X

സെല്‍ഫി കാലത്തും ഗിരീഷ് സാറിന്റെ മൊബൈല്‍ കാമറ കാണുന്ന ജീവിത ചിത്രങ്ങള്‍

വി ഉണ്ണികൃഷ്ണന്‍

ക്യാമറാ മൊബൈല്‍ കേരളത്തിലെത്തിയ കാലം. മലപ്പുറം നിലമ്പൂര്‍  കാളികാവ് ബസാര്‍ യു.പി സ്കൂള്‍ അധ്യാപകനായ ഗിരീഷ്‌ മാരങ്ങേലത്തിന്  സുഹൃത്ത് സുബ്ഹാന്‍ മാഷിന്റെ കോള്‍. ‘ഒരു ഗള്‍ഫ് ഫോണ്‍ കിട്ടിയിട്ടുണ്ട്, എനിക്ക് ഉപയോഗിക്കാന്‍ അറിയില്ല. വാങ്ങാന്‍ താത്പര്യമുണ്ടോ’ ഫോട്ടോഗ്രഫിയെ വല്ലാതെ ഇഷ്ടപ്പെട്ടിരുന്ന ഗിരീഷിന് ആ വാക്കുകള്‍ കാതില്‍ കുളിര്‍മഴയായി വീണു എന്നൊക്കെ വേണമെങ്കില്‍ പറയാം.

1.3 മെഗാപിക്സല്‍ ക്യാമറയുള്ള നോക്കിയ 6630 എന്ന ഫോണ്‍ ആയിരുന്നു അത്, വില 11000. രണ്ടും കല്‍പ്പിച്ച് ഗിരീഷ്‌ മാഷ് ആ ഫോണ്‍ വാങ്ങി.

ഒരു ക്ലിക്ക്, രണ്ടു ക്ലിക്ക്, മൂന്നു ക്ലിക്ക് 
പിന്നെ ചറപറാ ക്ലിക്കുകള്‍. 

കാളികാവ്‌ അരിമണല്‍ സ്വദേശിയാണ് ഗിരീഷ്‌. 2007ല്‍ ആ ഫോണില്‍ തുടങ്ങിയ മൊബൈല്‍ ഫോണ്‍ ഫോട്ടോഗ്രഫി പ്രേമം ഇപ്പോള്‍ എവിടെയെത്തി എന്നറിയണമെങ്കില്‍ ഗൂഗിളില്‍ ഗിരീഷ്‌ മാരങ്ങേലത്ത് എന്ന് സേര്‍ച്ച്‌ ചെയ്‌താല്‍ മതി. ‘ഗിരീഷ്‌ മാരങ്ങേലത്തിന്റെ മൊബൈല്‍ ഫോണ്‍ ഫോട്ടോഗ്രഫി പ്രദര്‍ശനം ലിംകബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സില്‍’ എന്നതാവും ആദ്യത്തെ ലിങ്ക്. എത്ര എക്സിബിഷന്‍ നടത്തി എന്നു കൂടി പറയാം. 111 തവണയാണ് ഈ അദ്ധ്യാപകന്‍ തന്റെ ചിത്രങ്ങളുമായി കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ എത്തിയത്.

മൊബൈല്‍ഫോണില്‍ സിനിമ എടുക്കുന്ന കാലഘട്ടത്തില്‍ ഈ ഫോട്ടോയ്ക്ക് എന്തു പുതുമ എന്നു ചിന്തിക്കുന്നവര്‍ ഉണ്ടാവാം. അവിടെയാണ് ഗിരീഷ് വ്യത്യസ്തനാകുന്നത്. ഇന്നുള്ളതുപോലെ മരണക്കിടക്കയില്‍  നിന്നുള്ള സെല്‍ഫി ചിത്രങ്ങള്‍ അല്ല ഗിരീഷിന്റെത്. ഓരോന്നും കാഴ്ചക്കാരനോടു സംസാരിക്കും. കൂടാതെ മലയാളം അധ്യാപകനായ ഗിരീഷ്‌ തനെടുക്കുന്ന ഓരോ ചിത്രത്തിനും ഓരോ അടിക്കുറിപ്പ് നല്‍കും. അതും കൂടിയാവുമ്പോ കോമ്പിനേഷന്‍ മാരകമാകും.

ഒരുദാഹരണം പറയാം, ഗിരീഷിന്റെ ചിത്രങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളെജിനു സമീപത്തു നിന്നെടുത്ത ഒരു ചിത്രം. മഴപെയ്തപ്പോള്‍ അഴുക്കും ചെളിയും നിറഞ്ഞ് കറുത്ത റോഡിനു സമീപമിരുന്നു ഭക്ഷണം വില്‍ക്കുന്ന സ്ത്രീകള്‍ ഗിരീഷിന്റെ കണ്ണില്‍പ്പെട്ടു. ആ സമയത്തു തന്നെയാണ് കോര്‍പ്പറേഷന്‍ വാഹനം ചവറെടുക്കാനായി സ്ഥലത്തെത്തിയത്. എല്ലാം ഒരു ഫ്രെയിമില്‍. ഫോണ്‍ തലതിരിച്ചു പിടിച്ചു. ഒരൊറ്റ ക്ലിക്ക്.

ഫോട്ടോ റെഡി, അടിക്കുറിപ്പും

‘ചോറേത്, ചവറേത്’

ഈ ചിത്രം കേരള ലളിത കലാ അക്കാദമി സംസ്ഥാന ഫോട്ടോ എക്സിബിഷനിലേക്ക് തെരഞ്ഞെടുത്തിരുന്നു. കൂടാതെ മിഠായിത്തെരുവിലെ സ്ഫോടനാവശിഷ്ടങ്ങളുടെ ചിത്രം, നിലമ്പൂര്‍ നെടുങ്കയം മാഞ്ചീരി കോളനിയിലെ ചോലനായ്ക്കര്‍ ഗുഹാവാസികളുടെ ചിത്രം എന്നിങ്ങനെ ഗിരീഷിന്റെ മികവു വെളിവാക്കുന്ന ഉദാഹരണങ്ങള്‍ ഏറെ. 

111മത്തെ എക്സിബിഷനായി ഗിരീഷ്‌ ഒരുക്കിയത് 185ല്‍ അധികം ചിത്രങ്ങള്‍ ആയിരുന്നു. ഓരോന്നും വ്യത്യസ്തത പുലര്‍ത്തുന്നവ.

നോക്കിയയുടെ 6630 എന്ന മോഡല്‍ ഫോണില്‍ തുടങ്ങിയ ഫോട്ടോഗ്രഫി പ്രേമം ഇന്ന് എത്തിനില്‍ക്കുന്നത് സാംസംഗ് ഗാലക്സി എസ് ഫോര്‍ സൂം എന്ന ഫോണിലാണ്. സോണി എറിക്സണ്‍ വിവാസ്, നോക്കിയ 808 പ്യൂര്‍ വ്യൂ എന്നിങ്ങനെ പലതു കടന്നാണ് ഇപ്പോള്‍ എക്സ്ട്രാ സൂമിംഗ് കപ്പാസിറ്റിയുള്ള എസ് ഫോര്‍ സൂമില്‍ എത്തി നില്‍ക്കുന്നത്. 

ഡിഎസ്എല്‍ആര്‍ ക്യാമറയുമായി ചെറിയ കുട്ടികള്‍  വരെ ചുറ്റിത്തിരിയുന്ന കാലത്ത് മൊബൈല്‍ഫോണ്‍ ഫോട്ടോഗ്രഫിയ്ക്കു പിന്നാലെ പോകാന്‍ കാരണം എന്താണെന്നു ഗിരീഷ്‌ പറയും.

‘മൊബൈല്‍ഫോണ്‍ ഇന്നത്തെകാലത്ത് നമ്മുടെ സന്തതസഹചാരിയാണ്. ഊണിലും ഉറക്കത്തിലും അത് നമ്മുടെ കൂടെത്തന്നെയുണ്ടാവും. യാത്രകളില്‍ പലപ്പോഴും നിമിഷങ്ങള്‍ കൊണ്ട് നമുക്ക് മൊബൈലില്‍ ഫോട്ടോ എടുക്കാന്‍ സാധിക്കും, എന്നാല്‍ ഡിഎസ്എല്‍ആര്‍ ക്യാമറ അങ്ങനെയല്ല. അതിന്റെ സെറ്റിംഗ്സ് ശരിയാക്കണം. മൊബൈല്‍ ആണെങ്കില്‍ പുറത്തെടുക്കുക, ക്ലിക്ക് ചെയ്യുക. ഫ്രെയിം സെറ്റ് ചെയ്യുക എന്നത് ഇവിടെ എളുപ്പമാണ്. യാത്ര പോകുമ്പോള്‍ ഒരു ഫ്രെയിം മനസ്സില്‍ വരുമ്പോള്‍ അവിടെ വണ്ടി സൈഡാക്കും. ക്ലിക്ക് ചെയ്തിട്ടേ ഉള്ളൂ പിന്നത്തെക്കാര്യം’

മൊബൈല്‍ ഫോണ്‍ ഫോട്ടോഗ്രഫി എക്സിബിഷന്‍ നടത്താനുള്ള ഐഡിയ ഉയര്‍ന്നതേക്കുറിച്ചും ഗിരീഷ്‌ ഓര്‍ക്കുന്നു.

‘സുഹൃത്തായ ഡോക്ടര്‍ ലത്തീഫ് പടിയത്തിനെ കണ്ടിട്ടു മടങ്ങുന്ന വഴിയില്‍ മറിഞ്ഞു കിടന്ന ഒരു തെങ്ങാണ് ആദ്യത്തെ ഫ്രെയിം, ജെസിബി കൊണ്ടു മറിച്ചിട്ട തെങ്ങായിരുന്നു. എല്ലാം ഫ്രെയിമില്‍ കിട്ടി. കൂടെ ശിഹാബ് പറാട്ടി എന്ന മറ്റൊരു സുഹൃത്തും ഉണ്ടായിരുന്നു. അയാളോട് ഇക്കാര്യം ചര്‍ച്ച ചെയ്തു. മറ്റാരും ഇത്തരമൊരു എക്സിബിഷന്‍ നടത്തിയിട്ടില്ല എന്ന് അവനും ഉറപ്പിച്ചു പറഞ്ഞു’-ഗിരീഷ്‌ പറയുന്നു.

പരിസ്ഥിതി, സാമൂഹ്യവിമര്‍ശനം, ജീവിതത്തിലെ നിമിഷങ്ങള്‍, കുട്ടികളുടെ ലോകം, ജീവിതത്തിലെ നിമിഷങ്ങള്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളായാണ് ഗിരീഷ്‌ ചിത്രങ്ങള്‍ എടുത്തിട്ടുള്ളത്, കൂടുതലും സാമൂഹ്യ വിമര്‍ശനം എന്ന കാറ്റഗറിയിലാണ്.

കാളികാവിലെ ഇന്‍സ്പെക്ഷന്‍ ബംഗ്ലാവില്‍ 2007 ജൂണ്‍ ഒന്നിനാണ് ഗിരീഷ്‌ തന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചത്. രണ്ടാമത്തേത് ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറി കോഴിക്കോടു വച്ചും. മലപ്പുറം ആര്‍ട്ട് ഗാലറിയില്‍ മൂന്നാമത്തെ എക്സിബിഷന്‍ നടക്കുന്ന സമയമാണ് കേരളത്തിന്റെ പലഭാഗങ്ങളില്‍ നിന്നും ഗിരീഷിനു വിളി വരുന്നത്. വ്യത്യസ്തമായ ഈ പ്രദര്‍ശനം തങ്ങളുടെ നാട്ടിലും നടത്തണം എന്നാവശ്യപ്പെട്ടുകൊണ്ട് പലരും വിളിച്ചു.സ്കൂളുകള്‍, കോളേജുകള്‍, ക്ലബ്ബുകള്‍, സംഘടനകള്‍ എന്നിവര്‍ ഇപ്പോഴും ഗിരീഷിനെ സമീപിക്കുന്നുണ്ട്.

പ്രദര്‍ശനങ്ങളുടെ എണ്ണം 100ല്‍ എത്തിയപ്പോള്‍ കഴിഞ്ഞ ഏപ്രില്‍ മാസം തിരുവനന്തപുരത്തു വച്ച്  ഉത്ഘാടകനായത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആയിരുന്നു.111മത്തേത് പാണ്ടിക്കാട് മലപ്പുറം മരാട്ടപ്പടിയില്‍ വച്ചായിരുന്നു.

ഇന്ത്യയുടെ പല ഭാഗങ്ങളിലും ഗിരീഷ്‌  തന്റെ മൊബൈല്‍ ഫോണുകളുമായി ബുള്ളറ്റില്‍  യാത്ര ചെയ്തിട്ടുണ്ട്.ഫോട്ടോഗ്രഫി പഠിച്ചിട്ടില്ലാത്ത ഗിരീഷ്‌ പകര്‍ത്തിയ ചിത്രങ്ങള്‍ കണ്ട് പല പ്രൊഫഷനല്‍ ഫോട്ടോഗ്രാഫര്‍മാരുടെയും കണ്ണുതള്ളിയിട്ടുമുണ്ട്.

അടുത്തിടെ അല്‍പ്പം കടന്ന കൈയ്യാണെങ്കിലും മറ്റൊരു മേഖലയില്‍ കൂടി ഗിരീഷ്‌ കൈവച്ചു, വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫി. കേരളത്തിനകത്തും പുറത്തുമുള്ള കാടുകളില്‍ നിന്ന്‌ പകര്‍ത്തിയ ശലഭങ്ങള്‍, പക്ഷികള്‍, മൃഗങ്ങള്‍ എന്നിവയുടെ ചിത്രങ്ങളുമായി എക്സിബിഷനും നടത്തി.

വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫി വലിയൊരു വെല്ലുവിളിയായിരുന്നു എന്ന് ഗിരീഷ്‌ പറയുന്നു.

‘ വലിയ ലെന്‍സുകളുമായി വളരെ ദൂരെയിരുന്ന് ഫോട്ടോഗ്രാഫര്‍മാര്‍  പകര്‍ത്തുന്ന ചിത്രങ്ങള്‍ മൊബൈലില്‍ എടുക്കാന്‍ കടമ്പകള്‍ ഏറെയായിരുന്നു. ഫ്രെയിമിലാക്കേണ്ട വസ്തുവിന്റെ അടുത്തു പോയാലെ ക്ലിക്ക് ചെയ്യാനാകൂ എന്നതായിരുന്നു ഏറ്റവും പ്രയാസകരമായത്’-ഗിരീഷ്‌ വിവരിക്കുന്നു.

മൊബൈല്‍ ഫോണ്‍ ക്യാമറയുടെ പരിമിതികളെ മറികടന്നാണ്‌ ഗിരീഷ്‌ കാട്ടിലെ ദൃശ്യങ്ങള്‍ ഒപ്പിയെടുത്തിരിക്കുന്നത്. വെല്ലുവിളികളെ സര്‍ഗാത്മകമായി നേരിടുന്ന ചിത്രങ്ങള്‍ കണ്ണിനു മിഴിവേകുന്നതോടൊപ്പം ചിന്തിപ്പിക്കുകയും ചെയ്യുന്നു.

ഗിരീഷിന്റെ ഫോട്ടോഗ്രാഫിക് സെന്‍സ് കണ്ടെത്തിയ പല ഫോട്ടോഗ്രാഫര്‍ സുഹൃത്തുക്കളും മൊബൈല്‍ഫോണ്‍ വിട്ട് ഡിഎസ്എല്‍ആര്‍ ക്യാമറയിലേക്ക് മാറാന്‍ ഉപദേശിച്ചു. ആദ്യം വാങ്ങിയത് നിക്കോണ്‍ ഡി40യും പിന്നീട് കാനോണ്‍ സെവന്‍-ഡി വാങ്ങി. ക്യാമറയിലെടുത്ത  40 ചിത്രങ്ങളുമായി മറ്റൊരു എക്സിബിഷന്‍ നടത്തുകയും ചെയ്തു.ക്യാമറ ഇടയ്ക്കൊക്കെ ഉപയോഗിക്കുമെങ്കിലും പ്രിയം ഇപ്പോഴും മൊബൈല്‍ തന്നെ. സ്റ്റുഡിയോ നടത്തുന്ന സുഹൃത്തുക്കളാണ് ഗിരീഷിന്റെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുക.

ഗിരീഷിന്റെ ഓരോ ചിത്രവും ഓരോ അനുഭവമാണ്‌. നമുക്കു ചുറ്റുമുള്ള ജീവിതങ്ങളുടെ പച്ചയായ പകര്‍ത്തല്‍. അതുകൊണ്ടു തന്നെ ബുദ്ധിജീവികള്‍ക്കും സാധാരണക്കാരനും ഒരുപോലെ ഈ ചിത്രങ്ങള്‍ ആസ്വദിക്കാനാവുന്നു.

ഇതൊക്കെ അറിഞ്ഞു കഴിയുമ്പോള്‍ ഒരാളെങ്കിലും സംശയിച്ചേക്കാം ഇയാള്‍ അധ്യാപകനല്ലേ, ആ പണിക്കു പോവാറില്ലേ എന്ന്.

അതിനുള്ള മറുപടിയാണ്‌ ഇത്.

2007ല്‍ എയര്‍ ഇന്ത്യയുടെ അധ്യാപകപ്രതിഭാ പുരസ്കാരവും 2015ല്‍ ഗ്ലോബല്‍ ടീച്ചര്‍ റോള്‍ മോഡല്‍ അവാര്‍ഡും ഗിരീഷിനെത്തേടിയെത്തിയിട്ടുണ്ട്. കൂടാതെ കാഴ്ച ദ്വൈമാസികയുടെ എഡിറ്റര്‍, കവി, സമൂഹ്യപ്രവര്‍ത്തകന്‍ എന്നീ നിലയിലും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. രണ്ട്പേര്‍ക്കും ലീവില്ല, ഹോ എന്നീ പുസ്തകങ്ങളും ഗിരീഷിന്റെതായുണ്ട്.  

(അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍ ആണ് ഉണ്ണികൃഷ്ണന്‍)

 

This post was last modified on April 17, 2016 8:48 pm

Related Post
Leave a Comment