മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദല്‍ ഒന്ന് വിരല്‍ ഞൊടിച്ചാല്‍ മതി, പിന്നെ ആം ആദ്മി പാര്‍ട്ടിക്കാര്‍ പഞ്ചാബില്‍ നിന്ന് ജീവനോടെ പോകില്ലെന്ന് കേന്ദ്രമന്ത്രിയും ശിരോമണി അകാലിദള്‍ നേതാവുമായ ഹര്‍സിമ്രത് കൗര്‍ ബാദല്‍. പ്രകാശ് സിംഗ് ബാദലിന്‌റെ മകനും പഞ്ചാബ് ഉപമുഖ്യമന്ത്രിയുമായ സുഖ് ബീര്‍ സിംഗ് ബാദലിന്‌റെ ഭാര്യയാണ് ഹര്‍സിമ്രത് കൗര്‍. ലംബി എന്ന സ്ഥലത്തെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ മുഖ്യമന്ത്രി ബാദലിന് നേരെ പ്രതിഷേധക്കാര്‍ ഷൂ എറിഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ജലാലാബാദില്‍ സുഖ് ബീര്‍ സിംഗ് ബാദലിന്‌റെ വാഹനവ്യൂഹത്തിന് നേരെ കല്ലേറ് നടന്നിരുന്നു. ഈ രണ്ട് സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് എഎപിക്ക് നേരെ ഭീഷണിയുമായി ഹര്‍സിമ്രത് കൗര്‍ രംഗത്തെത്തിയത്. ബുധലാഡയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പ്രസംഗിക്കുകയായിരുന്നു ഹര്‍സിമ്രത് കൗര്‍ ബാദല്‍.
ഷൂ എറിഞ്ഞത് സിഖ് തീവ്രവാദികളാണെന്നും ആരോപണമുണ്ട്. അതേസമയം കല്ലേറ് നടത്തിയത് എഎപിക്കാരാണെന്നതില്‍ അകാലിദള്‍ പ്രവര്‍ത്തകര്‍ക്ക് സംശയമില്ല. എന്നാല്‍ ഈ രണ്ട് സംഭവങ്ങളിലും തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്ന് എഎപി എംപി ഭഗവത് സിംഗ് മന്‍ പറഞ്ഞു. തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന എഎപി അക്രമത്തിന് നേതൃത്വം നല്‍കുന്നത് ഭഗവത് സിംഗ മന്നാണെന്ന് ഹര്‍സിമ്രത് കൗര്‍ ആരോപിച്ചു. ആം ആദ്മി പാര്‍ട്ടിയേയും ദേശീയ കണ്‍വീനര്‍ അരവിന്ദ് കേജ്രിവാളിനേയും അടുപ്പിക്കരുതെന്നും ജനങ്ങളോട് ഹര്‍സിമ്രത് കൗര്‍ ആവശ്യപ്പെട്ടു.
ഹരിയാനക്കാരനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാള്‍ നമുക്ക് അന്യനാട്ടുകാരനും വേറൊരു സംസ്‌കാരമുള്ളയാളുമാണ്. എസ് വൈ എസ് കനാല്‍ അടക്കം പഞ്ചാബിനെ ബാധിക്കുന്ന പ്രശ്‌നങ്ങളിലെല്ലാം കേജ്രിവാളിന് ഇരട്ടത്താപ്പാണ് ഉള്ളതെന്നും ഹര്‍സിമ്രത് കൗര്‍ ആരോപിച്ചു. കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും സംസ്ഥാന അദ്ധ്യക്ഷന്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനേയും ഹര്‍സിമ്രത് കടന്നാക്രമിച്ചു. ഇരുവരും മയക്കുമരുന്ന് സംബന്ധിച്ച ആരോപണങ്ങള്‍ ഉയര്‍ത്തി സംസ്ഥാനത്തെ അപമാനിക്കുകയാണെന്ന് അവര്‍ ആരോപിച്ചു. 1984ന് ശേഷം പഞ്ചാബികളെ തീവ്രവാദികളായാണ് രാജ്യത്തുടനീളം ചിത്രീകരിച്ചിരുന്നത്. ഇപ്പോള്‍ മയക്കുമരുന്ന് അടിമകളെന്ന പേരുമായി. കോണ്‍ഗ്രസിന് നന്ദി – ഹര്‍സിമ്രത് പറഞ്ഞു.
This post was last modified on January 12, 2017 3:06 pm
Leave a Comment