X

സ്വവര്‍ഗ രതി കുറ്റകരമല്ലെന്ന് ആര്‍ എസ് എസ് നേതാവ്

അഴിമുഖം പ്രതിനിധി

സ്വവര്‍ഗരതി കുറ്റകരമല്ലാതാക്കുന്നതിനെ പിന്തുണച്ച് ആര്‍ എസ് എസ്. ലൈംഗിക താല്‍പര്യങ്ങള്‍ വ്യക്തിപരമാണെന്ന് ആര്‍ എസ് എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹോസബല്‍ അഭിപ്രായപ്പെട്ടു. അതില്‍ ആര്‍ എസ് എസിന് ഒന്നും ചെയ്യാനില്ല.

ഐപിസിയിലെ 377-ാം വകുപ്പു പ്രകാരം സ്വവര്‍ഗരതി കുറ്റകരമാണോയെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ മറ്റുള്ളവരെ ബാധിക്കാത്തതിനാല്‍ സ്വവര്‍ഗ രതിയെ കുറ്റകൃത്യമായി കണക്കാകാന്‍ ആകില്ലെന്നാണ് തന്റെ അഭിപ്രായമെന്ന് അദ്ദേഹം പറഞ്ഞു.

ലൈംഗിക താല്‍പര്യങ്ങള്‍ സ്വകാര്യവും വ്യക്തിപരവുമാണ്. ആര്‍ എസ് എസ് എന്തിന് തങ്ങളുടെ അഭിപ്രായം ഒരു പൊതു ഇടത്തില്‍ എന്തിന് പറയണമെന്നും അദ്ദേഹം ചോദിച്ചു. ആര്‍ എസ് എസിന് അതില്‍ അഭിപ്രായമൊന്നുമില്ല. ലൈംഗികതയെ കുറിച്ചുള്ള വ്യക്തിപരമായ താല്‍പര്യങ്ങള്‍ ആര്‍ എസ് എസില്‍ ചര്‍ച്ച ചെയ്യേണ്ടതില്ല. അത് ഞങ്ങള്‍ക്ക് ചര്‍ച്ച ചെയ്യേണ്ട കാര്യം പോലുമില്ല, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വവര്‍ഗ രതിയെ കുറ്റകരമല്ലാതാക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ ലോകസഭയില്‍ അവതരിപ്പിച്ച സ്വകാര്യ ബില്‍ പരാജയപ്പെട്ടിരുന്നു. ഐപിസിയുടെ 377-ാം വകുപ്പ് പ്രകാരം സ്വവര്‍ഗ രതി പ്രകൃതിവിരുദ്ധവും പരമാവധി 10 വര്‍ഷം ജയില്‍ ശിക്ഷ ലഭിക്കാവുന്നതുമായ കുറ്റകൃത്യമാണ്. എങ്കിലും സ്വവര്‍ഗ രതി കുറ്റകരമല്ലാതാക്കണമെന്ന ആവശ്യം രാജ്യത്ത് ശക്തമാണ്.

This post was last modified on December 27, 2016 3:55 pm