പാലക്കാട്, ചിറ്റൂര്‍ കരുണ മെഡിക്കല്‍ കോളേജിലെ അധ്യാപകന്‍ വിദ്യാര്‍ഥിനികളെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിക്കുന്നുവെന്ന് പരാതി. വിദ്യാര്‍ഥിനികളുടെ പരാതിയെ തുടര്‍ന്ന് ജനജാഗ്രത എന്ന സംഘടനയാണ് ഡിജിപിക്കും വിദ്യാഭ്യാസ മന്ത്രിക്കും ഉള്‍പ്പടെയുള്ളവര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്. മെഡിക്കല്‍ കോളേജിലെ നേത്ര വിഭാഗം അസി. പ്രൊഫസര്‍ ഡോ. കൈസര്‍ അലിക്കെതിരെയാണ് വിദ്യാര്‍ഥിനികളെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിക്കുന്നുവെന്ന പരാതി വന്നിരിക്കുന്നത്. കര്‍ണാടക സ്വദേശിയാണ്. 70-കാരനായ കൈസര്‍ അലിക്കെതിരെ മുന്‍ വിദ്യാര്‍ഥിനികളും നിലവിലുള്ള വിദ്യാര്‍ഥിനികളുമാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ജനജാഗ്രത സംഘടന സെക്രട്ടറി പി.എസ്. പണിക്കര്‍ക്കാണ് കുട്ടികള്‍ പരാതി നല്‍കിയത്. സംഭവത്തെക്കുറിച്ച് പി.എസ്. പണിക്കര്‍ അഴിമുഖത്തിനോട് വെളിപ്പെടുത്തിയത്-
‘വിദ്യാര്‍ഥിനികള്‍ക്ക് കൈസര്‍ അലി അശ്ലീല ചുവയുള്ള സന്ദേശങ്ങള്‍ അയ്ക്കുകയും അവരോട് ഭക്ഷണം ഉണ്ടാക്കിക്കൊണ്ട് അദ്ദേഹം ഒറ്റക്ക് താമസിക്കുന്ന ഇടത്തേക്ക് വരാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നത് പതിവാണ്. വീട്ടില്‍ എത്തുന്ന കുട്ടികളെ തെറ്റായ രീതിയില്‍ സ്പര്‍ശിക്കാന്‍ ശ്രമിക്കാറുണ്ട് ഈ അധ്യാപകന്‍. ഇന്റേണല്‍ മാര്‍ക്ക് കുറച്ച് തങ്ങളുടെ ഭാവി അധ്യാപകന്‍ ഇല്ലാതാക്കുമോ എന്ന് ഭയന്ന് ഈ വിദ്യാര്‍ഥിനികള്‍ പരാതിപ്പെടാതെ ഇരിക്കുകയായിരുന്നു. ഇത് മുതലാക്കി അധ്യാപകന്‍ പെണ്‍കുട്ടികളെ ചൂഷണം ചെയ്യുന്നത് തുടര്‍ന്നു. ഇടയ്ക്ക് കൈസര്‍ ഈ കുട്ടികളെ ഭീഷണിപ്പെടുത്തുകയും ചെയ്യാറുണ്ട്’. “സംഭവം പുറത്തു പറയിക്കുകയോ പോലീസിനോട് പരാതിപ്പെടുകയോ ചെയ്താല്‍ നിങ്ങള്‍ എംബിബിഎസ് പാസാവില്ലെന്ന് ഓര്‍മ്മവേണം. നിങ്ങള്‍ ചീഫ് ജസ്റ്റീസിനോട് വേണമെങ്കിലും പോയി പരാതി പറഞ്ഞോള്ളൂ. ഒരാളും എന്നെ ഒന്നും ചെയ്യില്ല.” ഇത്തരത്തിലാണ് അധ്യാപകന്‍ വിദ്യാര്‍ഥിനികളെ ഭീഷണിപ്പെടുത്തുന്നത്.
പരാതിയുടെ പകര്‍പ്പ്
‘ക്ലാസുകളിലും ഈ അധ്യാപകന്‍ വിദ്യാര്‍ഥിനികളെ ദ്രോഹിക്കാറുണ്ട്. ഈയാഴ്ച ഒരു വിദ്യാര്‍ഥിനി മോബൈല്‍ ഫോണ്‍ ഉപയോഗിച്ചുവെന്ന് പറഞ്ഞ് ആ കുട്ടിയുടെ കൂട്ടുകാരടക്കം എല്ലാവര്‍ക്കു നല്‍കിയ ശിക്ഷ ഒരോരുത്തരും 2500 പേജ് ഇമ്പോസിഷന്‍ എഴുതാനാണ്. മറ്റൊരു സംഗതി ഈ ബാച്ചിലെ കുട്ടികളെ ഇദ്ദേഹം പഠിപ്പിക്കുന്നില്ല എന്നതാണ്. ഇമ്പോസിഷന്‍ ശിക്ഷ നല്‍കിയതിന് ശേഷം പെണ്‍കുട്ടികളോട് അധ്യാപകന്‍ പറഞ്ഞത് അദ്ദേഹം താമസിക്കുന്നയിടത്തേക്ക് ഒറ്റക്ക് അവരവരുടെ മോബൈല്‍ഫോണുമായി എത്തണമെന്നാണ്. ഇതിനെക്കുറിച്ച് മാനേജ്‌മെന്റിനോട് വിദ്യാര്‍ഥിനികള്‍ പരാതി പറഞ്ഞു. പിറ്റേന്ന് റിപ്പബ്ലിക്ക് ദിനത്തിന്റെ അന്ന് ഈ അധ്യാപകന്‍ കുറച്ച് വിദ്യാര്‍ഥിനികളെ തന്റെ ഓഫീസില്‍ വിളിപ്പിക്കുകയും അവരെ കൂടുതല്‍ ശക്തമായി ഭീഷണിപ്പെടുത്തുകയും ചെയ്തു.’
‘ഓഫീസില്‍ എത്തിയ കുട്ടികളോട് കൈസര്‍ പറഞ്ഞത്- “ചീഫ് ജസ്റ്റിസിനുപോലും എന്നെ തൊടാന്‍ കഴിയില്ല. ഇനി നിങ്ങള്‍ പരാതിപ്പെട്ടാല്‍ നീയും നിന്റെ അച്ഛനും അമ്മയും എല്ലാവരും മരിക്കും” എന്നാണ്. ഇതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥിനികളും മാതാപിതാക്കളും ഞങ്ങളുടെ (ജനജാഗ്രത) അടുത്ത് പരാതിയുമായി എത്തിയത്. ഞങ്ങള്‍ ആ പരാതി പരിശോധിച്ചിട്ട് അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ സത്യമാണെന്ന് ബോധ്യപ്പെട്ടതിനാല്‍ സംസ്ഥാന പോലീസ് മേധാവിക്കും വിദ്യാഭ്യാസ മന്ത്രിക്കും, കേരള ആരോഗ്യ സര്‍വ്വകലാശാലയ്ക്കും, മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്കും വിശദമായി പരാതി നല്‍കിയിട്ടുണ്ട്.
വിദ്യാര്‍ഥിനികള്‍ പരാതി പറഞ്ഞിട്ടും ആ അധ്യാപകനെതിരെ നടപടിയെടുക്കുവാന്‍ കോളേജ് മാനേജ്‌മെന്റ് തയ്യാറായിട്ടില്ല. ഇതുകാരണവും കോളേജ് നില്‍ക്കുന്നയിടം ഒരു കുഗ്രാമപ്രദേശത്തായതിനാലും പരാതി പറഞ്ഞ കുട്ടികള്‍ തങ്ങള്‍ക്ക് എന്തെങ്കിലും സംഭവിക്കുമോയെന്ന ഭീതിയിലാണ്. കൂടാതെ തങ്ങളുടെ ഭാവി പഠനത്തെക്കുറിച്ചും കുട്ടികള്‍ ആശങ്കയിലാണ്. ഇന്റേണല്‍ മാര്‍ക്കിന്റെ പേരില്‍ പെണ്‍കുട്ടികളെ ചൂഷണം ചെയ്ത അധ്യാപകന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്നും ഇദ്ദേഹം ഡോക്ടറായിട്ടോ അധ്യാപകനോയിട്ടോ തുടരാന്‍ അനുവദിക്കരുതെന്നുമാണ് ഞങ്ങള്‍ കേരള ആരോഗ്യ സര്‍വ്വകലാശാലയോട് ആവശ്യപ്പെട്ടിരിക്കുന്നത്.’
ഇത്തരമൊരു പരാതി മുമ്പ് ശ്രദ്ധയില്‍പ്പെട്ടില്ലെന്നും വെള്ളിയാഴ്ച ഈ വിഷയത്തില്‍ അന്വേഷണം തുടങ്ങിയതായും നടപടിയുണ്ടാവുമെന്നുമാണ് ഞങ്ങളോട് കോളേജ് അധികൃതര്‍ പറഞ്ഞിരിക്കുന്നത്. അധ്യാപകനെതിരെ പരാതിയുമായി ഇപ്പോള്‍ കൂടുതല്‍ വിദ്യാര്‍ഥിനികളും മാതാപിതാകളും എത്തുന്നുണ്ടെന്നും പറഞ്ഞ പി എസ് പണിക്കര്‍ കോളേജിലെ പല അധ്യാപകരും യോഗ്യതയില്ലാത്തവരാണെന്നും പറഞ്ഞു. ശമ്പളം പ്രതീക്ഷിച്ച് എത്തുന്നവരല്ല ഇവിടുത്തെ ചില അധ്യാപകര്‍, അവര്‍ കൈസര്‍ അലിയെപോലെ വിദ്യാര്‍ഥിനികളെ ചൂഷണം ചെയ്യാന്‍ എത്തുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കരുണ മെഡിക്കല്‍ കോളേജിലെ പ്രിന്‍സിപ്പല്‍ റിട്ട. മേജര്‍ ജനറല്‍ ഡോ. എം എന്‍ ശ്രീറാമുമായി അഴിമുഖം ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ മൊബൈല്‍ഫോണ്‍ സ്വച്ച് ഓഫ് ആയിരുന്നു. കോളേജിന്റെ അഡ്മിനിസ്ട്രീവ് വിഭാഗം പ്രതികരിക്കാന്‍ തയ്യാറായതുമില്ല.
കരുണ മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കിയതുമായി ബന്ധപ്പെട്ട ഒരു കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഈ കേസിലെ ജഡ്ജി ജസ്റ്റിസ് ദീപക് മിശ്ര പിന്മാറിയിരുന്നു. കോളേജ് സ്വന്തം നിലയ്ക്ക് നടത്തിയ പ്രവേശന നടപടികള്‍ റദ്ദാക്കിയ ജയിംസ് കമ്മിറ്റി നടപടി ഹൈക്കോടതി ശരിവച്ചിരുന്നു. ഇതിനെതിരെയാണ് മാനേജ്‌മെന്റ് സുപ്രീം കോടതിയെ സമീപിച്ചത്. നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടായിട്ടുണ്ടെന്ന് ബോദ്ധ്യപ്പെട്ടാല്‍ വിദ്യാര്‍ത്ഥികളുടെ പ്രവേശനം റദ്ദാക്കുമെന്ന് ജസ്റ്റിസ് മിശ്ര നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ പിന്മാറാനുള്ള കാരണം പരസ്യമാക്കാതെ കേസ് പരിഗണിക്കുന്നതില്‍ നിന്നും മിശ്ര ഒഴിവാകുകയായിരുന്നു.
This post was last modified on January 28, 2017 8:49 pm
Leave a Comment