ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യന്‍ പള്ളികളിലും ഹോട്ടലുകളിലുമായി നടന്ന സ്‌ഫോടന പരമ്പരയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം നേരത്തെ പറഞ്ഞതിനേക്കാള്‍ കുറവെന്ന് ശ്രീലങ്ക ഗവണ്‍മെന്റ്. നേരത്തെ 359 പേര്‍ കൊല്ലപ്പെട്ടാതായാണ് ഔദ്യോഗിക കണക്ക് വന്നിരുന്നത്. എന്നാല്‍ ഇത് 253 ആണ് എന്ന് ശ്രീലങ്ക തിരുത്തി. ഡെപ്യൂട്ടി പ്രതിരോധ മന്ത്രി റുവാന്‍ വിജയവര്‍ധനെ ആണ് ഇക്കാര്യം അറിയിച്ചത്. അതേസമയം എല്ലാം ഏകദേശ കണക്കുകളാണ് എന്ന് ശ്രീലങ്ക ഹെല്‍ത്ത് സര്‍വീസ് ഡയറക്ടര്‍ ജനറല്‍ അനില്‍ ജസിംഗെ റോയിട്ടേഴ്‌സിനോട് പറഞ്ഞു. മരണസംഖ്യ 250ഓ 260ഓ ആകാം. കൃത്യമായി പറയാനാകില്ല. നിരവധി ശരീര ഭാഗങ്ങള്‍ ചിതറിക്കിടക്കുന്നുണ്ട്. കൃത്യമായ കണക്കുകള്‍ നല്‍കുക ബുദ്ധിമുട്ടാണ്
കൊളംബോയും ബാട്ടിക്കലോവയുമടക്കമുള്ള സ്ഥലങ്ങളില്‍ മൂന്ന് ക്രിസ്ത്യന്‍ പള്ളികളും നാല് ഹോട്ടലുകളും ലക്ഷ്യം വച്ചുണ്ടായ ചാവേര്‍ ബോംബ് ആക്രമണം വലിയ ഇന്റലിജന്‍സ് പരാജയമാണ് വ്യക്തമാക്കിയത്. വ്യക്തമായ മുന്നറിയിപ്പുകള്‍ ഉണ്ടായിട്ടും അത് അവഗണിച്ചു എന്ന പരാതിയുണ്ട്. ഇന്റലിജന്‍സ് വീഴ്ചയില്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രതിരോധ സെക്രട്ടറി ഹേമാസിരി ഫെര്‍ണാണ്ടോ രാജി വച്ചിരുന്നു. ഇന്റലിജന്‍സ് വിവരം കൈമാറുന്നതില്‍ വീഴ്ചയുണ്ടായി. ഇന്ത്യയില്‍ നിന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പുണ്ടായിരുന്നു എന്ന് ഹേമാസിരി ഫെര്‍ണാണ്ടോ പറയുന്നു. എന്നാല്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയും പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയും ഇത് നിഷേധിക്കുന്നു.
അതേസമയം സ്‌ഫോടനത്തിന് ശേഷം ശ്രീലങ്കയില്‍ വര്‍ഗീയ ധ്രുവീകരണം ശക്തമായിട്ടുണ്ടെന്നും വലിയ സംഘര്‍ഷ സാധ്യതയാണ് നിലനില്‍ക്കുന്നത് എന്നുമാണ് റിപ്പോര്‍ട്ടുകള്‍. പടിഞ്ഞാറന്‍ തീരത്തെ നെഗൊംബോ മേഖലയില്‍ നിന്ന് മുസ്ലീങ്ങള്‍ പലായനം ചെയ്യുകയാണ്. പാകിസ്താന്‍ സ്വദേശികളായ മുസ്ലീങ്ങളടക്കമുള്ളവര്‍ ഇവിടെ വിട്ടുപോവുകയാണ്.
This post was last modified on April 26, 2019 7:53 am
Leave a Comment