X

ശ്രീലങ്കയില്‍ തമിഴ് ഉദ്യോഗസ്ഥന് വധഭീഷണിയുമായി ബുദ്ധ സന്യാസി

അഴിമുഖം പ്രതിനിധി

ശ്രീലങ്കന്‍ തമിഴ് വംശജനായ വില്ലേജ് ഓഫീസര്‍ക്ക് നേരെ വധഭീഷണിയുമായി ബുദ്ധ സന്യാസി. കിഴക്കന്‍ ശ്രീലങ്കയിലെ തമിഴ് ഭൂരിപക്ഷ ജില്ലയായ ബാട്ടിക്കലോവയിലാണ് സംഭവം. ഇതിന്‌റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. തമിഴ് – സിംഹള സംഘര്‍ഷത്തിന് താരതമ്യേന അയവ് വന്നിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരം സംഭവങ്ങള്‍ ആശങ്കാജനകമാണെന്ന് പൗരാവകാശ സംഘടനകള്‍ വിലയിരുത്തുന്നു. അംബിതിയ സുമനരത്‌ന എന്ന ബുദ്ധ സന്യാസിയാണ് സിംഹളയില്‍ തമിഴ് ഉദ്യോഗസ്ഥനെ അധിക്ഷേപിക്കുന്നത്. നിങ്ങളെല്ലാം പുലികളാണ് എന്ന് എല്‍ടിടിഇയെ ഉദ്ദേശിച്ച് സുമനരത്‌ന ആക്രോശിക്കുന്നു.

കിഴക്കന്‍ തീര പ്രദേശ ജില്ലയായ ബാട്ടിക്കലോവയില്‍ ന്യൂനപക്ഷമാണ് സിംഹളര്‍. സിംഹളര്‍ ഭൂമി കയ്യേറിയതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടപെട്ട വില്ലേജ് ഓഫീസറാണ് ഭീഷണിക്ക് ഇരയായതെന്ന് തമിഴ് പത്രമായ വീരകേസരി റിപ്പോര്‍ട്ട് ചെയ്യുന്നു. തമിഴ് ഉദ്യോഗസ്ഥര്‍ ഒന്നും മിണ്ടാതെ നില്‍ക്കുന്നതായാണ് വീഡിയോയില്‍ കാണുന്നത്. പൊലീസ് ഉദ്യോഗസ്ഥനും നോക്കി നില്‍ക്കുകയാണ്. വംശീയ പ്രശ്‌നം പരിഹരിക്കാനുള്ള പുനരൈക്യ പ്രവര്‍ത്തനങ്ങളെ തകര്‍ക്കുന്ന ഇത്തരം ശ്രമങ്ങള്‍ വച്ചു പൊറുപ്പിക്കില്ലെന്ന് ഗവണ്‍മെന്‌റ് വൃത്തങ്ങള്‍ വ്യക്തമാക്കി.


This post was last modified on December 27, 2016 4:52 pm