഹുമാനിക്കുന്നുണ്ടെങ്കിലും അവര്‍ പറയുന്നതിനോട് ഞാന്‍ വിയോജിക്കുകയും ചെയ്യുന്നു’ എന്നാണ് ജോണ്‍സണ്‍ കോടതിവിധിയെ കുറിച്ച് പ്രതികരിച്ചത്. എന്നാല്‍, ‘രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെട്ടുകൊണ്ട് കോടതി ഗുരുതരമായ തെറ്റാണ് ചെയ്തിരിക്കുന്നത്’ എന്ന് ജഡ്ജിമാരെ രൂക്ഷമായി വിമർശിച്ചുകൊണ്ട് അദ്ദേഹത്തിന്‍റെ ഓഫീസ് വക്താവ് രംഗത്തെത്തുകയും ചെയ്തു. ഹൌസ് ഓഫ് കോമൺസ് നേതാവ് ജേക്കബ് റീസ്-മോഗ് മന്ത്രിസഭാ യോഗത്തില്‍വെച്ച് സഹപ്രവർത്തകരോട് പറഞ്ഞത് സുപ്രീം കോടതി വിധി ‘ഭരണഘടനാ അട്ടിമറിയാണ്’ എന്നാണ്. ഹൌസ് ഓഫ് കോമൺസ് വീണ്ടും യോഗം ചേരുമെന്ന് സ്പീക്കർ ജോൺ ബെർകോവ് അറിയിച്ചതിനെത്തുടർന്ന് പാർലമെന്റിൽ ജോൺസണെ ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പ്രതിപക്ഷ എംപിമാർ.

പ്രധാനമന്ത്രിയുടെ മേൽ എങ്ങനെ പരമാവധി സമ്മർദ്ദം ചെലുത്താമെന്നാണ് പ്രതിപക്ഷം ഇപ്പോള്‍ ആലോചിക്കുന്നത്. അതുസംബന്ധിച്ച് ജെറമി കോർബിൻ ചൊവ്വാഴ്ച വൈകുന്നേരം മറ്റു നേതാക്കളുമായി കൂടിയാലോചന നടത്തി. ഒക്ടോബർ 19 നകം ബ്രെക്‌സിറ്റ് ഒരു കരാർ പാസാക്കിയിട്ടില്ലെങ്കിൽ ബെൻ ബില്ലിൽ പറഞ്ഞിരിക്കുന്നതുപോലെ ബ്രെക്സിറ്റ് നീട്ടികൊണ്ടുപോകാനുള്ള നിയമപരമായ ബാധ്യതയിൽ നിന്ന് രക്ഷപ്പെടാൻ ജോണ്‍സണെ അനുവദിക്കാതിരിക്കുകയാണ് അവരുടെ പ്രധാന ലക്ഷ്യം.

ഉടമ്പടികളില്ലാതെ യൂറോപ്യൻ യൂണിയൻ വിടാനുള്ള ബോറിസ് ജോൺസന്‍റെ തീരുമാനത്തിന് ഭരണപക്ഷത്തു നിന്നുൾപ്പെടെ എതിർപ്പ് നേരിടേണ്ടി വന്നിരുന്നു. തുടർന്ന് പാർലമെന്‍റ് പിരിച്ച്വിട്ട് ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുവാനുള്ള തീരുമാനത്തിനും സ്വന്തം പാർട്ടിയിൽ നിന്നുൾപ്പടെ എതിർപ്പ് നേരിട്ടതോടെ ബോറിസ് ജോൺസൺ സെപ്തംബർ 10 മുതൽ ഒക്ടോബർ 14 വരെ പാർലമെന്‍റ് താത്കാലികമായി നിർത്തിവെക്കുകയായിരുന്നു.