X

വീണ്ടും ഗോ രക്ഷകരുടെ ക്രൂരത; കറവ പശുക്കളുമായി പോയവരെ ട്രെയിന്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചു

ലോക്കോ പൈലറ്റിനും അക്രമി സംഘത്തിന്റെ മര്‍ദ്ദനം

സ്വയം പ്രഖ്യാപിത ഗോ രക്ഷകര്‍ നിയമം കൈയിലെടുത്ത് ശിക്ഷ നടപ്പാക്കുന്നതിന്റെ പുതിയൊരു വാര്‍ത്ത കൂടി. ഭുവനേശ്വര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നുമാണ് മര്‍ദ്ദന വാര്‍ത്ത വന്നിരിക്കുന്നത്.

കൊച്ചുവേളി-ഗുവാഹത്തി എക്‌സ്പ്രസ് ഭുവനേശ്വര്‍ സ്റ്റേഷനില്‍ എത്തിയപ്പോഴായിരുന്നു ഗോ രക്ഷക് സംഘം പരിശോധനയ്ക്ക് എത്തിയത്. ട്രെയിനില്‍ കന്നുകാലി കടത്തല്‍ നടത്തുന്നുണ്ടെന്ന വിവരം കിട്ടിയാണ് തങ്ങള്‍ വന്നതെന്നായിരുന്നു ഇവരുടെ അവകാശവാദം. ട്രെയിനിലെ പാഴ്‌സല്‍ കമ്പാര്‍ട്ട്‌മെന്റില്‍ നിന്നും 20പശുക്കളെ ഇവര്‍ കണ്ടെത്തുകയും ചെയ്തു. എന്നാല്‍ ഈ പശുക്കളെ അധികൃതരുടെ അനുമതിയോടെ നിയമപരമായി തന്നെ ഡയറി ഫമിലേക്കു കൊണ്ടുപോകുന്നതായിരുന്നു. ഇതുമായി ബന്ധപ്പെട്ട രേഖകളും പശുക്കളുമായി പോയവരുടെ കൈവശം ഉണ്ടായിരുന്നു. തമിഴ്‌നാട്ടിലെ സേലത്തുള്ള ഫാമില്‍ നിന്നും മേഘാലയായിലെ ഡയറിഫാമിലേക്കു കൊണ്ടുപോകുന്ന കറവപശുക്കളായിരുന്നു ഇവ. പക്ഷേ ഈ വിശദീകരണങ്ങളൊന്നും കേള്‍ക്കാതെ പശുക്കളുമായി പോയ ഡയറിഫാമിലെ രണ്ടുജീവനക്കാരെ ക്രൂരമായ മര്‍ദ്ദനത്തിനു വിധേയരാക്കുകയായിരുന്നു ഗോ രക്ഷകര്‍. ഇവര്‍ ട്രെയിനിന്റെ ലോക്കോ പൈലറ്റിനെയും സഹായിയേയും മര്‍ദ്ദിച്ചതായും പരാതിയുണ്ട്. കാലിക്കടത്തിനു സഹായം ചെയ്‌തെന്നാരോപിച്ചായിരുന്നു ലോക്കോ പൈലറ്റിനു മര്‍ദ്ദനം.

ബുധനാഴ്ച രാത്രിയോടെയാണു ട്രെയിന്‍ ഭുവനേശ്വര്‍ സ്‌റ്റേഷനില്‍ എത്തിയത്. ഈ സമയം 25 ഓളം ആളുകള്‍ ട്രെയിനിലേക്കു അതിക്രമിച്ചു കയറി. ഇവര്‍ ബജറംഗ്ദള്ളിന്റെ ഭാഗമായുള്ള ഗോ സംരക്ഷണ സംഘത്തിലുള്ളവരാണെന്നാണു പറയുന്നത്. ഒന്നും ചോദിക്കാതെ തന്നെ അവര്‍ എന്നെ മര്‍ദ്ദിക്കുകയായിരുന്നു. ഒരു യാത്രക്കാരനെയും രണ്ടു റെയില്‍വേ ഉദ്യോഗസ്ഥരെയും അവര്‍ മര്‍ദ്ദിച്ചു. എല്ലാ പശുക്കളെയും അവര്‍ ട്രെയിനില്‍ നിന്നും ഇറക്കുകയും ചെയ്തു; ക്രൂരമായ മര്‍ദ്ദനമേറ്റ ഉമേഷ് സിംഗ് മാധ്യമങ്ങളോടു പറഞ്ഞു.

ട്രെയിനില്‍ നിന്നും ഇറക്കിയ പശുക്കളെ പിന്നീട് ഗോ രക്ഷക് സംഘം നഗരത്തിലെ ഒരു കന്നുകാലി സംരക്ഷണ കേന്ദ്രത്തിലേക്കു കൊണ്ടുപോയി.

അതേസമയം രണ്ടു ഡയറി ഫാം ജീവനക്കാരെയും ക്രൂരമായി മര്‍ദ്ദിക്കുകയും ബന്ധിക്കുകയും ചെയ്തിട്ടും റെയില്‍വേ സ്റ്റേഷനിലെ സുരക്ഷ ഉദ്യോഗസ്ഥര്‍ പോലും ഇരകളുടെ സഹായത്തിന് എത്തിയില്ല എന്ന് ആക്ഷേപമുണ്ട്. സ്‌റ്റേഷനിലെത്തിയ പ്രദേശിക ചാനലുകള്‍ക്ക് ഗോ സംരക്ഷക സംഘമാകം തങ്ങള്‍ ചെയ്ത നല്ല കാര്യത്തെ വിശദീകരിച്ച് അഭിമുഖവും നല്‍കി.

എന്നാല്‍ ഈ സംഭവം നടക്കുന്ന സമയത്ത് നാലോ അഞ്ചോ സുരക്ഷ ഉദ്യോഗസ്ഥരെ സ്‌റ്റേഷനില്‍ ഉണ്ടായിരുന്നുള്ളെന്നും അവരെ കൊണ്ട് അക്രമാസക്തരായ ജനക്കൂട്ടത്തെ തടയാന്‍ കഴിയുമായിരുന്നില്ലെന്നുമാണ് റയില്‍വേ പൊലീസ് ഇന്‍സ്‌പെക്ടര്‍ പറയുന്നത്. ഗോ സംരക്ഷക സംഘം രണ്ടു മണിക്കൂറോളം ട്രെയിന്‍ തടഞ്ഞിട്ടെന്നും അവര്‍ ആക്രമിച്ച രണ്ടുപേരെയും ആര്‍പിഎഫ് തന്നെയാണു രക്ഷപ്പെടുത്തിയതെന്നും ഇന്‍സ്‌പെക്ടര്‍ വിശദീകരിച്ചു.

ഇത് അനധികൃത കാലിക്കടത്തല്ലായിരുന്നു എന്നു മേഘാലയ സര്‍ക്കാര്‍ തന്നെ വ്യക്തമാക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സര്‍ക്കാര്‍ ഉത്തരവോടു കൂടി തന്നെയാണു പശുക്കളെ കൊണ്ടുവന്നത്. ക്ഷീരകര്‍ഷകരെ സഹായിക്കാനായി സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ തുടങ്ങിയ ഡയറിഫാമിലേക്ക് ഈ ടെന്‍ഡര്‍ വഴി ഓര്‍ഡര്‍ നല്‍കി തമിഴ്‌നാട്ടില്‍ നിന്നും കൊണ്ടുവന്ന പശുക്കളായിരുന്നു അവയെന്നു മേഘാലയ ആനിമല്‍ ഹസ്ബന്‍ഡറി ആന്‍ഡ് വെറ്റിനറി ഡയറക്ടര്‍ ഡോ. ബി റിജാല്‍ മാധ്യമങ്ങളോടു പറഞ്ഞു. ഗോ രക്ഷക് സംഘത്തിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നു പൊലീസ് പറയുന്നുണ്ടെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

This post was last modified on May 27, 2017 10:17 am