X

100 കോടിയുടെ കല്യാണത്തിന് 50,000-ഓളം അതിഥികള്‍

കര്‍ണാടക മുന്‍ ബിജെപി മന്ത്രിയും ഖനി വ്യവസായിയുമായ ജനാര്‍ദന റെഡ്ഡിയുടെ മകളുടെ വിവാഹത്തിന് 50,000-ഓളം അതിഥികള്‍ പങ്കെടുത്തു. 100 കോടിയ്ക്ക് മുകളില്‍ ചിലവ് ചെയ്ത് അര്‍ഭാടപൂര്‍വ്വമായ വിവാഹത്തിന് ക്ഷണിക്കപ്പെടാത്ത അതിഥികളായി ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥരും എത്തിയിരുന്നു. ചിലവഴിച്ച തുകയുടെ ഉറവിടം അന്വേഷിച്ചായിരുന്നു ഉദ്യോഗസ്ഥര്‍ എത്തിയത്. വിവരാവകാശപ്രവര്‍ത്തകനും മുതിര്‍ന്ന അഭിഭാഷകനുമായ ടി. നരസിംഹമൂര്‍ത്തിയുടെ നല്‍കിയ പരാതിയിലായിരുന്നു നടപടി.

റെഡ്ഡിയുടെ മകള്‍ ബ്രാഹ്മണിയും സ്വര്‍ണഖനിയുടമ രാജീവ് റെഡ്ഡിയും തമ്മിലുള്ള വിവാഹം മുമ്പെ തന്നെ ശ്രദ്ധ നേടിയിരുന്നു. ആര്‍ഭാട വിവാഹത്തിന് പങ്കെടുക്കരുതെന്ന് ബിജെപി നേതാകള്‍ക്ക് കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കര്‍ണാടക ബിജെപി പ്രസിഡന്റ് ബി.എസ്.യെഡിയൂരപ്പയും പ്രതിപക്ഷ നേതാവ് ജഗദീഷ് ഷെട്ടറും വിവാഹ തലേന്നെത്തിയിരുന്നു.

കൂടാതെ ബിജെപി എംപി ബി ശ്രീരാമുലുവിന്റെ നേതൃത്വത്തില്‍ അനുയായികളെ പ്രത്യേക ട്രെയിനില്‍ വിവാഹത്തിനായി ബംഗളൂരുവിലെത്തിച്ചു. വിവാഹത്തിനെത്തിയവര്‍ക്ക് പാരിതോഷികമായി തുളസി, ചന്ദനമരത്തൈകളും മധുരപലഹാരങ്ങളും ഉപഹാരമായി നല്‍കി. രാഷ്ട്രീയ പ്രമുഖരും സിനിമാ താരങ്ങളുമടക്കം 50,000-ഓളം അതിഥികളായിരുന്നു വിവാഹത്തിന് പങ്കെടുത്തത്.

ബംഗളൂരു പാലസ് ഗ്രൗണ്ടിലായിരുന്നു വിവാഹച്ചടങ്ങുകളുടെ വേദി. സിനിമാ കലാസംവിധായകരായിരുന്നു വിവാഹവേദി തയ്യാറാക്കിയത്. 35 ഏക്കറില്‍ വിജയനഗര സമ്രാജ്യത്തിന്റെയും കൊട്ടാരത്തിന്റെയും മാതൃകയാണ് വിവാഹ വേദി.

കൂടുതല്‍ വായനയ്ക്ക്-https://goo.gl/ALR9zn

This post was last modified on November 17, 2016 10:39 am