X

“ഇറാന്‍ ആക്രമിച്ചേക്കാം” – ഗള്‍ഫ് കടലില്‍ സര്‍വീസ് നടത്തുന്ന ബ്രിട്ടീഷ്‌ വാണിജ്യ കപ്പലുകള്‍ക്ക് യുകെയുടെ മുന്നറിയിപ്പ്‌

ബ്രിട്ടീഷ് എണ്ണക്കപ്പല്‍ തടഞ്ഞുവെക്കാന്‍ ഇറാന്‍ ശ്രമിച്ചെന്ന ആരോപണവുമായി കഴിഞ്ഞ ദിവസം ബ്രിട്ടന്‍ രംഗത്തുവന്നിരുന്നു.

ഗള്‍ഫ് കടലില്‍ സര്‍വീസ് നടത്തുന്ന ബ്രിട്ടീഷ്‌ വാണിജ്യ കപ്പലുകള്‍ക്ക് നേരെ ഇറാന്‍റെ ആക്രമണമുണ്ടാകാനുള്ള സാധ്യത കൂടുതലായതിനാല്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ബ്രിട്ടന്‍ മുന്നറിയിപ്പ് നല്‍കി. ‘ലെവല്‍-3’ അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആഭ്യന്തര സുരക്ഷ ഏറ്റും അപകടസാധ്യത നേരിടുന്ന സന്ദര്‍ഭങ്ങളില്‍ പുറപ്പെടുവിക്കുന്ന ജാഗ്രതാ നിര്‍ദേശത്തിനു സമാനമാണ് ലെവല്‍-3 അലര്‍ട്ട്. എല്ലാ ദിവസവും ഗൾഫിലൂടെ സഞ്ചരിക്കുന്ന ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ള 15-30 വലിയ കപ്പലുകൾക്കാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ബ്രിട്ടീഷ് എണ്ണക്കപ്പല്‍ തടഞ്ഞുവെക്കാന്‍ ഇറാന്‍ ശ്രമിച്ചെന്ന ആരോപണവുമായി കഴിഞ്ഞ ദിവസം യുകെ രംഗത്തുവന്നിരുന്നു. ഹോര്‍മുസ് വഴി സഞ്ചരിക്കുകയായിരുന്ന ബ്രിട്ടീഷ് ഹെറിറ്റേജ് എന്ന ചരക്കുകപ്പലിനെ ഇറാന്‍റെ മൂന്നുബോട്ടുകൾ തടഞ്ഞ് ഇറാൻ തീരത്തേക്ക് അടുപ്പിക്കാൻ ആവശ്യപ്പെട്ടുവെന്നും, കപ്പലിന് അകമ്പടി പോവുകയായിരുന്ന ബ്രിട്ടീഷ് നാവികസേനയുടെ എച്ച്.എം.എസ്. മൺട്രോസ് കപ്പലിലുണ്ടായിരുന്ന സൈനികർ തോക്കുചൂണ്ടിയതോടെ ഇറാൻ സംഘം പിന്മാറിയെന്നും യുകെ പറയുന്നു. യുഎസ് ആണ് ഈ വാര്‍ത്ത ആദ്യം പുറത്തുവിട്ടത്. എന്നാല്‍, സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ അവര്‍ ഇതുവരെ തയ്യാറായിട്ടില്ല.

അതേസമയം, റിപ്പോർട്ട് ഇറാൻ നിഷേധിച്ചു. 24 മണിക്കൂറിനിടെ ഒരു വിദേശക്കപ്പലുമായും ഏറ്റുമുട്ടലുണ്ടായിട്ടില്ലെന്ന് ഐ.ആർ.ജി.സി.യുടെ നാവികസേനാ വിഭാഗം വ്യക്തമാക്കി. മേഖലയിൽ കൂടുതൽ ആശങ്ക സൃഷ്ടിക്കാനാണ് ബ്രിട്ടൻ ആരോപണമുന്നയിക്കുന്നതെന്നും അതിന് വിലകൽപ്പിക്കുന്നില്ലെന്നും ഇറാൻ വിദേശകാര്യമന്ത്രാലയ വക്താവ് മുഹമ്മദ് ജവാദ് സാരിഫ് പറഞ്ഞു.

ബിട്ടന്‍റെ എച്ച്.എം.എസ്. മൺട്രോസ് യുദ്ധക്കപ്പലും മറ്റു മൂന്ന് മൈന്‍
സ്വീപ്പറുകളും മാത്രമാണ് ഈ മേഖലയിലുള്ളത്. അത് ആ വഴി സഞ്ചരിക്കുന്ന മുഴുവന്‍ വാണിജ്യ കപ്പലുകള്‍ക്കും സുരക്ഷയൊരുക്കാന്‍ പര്യാപ്തമല്ല. സിറിയയിലേക്ക് ഇറാനിൽ നിന്ന് എണ്ണയുമായി പുറപ്പെട്ട കപ്പൽ ബ്രിട്ടീഷ് നാവിക സേന തടഞ്ഞത് തെഹ്റാനെ പ്രകോപിപ്പിച്ചിരുന്നു. കപ്പലിലെ ഇന്ത്യൻ ക്യാപ്റ്റനെയും അതിന്‍റെ ചീഫ് ഓഫീസറെയും ഒരാഴ്ച നീണ്ടുനിന്ന അന്വേഷണത്തിന് ശേഷം ജിബ്രാൾട്ടേറിയൻ അധികൃതർ വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. കടൽക്കൊള്ളയാണെന്നാണ് ഇറാന്‍ അതിനെ വിശേഷിപ്പിച്ചത്.

Azhimukham Read: 28 വര്‍ഷം ചെയ്ത അടിമവേലയ്ക്ക് കൂലി 8.86 ലക്ഷം രൂപ; ശിവാളിന് ഇന്നും തിരിച്ചറിയല്‍ കാര്‍ഡ് പോലുമില്ല, അട്ടപ്പാടിയിലെ ആദിവാസി യുവതിയെ മോചിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു

This post was last modified on July 12, 2019 10:58 am