X

വായു മലിനീകരണം കണ്ണുകളെ ഗുരുതരമായി ബാധിക്കും

വായുമലിനീകരണം കാരണം കൂടുതല്‍ ക്ഷതമേല്‍ക്കുന്നത് കോര്‍ണിയക്കാണ്.

വായു മലിനീകരണം ശ്വാസകോശത്തെ മാത്രമല്ല കണ്ണുകളെയും ഗുരുതരമായി ബാധിക്കുമെന്ന് പഠനങ്ങള്‍. അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടുന്ന വിഷ വാതകങ്ങള്‍ നേരിട്ട് ഏല്‍ക്കുന്നതിനാല്‍ കോര്‍ണിയക്ക് ക്ഷതം സംഭവിച്ചേക്കാം. കാലക്രമേണ ഇത് അന്ധതയിലേക്ക് വരെ നയിച്ചേക്കാമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.

പുറത്തിറങ്ങുമ്പോള്‍ വായ, മൂക്ക് എന്നിവയെ നമുക്ക് ആവരണം നല്‍കി സംരക്ഷിക്കാം. എന്നാല്‍ കണ്ണുകള്‍ക്ക് ഇത് സാധ്യമല്ലാത്തതിനാല്‍ വായു മലിനീകരണത്തിന്റെ ദൂഷ്യഫലങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന അവയവങ്ങളിലൊന്ന് കണ്ണുകളാണെന്ന് ആള്‍ ഇന്ത്യ ഇന്‍സ്റ്റിററ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ നേത്രരോഗവിദഗ്ധനായ ഡോ. രാജേഷ് സിന്‍ഹ പറയുന്നു.

കണ്ണുകളിലെ ദൃഷ്ടിഗോചരമായ ഭാഗം പരിസ്ഥിതിയുമായി നേരിട്ട് സമ്പര്‍ക്കത്തിലേര്‍പ്പെടുന്നതിനാലാണിത്. വായുമലിനീകരണം കാരണം കൂടുതല്‍ ക്ഷതമേല്‍ക്കുന്നത് കോര്‍ണിയക്കാണ്. മലിനീകരിക്കപ്പെട്ട വായുവുമായുള്ള നിരന്തരമായ സമ്പര്‍ക്കം മൂലമാണിത്. കണ്ണുകളില്‍ ചൊറിച്ചില്‍, വേദന തുടങ്ങിയ ലക്ഷണങ്ങളാണ് ആദ്യം പ്രകടമാവുക. കണ്ണിന്റെ പുറമേയുള്ള നേരിയ പാളിയായ കന്‍ജങ്റ്റിവ ചുവപ്പ് നിറമാവും. കോര്‍ണിയക്ക് ക്ഷതമേറ്റാലുണ്ടാവുന്ന കെരൈറ്റിസ് എന്ന നേത്ര രോഗവും വായുമലിനീകരണത്തിന്റെ ഫലമാണ്.

വായു മലിനീകരണം കൊണ്ടുണ്ടാവുന്ന കണ്ണുകളിലെ വരള്‍ച്ച (ഡ്രൈ ഐയ്‌സ്) വളരെക്കാലം നിലനില്‍ക്കുന്നുവെങ്കില്‍ അത് കോര്‍ണിയയെ പ്രതികൂലമായി ബാധിക്കും. വരള്‍ച്ച കാരണം കണ്ണുകള്‍ ഇടക്കിടക്ക് തിരുമ്മുന്നതും കോര്‍ണിയക്ക് ക്ഷതം സംഭവിക്കുന്നതിന് കാരണമാവുമെന്ന് ഡല്‍ഹി ഗംഗാറാം ആശുപത്രിയിലെ ഡോ. ടിങ്കു ബാലി റസ്ദാന്‍ പറയുന്നു. കണ്ണുകള്‍ കഴുകാന്‍ ശുദ്ധജലം ഉപയോഗിക്കാത്തതും കണ്ണുകളിലെ വരള്‍ച്ചയ്ക്കും ചുവപ്പു നിറമാവുന്നതിനും കാരണമാവുമെന്നും ഡോ. റസ്ദാന്‍ വ്യക്തമാക്കുന്നു.

ആരോഗ്യത്തിന് വളരെ ഹാനികരമായ വായു മലിനീകരണത്തിന്റെ അളവുകോല്‍ എന്നത് pm(പര്‍ട്ടിക്കുലര്‍ മാറ്റര്‍) 2.5, pm 10 എന്നിവയാണ്. എന്നാല്‍ സള്‍ഫര്‍ഡയോക്‌സൈഡ്,നൈട്രസ് ഓക്‌സൈഡ്,കാര്‍ബണ്‍ മോണോക്‌സൈഡ്,തുടങ്ങിയ വാതകങ്ങള്‍ അന്തരീക്ഷത്തില്‍ കലരുന്നതും ഇതേ അളവില്‍ കണ്ണുകളെ ബാധിക്കും. കെമിക്കല്‍ കന്‍ജക്റ്റിവിറ്റിസ് എന്നാണ് ഇത് അറിയപ്പെടുന്നതെന്നും ഡോ റസ്ദാന്‍ പറഞ്ഞു.
രോഗ പ്രതിരോധശേഷി കുറയുന്നതും ഡ്രൈ ഐയ്‌സിനുകാരണമാവാറുണ്ടെന്ന് മാക്‌സ് ഹെല്‍ത്ത് കെയറിലെ ഡോ. സഞ്ജയ് ധവാന്‍ പറയുന്നു.

പ്രായമേറിയവരേക്കാള്‍ 20 നും 40 നും ഇടയിലുളളവരെയാണ് വായുമലിനീകരണത്തിന്റെ ദോഷഫലങ്ങള്‍ കൂടുതലായി ബാധിക്കുന്നത്. ഇവരില്‍ തന്നെ കോണ്‍ടാക്ട് ലെന്‍സ് ഉപയോഗിക്കുന്നവര്‍ക്കും അലര്‍ജി പോലുള്ള അസുഖങ്ങളുള്ളവര്‍ക്കും രോഗ സാധ്യത കൂടുതലാണ്. മിക്കവരിലും കാഴ്ച്ചാ വൈകല്യങ്ങള്‍, നിറങ്ങള്‍ തിരിച്ചറിയുന്നതിനുള്ള പ്രയാസം തുടങ്ങിയവയും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വായു മലിനീകരണം കൊണ്ടുണ്ടാവുന്ന നേത്രരോഗങ്ങള്‍ക്ക് ചികിത്സതേടിയെത്തുന്നവരുടെ എണ്ണം പത്തു മുതല്‍ 15 ശതമാനം വരെ വര്‍ദ്ധിച്ചതായും ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.

വായുമലിനീകരണത്തെ പ്രതിരോധിക്കുന്നതിനായി പുറത്തിറങ്ങുമ്പോള്‍ സീറോ പവര്‍ ഗ്ലാസുകള്‍ ധരിക്കാനാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാറ്. കൂടാതെ കണ്ണുകള്‍ ശുദ്ധജലത്തില്‍ ദിവസത്തില്‍ ഒരു തവണയെങ്കിലും കഴുകുക. കൂടുതല്‍ തവണ കഴുകുന്നത് ഡ്രൈ ഐയ്‌സിനു കാരണമായേക്കാമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ആന്റി അലര്‍ജിക് ഐ ഡ്രോപ്‌സ് ആണ് ഇത്തരം അവസ്ഥകളില്‍ ഡോക്ടര്‍മാണ് നല്‍കാറ്. കണ്ണിനുണ്ടാവുന്ന അസ്വസ്ഥതകള്‍ ഒരു പരിധിവരെ പരിഹരിക്കാന്‍ ഇതുകൊണ്ടാവും. വായുമലിനീകരണം മൂലമുണ്ടാവുന്ന നേത്രജന്യ രോഗങ്ങള്‍ ജീവനുഭീഷണിയല്ലെങ്കിലും പുറത്തിറങ്ങുമ്പോള്‍ കണ്ണുകള്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കിയാല്‍ പല നേത്രരോഗങ്ങളെയും തുടക്കത്തില്‍ തന്നെ പ്രതിരോധിക്കാനാവും.

ഓറഞ്ച് ജ്യൂസ് കൂടുതലായി കഴിക്കുന്ന പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്

വണ്ണം കുറയ്ക്കാന്‍ ആയുര്‍വേദ പരിഹാരം

This post was last modified on December 1, 2018 4:51 pm