യുഎസിലെ ബ്രിട്ടീഷ് അംബാസഡർ കിം ഡറോച്ച് രാജി വച്ചു. നിലവിലെ സാഹചര്യത്തില്‍ തന്നിലര്‍പ്പിതമായ കടമ നിര്‍വഹിക്കുകയെന്നത് അസാധ്യമായിരിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്‍റെ രാജി. യുഎസ് പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിനെ കുറിച്ചുള്ള മോശം പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇ-മെയില്‍ സന്ദേശം കിം ഡറോച്ചിന്‍റെതായി പുറത്തു വന്നിരുന്നു. അതോടെ യു.കെ-യും അമേരിക്കയും തമ്മിലുള്ള നയതന്ത്ര പ്രതിസന്ധി രൂക്ഷമാവുകയും ചെയ്തിരുന്നു.
‘ഈ എംബസിയിൽ നിന്ന് ഔദ്യോഗിക രേഖകൾ ചോർന്നതിന് ശേഷം എന്‍റെ സ്ഥാനത്തെക്കുറിച്ചും അംബാസഡറായി തുടരാന്‍ ബാക്കിയുള്ള കാലാവധിയെക്കുറിച്ചും ധാരാളം ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. അതിനു അറുതിവരുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിലവിലെ സാഹചര്യത്തില്‍ എന്‍റെ കടമ നിര്‍വ്വഹിക്കുക എന്നത് തീര്‍ത്തും അസാധ്യമായിരിക്കുന്നു’- നയതന്ത്ര സേവന മേധാവി സർ സൈമൺ മക്ഡൊണാൾഡിന് അയച്ച രാജിക്കത്തിൽ അദ്ദേഹം പറഞ്ഞു.
ട്രംപ് കഴിവുകെട്ടവനാണെന്നും അദ്ദേഹത്തിന്‍റെ ഭരണത്തിൽ ആകെ അരാജകത്വമാണെന്നുമായിരുന്നു വിവാദമായ ഇ-മെയിലിന്‍റെ ഉള്ളടക്കം. അതോടെ പ്രകോപിതനായ ട്രംപ് കിം ഡറോച്ചിനെതിരെയും ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയേയും അതിരൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. മേയെ വിഡ്ഢിയെന്ന് വിശേഷിപ്പിച്ച ട്രംപ് അവര്‍ സ്ഥാനമൊഴിയുന്നത് നല്ലതാണെന്നും, ഡറോച്ചുമായി സഹകരിച്ച് ഒരു ഇടപാടുകള്‍ക്കും താനിനി തയ്യാറാകില്ലെന്നും പറഞ്ഞിരുന്നു. കൂടാതെ യു.കെയുമായി ട്രംപിന്‍റെ വാണിജ്യ സെക്രട്ടറി നടത്താനിരുന്ന വ്യാപാര ചര്‍ച്ചകള്‍ മാറ്റിവെക്കുകയും ചെയ്തു.
ബ്രിട്ടന്‍റെ അന്താരാഷ്ട്ര വാണിജ്യ സെക്രട്ടറിയായ ലിയാം ഫോക്സുമൊത്ത് ഡറോച്ചും കഴിഞ്ഞ ദിവസം വൈറ്റ് ഹൌസില്‍ നടന്ന മീറ്റിംഗില്‍ പങ്കെടുക്കേണ്ടതായിരുന്നു. എന്നാല്‍ ഡറോച്ചിന് ക്ഷണം ലഭിച്ചില്ല. കൂടിക്കാഴ്ചയിൽ വിവാദ വിഷയങ്ങളൊന്നും പരാമര്‍ശിക്കാതെയും ഖേദം രേഖപ്പെടുത്താതെയുമാണ് ഫോക്സ് സംസാരിച്ചത്. അതോടെ, അതിനു ശേഷം നടക്കേണ്ടിയിരുന്ന വാണിജ്യ ചര്‍ച്ചകളില്‍ നിന്നും അമേരിക്ക പിന്‍വാങ്ങിയത് യു.കെ-യെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കി.
ട്വിറ്ററിലൂടെയാണ് ട്രംപ് അതിരുവിട്ട പ്രതികരണങ്ങള്‍ നടത്തിയത്. ഡറോച്ചിന് വട്ടാണെന്നും അദ്ദേഹമൊരു മന്ദബുദ്ധിയാണെന്നും ട്രംപ് കുറിച്ചു. ഈ പരാമര്‍ശങ്ങള്‍ക്കെതിരെ ബ്രിട്ടണിലും കടുത്ത പ്രതിഷേധമുയര്‍ന്നിരുന്നു. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയും കൺസർവേറ്റീവ് സ്ഥാനാർത്ഥിയുമായ ജെറമി ഹണ്ട് ട്രംപിന്‍റെ ഭാഷയെ ‘അനാദരവും, തെറ്റുമാണെന്നും’ വിശേഷിപ്പിച്ചുകൊണ്ട് പ്രതികരിച്ചതോടെ വിവാദം കൂടുതൽ രൂക്ഷമായി. ഡറോച്ചിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച അദ്ദേഹം താന്‍ പ്രാധാനമന്ത്രിയായാല്‍ അദ്ദേഹം തല്‍സ്ഥാനത്തുതന്നെ തുടര്‍ന്നു പ്രവര്‍ത്തിക്കുമെന്നും പറഞ്ഞിരുന്നു.
This post was last modified on July 11, 2019 7:13 am
Leave a Comment