X

ഗോഡ്‌സെയെ തൂക്കിലേറ്റിയ ദിവസം ഹിന്ദു മഹാസഭ ബലിദാന ദിവസമായി ആചരിക്കും

അഴിമുഖം പ്രതിനിധി

മഹാത്മാഗാന്ധിയുടെ കൊലപാതകിയായ നാഥുറാം വിനായക ഗോഡ്‌സെയെ തൂക്കിലേറ്റിയതിന്റെ വാര്‍ഷികമായ നവംബര്‍ 15 ബലിദാന ദിവസമായി ആചരിക്കാന്‍ ഹിന്ദു മഹാസഭ തീരുമാനിച്ചു. 1949 നവംബര്‍ 15-നാണ് ഗോഡ്‌സെയെ അംബാല ജയിലില്‍ തൂക്കിലേറ്റിയത്. ഈ വര്‍ഷം ബലിദാന ദിവസം ആചരിക്കാന്‍ രാജ്യത്തെ 120 ഓഫീസുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി ചന്ദ്രപ്രകാശ് കൗശിക് പറഞ്ഞു. നാഥുറാം ഗോഡ്‌സെയുടെ സഹോദരനും ഗാന്ധി വധക്കേസില്‍ ആരോപണവിധേയനായ ഗോപാല്‍ ഗോഡ്‌സെ എഴുതിയ ഗാന്ധിവധ് ക്യോന്‍ എന്ന പുസ്തകത്തിന്റെ ചുരുക്കരൂപം വിതരണം ചെയ്യാനും ഹിന്ദു മഹാസഭ പദ്ധതിയിടുന്നുണ്ട്. ഗോഡ്‌സെയ്ക്ക് ക്ഷേത്രങ്ങള്‍ പണിത് കൊണ്ട് കഴിഞ്ഞ വര്‍ഷം ഹിന്ദുമഹാസഭ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഗോഡ്‌സെയുടെ ജീവിതത്തെ കുറിച്ചുള്ള നാടകം അവതരിപ്പിക്കുകയും കേസ് വിസ്താര സമയത്ത് ഗോഡ്‌സെ നടത്തിയ പ്രസംഗം അംഗങ്ങള്‍ വായിക്കുകയും ചെയ്യും. രാജസ്ഥാനിലും മഹാരാഷ്ട്രയിലും ഈ പരിപാടിയോട് അനുകൂല പ്രതികരണം ഉണ്ടായിട്ടുണ്ടെന്ന് കൗശിക് പറയുന്നു. ഗാന്ധിയെക്കാളും കൂടുതല്‍ ദേശസ്‌നേഹിയായിരുന്നു ഗോഡ്‌സെയെന്ന് കൗശിക് അഭിപ്രായപ്പെട്ടു. എന്തുകൊണ്ട് ഗോഡ്‌സെ ഗാന്ധിയെ കൊന്നുവെന്ന് ചിന്തിക്കേണ്ട ദിവസമാണ് ബലിദാന ദിവസമെന്നും കൗശിക് കൂട്ടിച്ചേര്‍ത്തു. പടിഞ്ഞാറന്‍ യുപിയില്‍ നിന്നും ആരംഭിക്കുന്ന രഥയാത്രയും ഹിന്ദുമഹാസഭ പദ്ധതിയിടുന്നുണ്ട്. രഥത്തില്‍ ഭഗത് സിംഗിന്റേയും വിഡി സവര്‍ക്കറുടേയും ചിത്രങ്ങള്‍ പതിക്കുമെന്നും കൗശിഖ് പറഞ്ഞു.

This post was last modified on December 27, 2016 3:20 pm