X

ബാണാസുര സാഗര്‍ അണക്കെട്ട് രാവിലെ തുറക്കും, വയനാട്ടില്‍ ശക്തമായ മഴ തുടരുന്നു, സംസ്ഥാനത്ത് തുറന്നത് 18 ഡാമുകള്‍

മലമ്പുഴ ഡാം തുറക്കേണ്ട സാഹചര്യമില്ല

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഡാമുകള്‍ തുറന്നേക്കും. വയനാട്ടില്‍ ബാണാസുര സാഗര്‍ ഡാം ഇന്ന് രാവിലെ തുറക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി രാവിലെ തന്നെ ആളുകളെ ഈ മേഖലയില്‍ നിന്ന് പുര്‍ണമായും മാറ്റി പാര്‍പ്പിക്കുകയാണ്. ഇന്നലെ രാത്രിയും വയനാട്ടില്‍ മഴ തീവ്രമായി തന്നെ തുടരുകയാണ്.

ജില്ലയില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതല്‍ ഉരുള്‍പൊട്ടല്‍ ഉണ്ടാകാനുള്ള മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

കേന്ദ്രജലക്കമ്മിഷന്റെ മാനദണ്ഡമനുസരിച്ച് 773.9 മീറ്ററില്‍ വെള്ളമെത്തിയാല്‍ അണക്കെട്ട് തുറക്കണം. ഈ നിരപ്പെത്തിയാല്‍ അണക്കെട്ട് തുറക്കേണ്ടിവരുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. ശക്തമായ ഒഴുക്കാണ് ഡാമിലുള്ളത്.

വലിയ ദുരന്തം നടന്ന മേപ്പാടി പുത്തുമലയില്‍ രക്ഷാപ്രവർത്തനം ദുഷ്‌ക്കരമായി തുടരുകയാണ്. ഇവിടെ ഇപ്പോഴും ശക്തമായ മഴ പെയ്യുന്നുണ്ട്. വയനാട്ടിലേക്കുള്ള ചുരം വഴിയുള്ള ഗതാഗതവും തടസ്സപ്പെട്ടിരിക്കയാണ്. താമരശ്ശേരി ചുരത്തില്‍ വലിയ വാഹനങ്ങളുടെ യാത്ര പൂര്‍ണമായി നിരോധിച്ചു. തലശ്ശേരിയില്‍നിന്നും നെടുംപൊയില്‍ വഴിയുള്ള യാത്രയും തടസ്സപ്പെട്ടിട്ടുണ്ട്.

ഇന്നലെ രാത്രി മഴ കുറഞ്ഞതിനെ തുടര്‍ന്ന് മലമ്പുഴ ഡാം ഇപ്പോള്‍ തുറക്കേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു. പാലക്കാട്, ഇടുക്കി ജില്ലകളില്‍ മഴയ്ക്ക് നേരിയ ശമനമുണ്ടായിട്ടുണ്ട്.

സംസ്ഥാനത്ത് ഇതിനകം 18 ഡാമുകളാണ് തുറന്നത്.

ഇടുക്കി, പമ്പ, കക്കി, ഷോളയാര്‍, ഇടമലയാര്‍, കുണ്ടള, മാട്ടുപെട്ടി എന്നീ അണക്കെട്ടുകളില്‍ 30 ശതമാനത്തില്‍ താഴെ മാത്രമാണ് ഇപ്പോഴും വെള്ളമുള്ളൂ. അതുകൊണ്ടു തന്നെ ഈ അണക്കെട്ടുകള്‍ ഇപ്പോള്‍ തുറക്കേണ്ട സാഹചര്യമില്ല.

ഇടുക്കി ജില്ലയിലെ കല്ലാര്‍കുട്ടി ഡാമിലെ മൂന്ന് ഷട്ടറുകളും പാംബ്ല ഡാം, മലങ്കര ഡാം, ഇരട്ടയാര്‍ ഡാം എന്നിവയാണ് ഇടുക്കിയിൽ  തുറന്നത്. പൊന്മുടി ഡാമും ഉടന്‍ തുറക്കേണ്ട സാഹചര്യമില്ല. മുല്ലപ്പെരിയാറില്‍ ഇപ്പോള്‍ 125.70 അടി വെള്ളമാണുള്ളത്.

This post was last modified on August 14, 2019 4:31 pm