X

ജാട്ട് പ്രക്ഷോഭം: ഹരിയാനയില്‍ സുരക്ഷ കര്‍ശനമാക്കി

അഴിമുഖം പ്രതിനിധി

സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം ആവശ്യപ്പെട്ട് ഹരിയാനയില്‍ ജാട്ട് സമുദായം രണ്ടാംഘട്ട പ്രക്ഷോഭം ആരംഭിച്ചു. ഫെബ്രുവരിയില്‍ ജാട്ടുകള്‍ പ്രക്ഷോഭത്തിനിടെ നടത്തിയ കലാപത്തില്‍ 30 ഓളം പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ സാഹചര്യം ആവര്‍ത്തിക്കുന്നത് ഒഴിവാക്കുന്നതിന് ഹരിയാനയില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തി. സംസ്ഥാന പൊലീസിനൊപ്പം 7000-ത്തില്‍ അധികം കേന്ദ്ര സേനയേയും വിന്യസിച്ചിട്ടുണ്ട്.

ഓള്‍ ഇന്ത്യ ജാട്ട് അരക്ഷണ്‍ സംഘര്‍ഷ് സമിതിയാണ് പുതിയ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ജാട്ട് സമുദായത്തിലെ മറ്റു ചില വിഭാഗങ്ങളും നേതൃത്വങ്ങളും ഈ ആഹ്വാനത്തോട് അകലം പാലിച്ചിട്ടുണ്ട്.

കഴിഞ്ഞ പ്രക്ഷോഭത്തില്‍ ദേശീയപാതയിലും റെയില്‍ പാതയിലും ഗതാഗതം സ്തംഭിപ്പിച്ച പ്രക്ഷോഭകര്‍ ഇത്തവണ അതുണ്ടാകില്ലെന്ന് പറയുന്നു. നഗരങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുമെന്ന് അവര്‍ പറയുന്നുണ്ടെങ്കിലും ആവശ്യം നടപ്പിലായില്ലെങ്കില്‍ പ്രക്ഷോഭത്തിന്റെ മട്ടുമാറുമെന്ന് മുന്നറിയിപ്പ് നല്‍കുന്നു. സമരം സമാധാനപരമായിരിക്കുമെന്ന് പ്രക്ഷോഭകരുടെ നേതാക്കള്‍ പറയുന്നുണ്ടെങ്കിലും സര്‍ക്കാര്‍ മുന്‍കരുതല്‍ എടുത്തിട്ടുണ്ട്. ദേശീയ, റെയില്‍ പാതകളിലും പ്രധാനപ്പെട്ട സര്‍ക്കാര്‍ ഓഫീസുകളിലും പൊതുസ്ഥലങ്ങളിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഡല്‍ഹിയിലേക്കുള്ള ജലസേചന കനാലായ മുനകിന് കേന്ദ്ര സേനയാണ് സംരക്ഷണം നല്‍കുന്നത്. ഫെബ്രുവരിയില്‍ പ്രക്ഷോഭകര്‍ ഈ കനാലിന്റെ നിയന്ത്രണം മൂന്നു ദിവസത്തേക്ക് ഏറ്റെടുത്തത് ഡല്‍ഹിയില്‍ ജലക്ഷാമത്തിന് കാരണമായിരുന്നു.

This post was last modified on December 27, 2016 4:12 pm