X

നോട്ട് നിരോധനം അംബാനിക്കും അദാനിക്കും അറിയാമായിരുന്നെന്ന് ബിജെപി എംഎല്‍എ

അഴിമുഖം പ്രതിനിധി 

നോട്ട് നിരോധനത്തെ കുറിച്ച് അംബാനിക്കും അദാനിക്കുമൊക്കെ നേരത്തെ അറിയാമായിരുന്നുവെന്ന് രാജസ്ഥാനിലെ ബിജെപി എംഎല്‍എ. 500, 1000 രൂപ നോട്ടുകള്‍ നിരോധിക്കുമെന്ന് ഇവര്‍ക്കൊക്കെ നേരത്തെ തന്നെ സൂചനകള്‍ ലഭിച്ചിരുന്നുവെന്നും അതനുസരിച്ച് ഇവര്‍ അറേഞ്ച്മെന്റുകള്‍ നടത്തിയെന്നുമാണ് കോട്ട ജില്ലയിലെ ലാട്പുരയില്‍ നിന്നുള്ള എംഎല്‍എ ഭവാനിസിംഗ് രജാവത് പറയുന്നത്. ഇങ്ങനെ പറയുന്നതിന്റെ വീഡിയോയും പ്രചരിച്ചതോടെ താന്‍ പറഞ്ഞത് വളച്ചൊടിച്ചതാണെന്നും ‘ഓഫ്-റിക്കോര്‍ഡ്’ ആയി മാധ്യമങ്ങളോട് പറഞ്ഞത് അവര്‍ പുറത്തുവിടുകയായിരുന്നുവെന്നും രജാവത് പ്രതികരിച്ചു. 

 

വീഡിയോയില്‍ കാണുന്ന കാര്യങ്ങള്‍ ഒന്നും താന്‍ പറഞ്ഞതല്ല എന്നാണ് രജാവത് ഇപ്പോള്‍ പറയുന്നത്. എന്നാല്‍ പുതിയ നോട്ടിന്റെ ഗുണനിലവരം വളരെ മോശമാണെന്ന കാര്യങ്ങളും രജാവത് പറയുന്നത് വീഡിയോയില്‍ ഉണ്ട്. ‘മൂന്നാംകിട നോട്ടാണ് പുതിയതായി ഇറക്കിയിരിക്കുന്നത്. കണ്ടാല്‍ കള്ളനോട്ടാണെന്നേ തോന്നൂ’ എന്നാണ് രജാവത് പറയുന്നത്. 

 

 

നോട്ട് പിന്‍വലിച്ച രീതിയെ രജാവത് രൂക്ഷമായി വിമര്‍ശിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. ‘ആദ്യം ചെയ്യേണ്ടിയിരുന്നത് ആവശ്യമായ പുതിയ നോട്ടുകള്‍ അച്ചടിക്കുകയായിരുന്നു. എന്നാല്‍ ഇത് പെട്രോള്‍ വിലയില്‍ മാറ്റം വരുത്തുന്നത് പോലെ 500, 1000-തിന്നും രാത്രി മുതല്‍ വിലയില്ല എന്നു പ്രഖ്യാപിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറയുന്നുണ്ട്. നേരത്തെ ഗുജറാത്തില്‍ നിന്നുള്ള ബിജെപി എംഎല്‍എമാരും കേന്ദ്ര സര്‍ക്കാര്‍ നടപടിയോട് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.  

 

 

This post was last modified on December 27, 2016 4:48 pm