X

നാലുവരിപ്പാത: തന്റെ വീട് പൊളിക്കുന്നതില്‍ നിന്ന് ഒഴിവാക്കിയതില്‍ പരാതിയുണ്ടെന്നും പരിഗണന വേണ്ടന്നും ജി സുധാകരന്‍

അഴിമുഖം പ്രതിനിധി

ആലപ്പുഴ ദേശീയപാതയ്ക്ക് അരികിലുള്ള തന്റെ വീടിന് മന്ത്രിയുടെ വീടെന്ന പരിഗണന നല്‍കി ഒഴിവാക്കേണ്ടെന്നും നാലുവരി പാതയ്ക്കായി വീടു പൊളിച്ചോളാനും പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തനിക്ക് പരിഗണന വേണ്ടന്ന് മന്ത്രി പറഞ്ഞത്. ദേശീയപാത 66 ചേര്‍ത്തല-കഴക്കൂട്ടം നാലുവരിപ്പാത കടന്നു പോകുന്നതിന്റെ സമീപം ദേശീയപാതയോട് ചേര്‍ന്ന് പറവൂരിനടുത്താണ് സുധാകരന്റെ വീട്. നിലവില്‍ സ്ഥലമെടുപ്പ് തര്‍ക്കത്തെ തുടര്‍ന്ന് നിര്‍മ്മാണ നടപടികള്‍ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. ഇടത് സര്‍ക്കാര്‍ ഭരണത്തില്‍ വന്നതിന് ശേഷം സ്ഥലമെടുപ്പിലെ അപാകതകള്‍ പരിഹരിച്ച് നാലുവരിപ്പാത നിര്‍മ്മാണം മുന്നോട്ട് കൊണ്ടുപോകാനുളള നടപടികളിലാണ്.

സ്ഥലമെടുപ്പ് തര്‍ക്കത്തെ തുടര്‍ന്ന് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ളവരുടെ യോഗത്തിലാണ് തന്റെ വീട് പൊളിക്കുന്നതില്‍ നിന്ന് ഒഴിവാക്കിയതില്‍ പരാതിയുണ്ടെന്നും തനിക്ക് പരിഗണന വേണ്ടന്നും സുധാകരന്‍ വ്യക്തമാക്കിയത്. ദേശീയ പാതയുടെ കിഴക്ക് വശത്തുള്ള മന്ത്രിയുടെ വീട് ഒഴുവാക്കി പടിഞ്ഞാറ് ഭാഗത്തുകൂടിയാണ് പുതിയ പാത നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ചത്. ഇതിനെ തുടര്‍ന്ന് പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് സുധാകരന്റെ നിര്‍ദേശം വന്നത്.

കഴിഞ്ഞ ദിവസം ദേശീയപാത അതോറിറ്റി അധികൃതര്‍ മന്ത്രിയുടെ വീട് പരിശോധന നടത്തിയപ്പോള്‍ എട്ടുമീറ്റര്‍ എടുക്കുമ്പോള്‍ സ്വീകരണ മുറി അടക്കം പൊളിക്കേണ്ടി വരുമെന്ന കാര്യം വ്യക്തമാക്കിയിട്ടുണ്ട്. പടിഞ്ഞാറ് ഭാഗത്ത് എട്ടുമീറ്റര്‍ സ്ഥലമെടുത്താല്‍ മന്ത്രിയുടെ വീട് ഒഴിവാകും. റോഡിന്റെ കിടപ്പ് അനുസരിച്ച് ഇരുവശത്ത് നിന്നും തുല്യമായി സ്ഥലമേറ്റെടുക്കാന്‍ സാധിക്കില്ല.

 

This post was last modified on December 27, 2016 2:14 pm