X

പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥികളുടെ അടിവസ്ത്രം മാറ്റിയ സംഭവം; നാല് അധ്യാപകര്‍ക്കെതിരെ നടപടി

സംഭവത്തില്‍ കേസെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് മാനേജ്‌മെന്റിന്റെ നടപടി

നീറ്റ് പരീക്ഷയ്ക്കിടെ വിദ്യാര്‍ത്ഥികളുടെ അടിവസ്ത്രം മാറ്റിയെന്ന പരാതിയില്‍ നാല് അധ്യാപകര്‍ക്കെതിരെ നടപടിയെടുത്തു. കണ്ണൂര്‍ ടിസ്‌ക് സ്‌കൂളിലെ നാല് അധ്യാപകരെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. സ്‌കൂള്‍ മാനേജ്‌മെന്റാണ് ഒരുമാസത്തേക്ക് ഇവരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

സംഭവത്തില്‍ കേസെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് മാനേജ്‌മെന്റിന്റെ നടപടി. ഷീജ, ഷഫീന, ബിന്ദു, ഷാഹിന എന്നീ അധ്യാപികമാര്‍ക്കാണ് സസ്‌പെന്‍ഷന്‍. പ്രശ്‌നങ്ങള്‍ക്ക് കാരണം സിബിഎസ്ഇയുടെ ഡ്രസ് കോഡാണെന്നും പരാതികള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിക്കുമെന്നും മുഖ്യമന്ത്രി ഇന്ന് നിയമസഭയില്‍ അറിയിച്ചിരുന്നു. വിദ്യാര്‍ത്ഥികളുടെ വസ്ത്രം മാറ്റിയ നടപടി അപരിഷ്‌കൃതമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചു. ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ അംഗങ്ങള്‍ ഒറ്റക്കെട്ടായി സഭയില്‍ പ്രതിഷേധം രേഖപ്പെടുത്തിയ സംഭവമാണ് ഇത്.

ഞായറാഴ്ച നടന്ന അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്ക് മുന്നോടിയായി പോലീസും പരീക്ഷ നടത്തിയ സ്‌കൂളിലെ അധ്യാപകരും നടത്തിയ പരിശോധനയാണ് വിവാദമായത്. കുട്ടികളെ മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് ദേഹപരിശോധന നടത്തിയ ശേഷം അടിവസ്ത്രങ്ങള്‍ വരെ അഴിപ്പിച്ച് പരിശോധിച്ചെന്നും വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടു.

വസ്ത്രങ്ങളുടെ കൈ അടക്കമുള്ളവ അധികൃതര്‍ മുറിച്ചുമാറ്റുകയും ചെയ്തു. പലരും പുതിയ വസ്ത്രങ്ങള്‍ വാങ്ങി ധരിച്ച ശേഷമാണ് പരീക്ഷ എഴുതിയത്. ഞായറാഴ്ച കടകള്‍ അവധിയായിരുന്നതിനാല്‍ അടുത്ത പരിസരങ്ങളിലെ വീട്ടുകാര്‍ നല്‍കിയ വസ്ത്രങ്ങള്‍ ധരിച്ചും വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതേണ്ടി വന്നു.