X

10 മിനിട്ട് വ്യായാമം; 100 കലോറി വരെ കുറയ്ക്കാം; ചിലവ് 100 രൂപയോളം മാത്രം

ഓട്ടത്തിനേക്കാള്‍ ആയാസരഹിതമാണത്രെ താഴേക്കും മുകളിലേക്കുമുള്ള ഈ ചാട്ടം. ശരീരത്തിന് സമ്മര്‍ദവും കുറവാണ് അനുഭവപ്പെടുകയെന്നും വിദഗ്ധര്‍ പറയുന്നു

വ്യായാമം ചെയ്യണമെന്ന് താല്പര്യമുണ്ട്. പക്ഷെ, ഭാരിച്ച മുറകളൊന്നും ചെയ്യാന്‍ വയ്യ. ഒരു ദിവസം ചെലവിടാനുള്ളത് ഏതാനും മിനിട്ടുകള്‍ മാത്രം. അങ്ങനെയെങ്കിലും 100 കലോറി വരെ ഒരു ദിവസം കുറയ്ക്കാന്‍ മാര്‍ഗമുണ്ട്.

സ്‌കിപ്പിംഗ് റോപ് (skipping rope) പരിശീലനമാണ് ആ വഴി. അധികം സമയം പാഴാക്കാതെ തന്നെ ശരീരത്തിന് വ്യായാമത്തിന്റെ ഗുണം പ്രദാനം ചെയ്യും. ഹൃദയാരോഗ്യത്തിന് ഏറ്റവുമധികം ഗുണം ചെയ്യുന്ന വ്യായാമമുറ സ്‌കിപ്പിംഗ് റോപ്പ് ആണെന്ന് അടുത്തിടെ ഒരു പഠനം തെളിയിച്ചിരുന്നു. ശരീരമാസകലം ഇളകിയുള്ള ചാട്ടമായതിനാല്‍ ഒരു ഫുള്‍-ബോഡി വര്‍ക്കൗട്ടിന്റെ ഗുണമാണ് ഈ അഭ്യാസത്തിനുള്ളത്. തുട, കാല്‍പാദം, കാല്‍വണ്ണ, കൈ തുടങ്ങി ശരീരത്തിന് അടിമുടി പ്രയോജനം ചെയ്യും. എല്ലിന് ബലം കൂട്ടാനും റോപ്പ് സ്‌കിപ്പിംഗ് സഹായിക്കും.

സ്‌കിപ്പിംഗ് റോപ്പ് സ്ഥിരമായി ഉപയോഗിക്കുന്നവര്‍ ഒന്നരമാസത്തിന് ശേഷം ശരീരഭാരം നോക്കുക. ദിവസവും എന്നാല്‍ പത്ത്-പതിനഞ്ച് മിനിട്ട് നേരം. ഒരു ദിവസം അരമണിക്കൂര്‍ ജോഗിംഗിന്റെ ഫലമാണ് 10 മിനിട്ട് സ്‌കിപ്പിംഗിന് ഉള്ളത്. പ്രതിദിനം 100 കലോറി വരെ ശരീരത്തില്‍ നിന്ന് ഒഴിവാക്കാനായത് നിങ്ങള്‍ക്ക് അനുഭവിച്ചറിയാനാകും. കൂടാതെ ഹൃദയാരോഗ്യം മെച്ചപ്പെടുന്നതും പരിശോധനയില്‍ വ്യക്തമാകും.

ഓട്ടത്തിനേക്കാള്‍ ആയാസരഹിതമാണത്രെ താഴേക്കും മുകളിലേക്കുമുള്ള ഈ ചാട്ടം. ശരീരത്തിന് സമ്മര്‍ദവും കുറവാണ് അനുഭവപ്പെടുകയെന്നും വിദഗ്ധര്‍ പറയുന്നു. ദിവസവും നീന്തലില്‍ ഏര്‍പ്പെടുന്നവരേക്കാളും മസിലുകള്‍ക്ക് ഗുണം ചെയ്യുന്നതും സ്‌കിപ്പിംഗ് പരീശീലിക്കുന്നവരിലാണെന്നാണ് പഠനം.

100 രൂപയില്‍ താഴെയാണ് ഒരു സാധാരണ റോപ്പിന്റെ വില. അതിനാല്‍ ചെലവിന്റെ കാര്യത്തിലും പേടിക്കേണ്ടതില്ല. സ്ഥലസൗകര്യത്തിനായും പ്രത്യേക ക്രമീകരണം ആവശ്യമില്ല. യാത്രപോകുമ്പോഴും കയ്യില്‍ കരുതാവുന്നതേയുള്ളു ഒരു റോപ്പ്. അതിനാല്‍ ഏത് സമയത്തും ചെയ്യാന്‍ സാധിക്കുന്ന വ്യായാമമുറയെന്ന രീതിയിലും റോപ്പ് സ്‌കിപ്പിംഗ് താരമാണ്.

This post was last modified on March 11, 2018 10:22 pm