X

സര്‍ക്കാര്‍ ജീവനക്കാരുടെ മേലുള്ള സെന്‍സര്‍ഷിപ്പ് സാംസ്‌കാരിക ഫാസിസം; വി എസ് അച്യുതാനന്ദന്‍

അഴിമുഖം പ്രതിനിധി

സര്‍ക്കാര്‍ ജീവനക്കാരുടെ കലാ-സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണവും സെന്‍സര്‍ഷിപ്പും ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടി സാംസ്‌കാരിക ഫാസിസമാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. ഈ ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്നും അല്ലാത്തപക്ഷം ജനാധിപത്യവിശ്വാസികളെ മുഴുവന്‍ യോജിപ്പിച്ചുകൊണ്ട് വലിയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്നും വി എസ് പറഞ്ഞു.

കലാ-സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ തീരുമാനം അടിയന്തിരാവസ്ഥയുടെ പ്രേതം ഉമ്മന്‍ചാണ്ടിയെ ആവേശിച്ചിരിക്കുന്നതുകൊണ്ടാണോ, അതോ, ആര്‍എസ്എസ്-സംഘപരിവാര്‍ ചങ്ങാത്തത്തിന്റെ ഫലമായാണോയെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കണം. രണ്ടില്‍ ഏതായാലും, ഇത് പുരോഗമന-ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്ക് ഒരിക്കലും അംഗീകരിക്കാനാവില്ല. ഇതുവഴി ഉമ്മന്‍ചാണ്ടി സാംസ്‌കാരിക ഫാസിസത്തിന്റെ ആള്‍രൂപമായ സംഘപരിവാറിന്റെ അനുചരനാണെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ്.

ഈ ഉത്തരവു വഴി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മലയാള ഭാഷയെയും സംസ്‌കാരത്തിന്റെയും തന്നെ അന്തകരായി മാറുകയാണ്. എഴുത്തുകാരും കലാകാരന്മാരും ഭാഷാസ്‌നേഹികളുമൊക്കെ ഭാഷയെയും സാഹിത്യത്തെയും സമ്പന്നമാക്കാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് സര്‍ക്കാര്‍ അതിനെയെല്ലാം കരിച്ചുകളയുന്ന സമീപനം സ്വീകരിച്ചിരിക്കുന്നത്.

രാജ്യത്തു മാത്രമല്ല, ലോകത്തെവിടെയും കലാകാരന്മാരെയും സാഹിത്യകാരന്മാരെയും ശ്വാസം മുട്ടിക്കുന്ന നടപടികളുണ്ടായാല്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തുകയും ചെറുത്തുനില്‍പ്പു സംഘടിപ്പിക്കുകയും ചെയ്യുന്നവരാണ് മലയാളികള്‍. അത്തരത്തലുള്ള കേരളീയരുടെ സര്‍ഗവ്യാപാരങ്ങളെ തടയാന്‍ ശ്രമിക്കുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍, കേരളത്തെ അന്ധകാരയുഗത്തിലേക്ക് തള്ളിവിടുകയാണ്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരികയും, ഈ ഭ്രാന്തന്‍ നടപടിയില്‍ നിന്ന് സര്‍ക്കാരിനെ പിന്തിരിപ്പിക്കുകയും ചെയ്യണമെന്നും വിഎസ് ആവശ്യപ്പെട്ടു.

 

This post was last modified on December 27, 2016 3:26 pm