X

മതിലിനായുള്ള ട്രംപിന്റെ അടിയന്തരാവസ്ഥ പ്രഖ്യാപനത്തിനെതിരെ വോട്ട് ചെയ്ത് യുഎസ് ജനപ്രതിനിധി സഭ

അടിയന്തരാവസ്ഥ പ്രഖ്യാപനം അംഗീകാരം തേടി റിപ്പബ്ലിക്കന്മാര്‍ക്ക് ഭൂരിപക്ഷമുള്ള സെനറ്റിലെത്തുമ്പോളും ട്രംപിന് തലവേദനകളുണ്ട്. പല റിപ്പബ്ലിക്കന്മാരും ഡെമോക്രാറ്റുകള്‍ക്കൊപ്പം ചേര്‍ന്ന് വോട്ട് ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്.

മെക്‌സിക്കന്‍ അതിര്‍ത്തി മതിലിനായുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അടിയന്തരാവസ്ഥ പ്രഖ്യാപനം വോട്ട് ചെയ്ത് പരാജയപ്പെടുത്തി യുഎസ് കോണ്‍ഗ്രസിന്റെ ജനപ്രതിനിധി സഭ (ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സ്). ജനപ്രതിനിധി സഭയില്‍ ഭൂരിപക്ഷം ഡെമോക്രാറ്റുകള്‍ക്കാണ്. 182നെതിരെ 245 വോട്ടിനാണ് ജനപ്രതിനിധി സഭ പ്രമേയം പാസാക്കിയത്. 13 റിപ്പബ്ലിക്കന്മാര്‍ ഡെമോക്രാറ്റുകള്‍ക്കൊപ്പം ചേര്‍ന്ന് ട്രംപിന്റെ അടിയന്തരാവസ്ഥക്കെതിരെ വോട്ട് ചെയ്തു. മതിലിന്റെ പേരിലുള്ള ട്രംപിന്റെ അടിയന്തരാവസ്ഥ പ്രഖ്യാപനം ഭരണഘടനാവിരുദ്ധമാണ് എന്ന് ഡെമോക്രാറ്റുകള്‍ അടക്കമുള്ള വിമര്‍ശകര്‍ ആരോപിക്കുന്നു. ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി അടക്കമുള്ളവര്‍ അടിയന്തരാവസ്ഥ പ്രഖ്യാപനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

അടിയന്തരാവസ്ഥ പ്രഖ്യാപനം അംഗീകാരം തേടി റിപ്പബ്ലിക്കന്മാര്‍ക്ക് ഭൂരിപക്ഷമുള്ള സെനറ്റിലെത്തുമ്പോളും ട്രംപിന് തലവേദനകളുണ്ട്. പല റിപ്പബ്ലിക്കന്മാരും ഡെമോക്രാറ്റുകള്‍ക്കൊപ്പം ചേര്‍ന്ന് വോട്ട് ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. മെക്‌സിക്കോ അതിര്‍ത്തിയിലെ മതില്‍ നിര്‍മ്മാണത്തിന് യുഎസ് കോണ്‍ഗ്രസ് പണം നിഷേധിച്ച സാഹചര്യത്തിലാണ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അതേസമയം ജനപ്രതിനിധി സഭ തീരുമാനത്തെ വീറ്റോ ചെയ്യുമെന്ന് ട്രംപ് വ്യക്തമാക്കി. വീറ്റോയെ മറികടക്കണമെങ്കില്‍ ഇരു സഭകളിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണം. നാഷണല്‍ എമര്‍ജന്‍സീസ് ആക്ടിലെ പ്രൊവിഷന്‍ പ്രസിഡന്റിന്റെ അധികാരത്തെ മറികടക്കുന്നതിനായി കോണ്‍ഗ്രസ് അംഗങ്ങള്‍ ഉപയോഗിക്കുന്നു. എന്നാല്‍ ഇരു സഭകളിലും വോട്ടിംഗ് 18 ദിവസത്തിനകം പൂര്‍ത്തിയാക്കണം.

This post was last modified on February 27, 2019 10:19 am