X

ഗദ്ദാഫിയുമായി ചേര്‍ന്ന് സൗദിയെ ആക്രമിക്കാന്‍ ഖത്തര്‍ ഗൂഢാലോചന നടത്തിയിരുന്നതായി ആരോപണം

ഖത്തര്‍ സൗദി അറേബ്യയേും രാജകുടുംബത്തെയും ആക്രമിക്കുന്നതുമായി ബന്ധപ്പെട്ട ഗൂഢാലോചന നടത്തിയിരുന്നുവെന്നു പുതിയ ആരോപണം. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ലിബിയയുമായി ചേര്‍ന്ന് സൗദിക്കെതിരേ ഖത്തര്‍ ഗൂഢാലോചന നടത്തിയിരുന്നെന്നാണ് ഒരു ഓഡിയോ റെക്കോര്‍ഡിനെ ആസ്പദമാക്കി ഇപ്പോള്‍ വിദേശമാധ്യമങ്ങളില്‍ അടക്കം ഈ ആരോപണവാര്‍ത്ത നിറയുന്നത്.

മുന്‍ ഖത്തര്‍ അമീര്‍ ഹമദ് ബിന്‍ ഖലിഫയും അവരുടെ മുന്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായിരുന്ന ഹമദ് ബിന്‍ ജാസിം എന്നവര്‍ ലിബിയന്‍ മുന്‍ ഭരണാധികാരി മുഅമ്മര്‍ ഗദ്ദാഫിയുമായി സൗദിക്കെതിരേ നടത്തുന്ന ടെലിഫോണ്‍ സംഭാഷണത്തിന്റെ രണ്ട് ഓഡിയോ റെക്കോര്‍ഡുകള്‍ ആണ് സൗദി ആക്ടീവിസ്റ്റുുകള്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

2003 ല്‍ നടത്തിയ ഫോണ്‍സംഭാഷണങ്ങളുടെ റെക്കോര്‍ഡ് 2014 ല്‍ ചോര്‍ന്നിരുന്നതായി പറയപ്പെടുന്നുണ്ട്. ഈ സംഭാഷണത്തില്‍ നിന്നും ഖത്തറിന്റെ രണ്ടു മുന്‍ ഭരണാധികാരികള്‍ ചേര്‍ന്ന് എങ്ങനെ സൗദിയെ അസ്ഥിരപ്പെടുത്താമെന്നും വിഭജിക്കാമെന്നും കണക്കുകൂട്ടുന്നത് വ്യക്തമാകുമെന്നാണ് സൗദി കുറ്റപ്പെടുത്തുന്നത്.

ഫോണ്‍ സംഭാഷണത്തിലൊരിടത്ത് ഖത്തര്‍ മുന്‍ പ്രധാനമന്ത്രി ജാസിം പറയുന്നത് അടുത്ത 12 വര്‍ഷത്തിലധികം സൗദി നിലനില്‍ക്കില്ലെന്നും അത് ചെറിയ പ്രദേശങ്ങളായി വിഭജിക്കപ്പെട്ടുപോകുമെന്നാണ്.

സൗദി രാജഭരണം മൂലം തങ്ങളുടെ രാജ്യത്തിന് ഒത്തിരി കഷ്ടതകള്‍ അനുഭവിക്കേണ്ടി വരുന്നതായാണു ഖത്തര്‍ മുന്‍ അമീര്‍ ഹമദ് ബിന്‍ ഖലിഫ ആരോപിക്കുന്നത്. സൗദി ഇനിയും ഇതേ രീതിയില്‍ നിലനില്‍ക്കില്ലെന്നും അത് അവസാനിക്കുമെന്നും അമീര്‍ പറയുന്നു. അമേരിക്ക ഇറാഖില്‍ വിജയിക്കുകയാണെങ്കില്‍ അവരുടെ അടുത്ത ചുവട് സൗദിയിലേക്കായിരിക്കുമെന്നും ഖത്തര്‍ അമീര്‍ മുന്നറിയിപ്പായി പറയുന്നുണ്ട്.

ഈ സംഭാഷണത്തില്‍ ജോര്‍ദാനെയും ഈജിപ്തിനെയും കുറ്റപ്പെടുത്തിയും അമീര്‍ ഖലീഫ കുറ്റപ്പെടുത്തുന്നുണ്ട്. ഇരു രാജ്യങ്ങളും സൗദിയോട് ചേര്‍ന്ന് അവരവരുടെ മഹത്വം നഷ്ടപ്പെടുത്തുകയാണെന്നാണ് അമീര്‍ പറയുന്നത്.

സൗദിയെ ആക്രമിക്കുന്നതിനുള്ള പിന്തുണയും മുസ്ലിം ബ്രദര്‍ഹുഡ് നേതാവ് സാദ് അല്‍ ഫഖിയ്ക്കുള്ള പിന്തുണയും അമീര്‍ ഈ സംഭാഷണത്തില്‍ പ്രഖ്യാപിക്കുന്നുണ്ട്. സൗദിയിലെ ആഭ്യാന്തര സംഘടനകളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ആ രാജ്യത്തെ ശിഥിലീകരിക്കണമെന്നാണ് ഖത്തര്‍ ഭരണാധികാരികള്‍ പറയുന്നത്.

This post was last modified on June 9, 2017 3:58 pm