X

വാഗ്ദാനപ്പെരുമഴയായി സര്‍ക്കാര്‍ നയപ്രഖ്യാനം;വിഴിഞ്ഞം തുറമുഖനിര്‍മ്മാണം ഉടന്‍

അഴിമുഖം പ്രതിനിധി

കോരിച്ചൊരിയുന്ന വാഗ്ദാനങ്ങളുമായി സര്‍ക്കാര്‍ നയപ്രഖ്യാപനം. ഭൂരഹിത പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പിലാക്കുന്നതോടെ പുതുതായി 7,093 ഭൂരഹിതര്‍ക്ക് ഭൂമി ലഭിക്കുമെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ പി സദാശിവം നിയമസഭയെ അറിയിച്ചു. കൂടുതല്‍ മാവേലി സ്റ്റോറുകള്‍ സൂപ്പര്‍മാര്‍ക്കറ്റുകളാക്കി മാറ്റും. കണ്ണൂര്‍ വിമാനത്താവളം അടുത്ത വര്‍ഷം പൂര്‍ത്തീകരിക്കും. വിഴിഞ്ഞ പദ്ധതിക്ക് ഈ വര്‍ഷം തന്നെ തുടക്കം കുറിക്കുമെന്നും ഗവര്‍ണര്‍ പ്രഖ്യാപിച്ചു.

പ്‌സ് വണ്‍, പ്ലസ്ടു ക്ലാസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി പുസ്തകങ്ങള്‍ വിതരണം ചെയ്യും. 2016 ഓടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ലഹരി വിമുക്ത സോണുകളാക്കി മാറ്റും.

അടിസ്ഥാനസൗകര്യ വികസനത്തിന് സര്‍ക്കാര്‍ വലിയ പ്രധാന്യമാണ് നല്‍കുന്നതെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാണിച്ചു. ദേശീയപാത 47, 17 എന്നിവയുടെ വീതി 45 മീറ്ററാക്കും. ഇതിനായി ഭൂമി ഏറ്റെടുക്കുമെന്നും ഗവര്‍ണര്‍ അറിയിച്ചു. എല്ലാ പാതകളിലും സ്പീഡ് റഡാറുകളും ക്യാമറകളും സ്ഥാപിക്കും. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന് പ്രത്യേക പ്രധാന്യം നല്‍കും. തലശ്ശേരി-മാഹി ബൈപ്പാസ് ഈ വര്‍ഷം പൂര്‍ത്തിയാക്കും. റോഡ് സുരക്ഷയ്ക്കായി ശുഭയാത്ര പദ്ധതി നടപ്പിലാക്കും.

ഐടി മേഖലയ്ക്കും പ്രത്യേക ഊന്നല്‍ നല്‍കുമെന്ന് ഗവര്‍ണര്‍ അറിയിച്ചു. ഐടി മേഖലയില്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ 80,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ഇ-ഡിസ്ട്രിക്ട് പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും. ഈ മാസം തന്നെ എല്ലാ പഞ്ചായത്തുകളിലും ഹൈസ്പീഡ് ഇന്റര്‍നെറ്റ് പദ്ധതി വ്യാപിപ്പിക്കും.
മൂന്നാറില്‍ ഇക്കോ ടൂറിസം പാര്‍ക്ക് സ്ഥാപിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. അഞ്ച് നദികളില്‍ മിനി ഇറിഗേഷന്‍ പദ്ധതികള്‍ സ്ഥാപിക്കുമെന്നും പി സദാശിവം അറിയിച്ചു. തിരുവനന്തപുരത്തും കോന്നിയിലുമായി രണ്ടു മെഡിക്കല്‍ കോളജുകള്‍ കൂടി തുടങ്ങും. ആദിവാസികള്‍ക്ക് ഗുരുകുലം പദ്ധതിയിലൂടെ വിദ്യാഭ്യാസം ഉറപ്പാക്കും. കാരുണ്യകേരളം പദ്ധതിയില്‍പ്പെടുത്തി ആരോഗ്യപരിശോധനകള്‍ സൗജന്യമാക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

 

This post was last modified on December 27, 2016 2:52 pm