കഴിഞ്ഞ ദിവസം മാരാരിക്കുളം എംഎല്‍എയും സിപിഐഎം നേതാവുമായ തോമസ് ഐസക് നിയമസഭയില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനത്തെ കുറിച്ച് ആരോപണങ്ങള്‍ ഉന്നയിച്ചു. മുസ്ലിം വാര്‍ഡും ഹിന്ദു വാര്‍ഡും രൂപീകരിക്കുകയാണ് എന്നാണ് അദ്ദേഹം ആരോപിച്ചത്. അതിന് അദ്ദേഹം നിരവധി ഉദാഹരണങ്ങളും ചൂണ്ടിക്കാണിച്ചു. എന്നാല്‍ ആരോപണങ്ങളെയെല്ലാം പ്രതിപക്ഷം വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം ഉയര്‍ത്തി പ്രതിരോധിക്കാനാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മറ്റും ശ്രമിച്ചത്. തന്റെ നിയമസഭാ പ്രസംഗത്തെ കുറിച്ച് തോമസ് ഐസക് തന്റേ ഫേസ്ബുക്കില്‍ വിശദീകരണം കുറിച്ചു. ഭരണപക്ഷത്തുനിന്ന് തനിക്ക് മറുപടി പറഞ്ഞവരാരും ഒന്നിനുപോലും വിശദീകരണം നല്‍കാന്‍ തയ്യാറായില്ലെന്ന് അദ്ദേഹം പറയുന്നു.
തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
നിയമസഭയിലെ അടിയന്തര പ്രമേയാവതരണം കൊള്ളേണ്ടിടത്തു കൊണ്ടു എന്നാണ് മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും പ്രതികരണങ്ങള്‍ തെളിയിക്കുന്നത്. സാമുദായികാടിസ്ഥാനത്തിലാണ് വാര്‍ഡ് വിഭജനവും പഞ്ചായത്തു വിഭജനവും മുനിസിപ്പാലിറ്റി രൂപീകരണവും ലീഗ് നടത്തുന്നത് എന്ന് വെറുതേ പറഞ്ഞതല്ല. വ്യക്തമായ ഉദാഹരണങ്ങള്‍ നിരത്തിയാണ് ഞാനീ ആക്ഷേപം ഉന്നയിച്ചത്. ഈ തീക്കളി അപകടമാണെന്ന് തിരിച്ചറിയാനുളള വിവേകം യുഡിഎഫ് നേതൃത്വം കാണിക്കണം.
കാസര്‍കോട് ജില്ലയെടുക്കുക. അജാനൂര്‍ പഞ്ചായത്ത് വിഭജിച്ചത് മാണിക്കോത്ത് പഞ്ചായത്ത് രൂപീകരിച്ചപ്പോള്‍ സ്വീകരിച്ച മാനദണ്ഡമെന്ത്? പളളിക്കര പഞ്ചായത്ത് വിഭജിച്ച് പനയാല്‍ പഞ്ചായത്ത് രൂപീകരിച്ചതിന്റെ മാനദണ്ഡമെന്ത്? എന്തുകൊണ്ടാണ് ഇക്കാര്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നിയമസഭയില്‍ ഒരു മന്ത്രിയ്ക്കും നല്‍കാനാകാതെ പോയത്? ഇങ്ങനെ 12 പഞ്ചായത്തുകളിലെ കണക്ക് ഞാന്‍ കൃത്യമായി ഉന്നയിച്ചു. ഒന്നിനും വ്യക്തമായ മറുപടിയുണ്ടായില്ല.
മറുപടി പറഞ്ഞവരാകട്ടെ, ഒന്നിനുപോലും വിശദീകരണം നല്‍കാന്‍ തയ്യാറായില്ല. മലപ്പുറം ജില്ലയില്‍ പാണ്ടിക്കാട് എന്നൊരു ഗ്രാമപഞ്ചായത്തുണ്ട്. ആ പഞ്ചായത്തിന്റെ തെക്കു കിഴക്കേ അതിര്‍ത്തിയാണ് കടലുണ്ടിപ്പുഴ. 150 മീറ്ററോളം വീതിയുളള നദി. പുഴയ്ക്ക് മറുവശത്ത് കീഴാറ്റൂര്‍ പഞ്ചായത്ത്. കീഴാറ്റൂര്‍ പഞ്ചായത്തില്‍ നിന്ന്72ഓളം വീടുകള്‍ എന്തിനാണ് പാണ്ടിക്കാട് ഗ്രാമപഞ്ചായത്തിലേയ്ക്കു കൂട്ടിച്ചേര്‍ത്തത്?
പെരുന്തല്‍മണ്ണ താലൂക്കിലെ നെമ്മിനി വില്ലേജിലാണ് കീഴറ്റൂര്‍ പഞ്ചായത്ത്. ഏറനാട് താലൂക്കിലെ വെട്ടിക്കാട്ടിരി വില്ലേജിലാണ് പാണ്ടിക്കാട് പഞ്ചായത്ത്. ഒരു താലൂക്കിലെ 72 വീടുകള്‍ വെട്ടി മാറ്റി മറ്റൊരു താലൂക്കിലെ പഞ്ചായത്തില്‍ ചേര്‍ക്കുന്നതിന്റെ യുക്തിയെന്ത്? ഈ 72 കുടുംബങ്ങള്‍ക്ക് ഈ വാര്‍ഡു മാറ്റം കൊണ്ട് എന്തു പ്രയോജനമാണ് ലഭിക്കുന്നത്? അവരെ എന്തിനാണ് കടലുണ്ടിപ്പുഴ കടത്തിയത്? മുസ്ലിംലീഗിന്റെ ജില്ലാ നേതാക്കളുടെ താല്‍പര്യപ്രകാരമല്ലേ ഇതു നടത്തിയത്? ഇതു തുറന്നു കാട്ടുമ്പോള്‍ അരിശം കൊണ്ടിട്ടെന്തു കാര്യം?
പാണ്ടിക്കാട് പഞ്ചായത്ത് വിഭജിച്ച് ചെമ്പ്രശേരി എന്നൊരു പഞ്ചായത്തുകൂടി രൂപീകരിച്ചിട്ടുണ്ട്. അതിന്റെ മറവില്‍ ഈ പഞ്ചായത്തിലെ വിലങ്ങമ്പോയില്‍ എന്ന വാര്‍ഡിലെ കുഴിയംകുത്ത് മരുതന്‍ ചേരി പ്രദേശം തുവ്വൂര്‍ പഞ്ചായത്തിലേക്ക് കൂട്ടിചേര്‍ക്കാന്‍ തീരുമാനിച്ചു. ചെമ്പ്രശേരിയിലെ വിലങ്ങമ്പോയില്‍ എന്ന പ്രദേശം മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തിലും മഞ്ചേരി അസ്സെംബ്ലി മണ്ഡലത്തിലും ഏറനാട് താലുക്കിലും ചെമ്പ്രശേരി വില്ലെജിലുമാണ്. എന്നാല്‍ തുവ്വൂര്‍ പഞ്ചായത്ത് കിടക്കുന്നത് വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലും വണ്ടൂര്‍ അസ്സെംബ്ലി മണ്ഡലത്തിലും നിലമ്പൂര്‍ താലുക്കിലും തുവ്വൂര്‍ വില്ലെജിലുമാണ്.
ഒരു പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നുളള ഏതാനും വീടുകളെ അടര്‍ത്തി മാറ്റി മറ്റൊരു പാര്‍ലമെന്റ് മണ്ഡലത്തിലുള്‍പ്പെട്ട പഞ്ചായത്തിലേയ്ക്കു മാറ്റിയതിന്റെ യുക്തിയെന്താണ്?
ബ്ലോക്കുകളുടെ അതിര്‍ത്തികള്‍ പുനഃക്രമീകരിക്കാനുളള ശ്രമവും യാതൊരു മാനദണ്ഡവും പാലിക്കാതെയാണ്. ജനസംഖ്യ, ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍, ജനങ്ങളുടെ യാത്രാ സൗകര്യം എന്നിവയൊക്കെ പരിഗണിച്ചാണ് അതിര്‍ത്തികള്‍ നിശ്ചയിച്ചിരിക്കുന്നത്. അതു മാറ്റുമ്പോള്‍ മുമ്പുണ്ടായിരുന്നതിനെക്കാള്‍ സൗകര്യം ജനങ്ങള്‍ക്കു ലഭിക്കുന്നുണ്ടെങ്കില്‍ അതിര്‍ത്തി പുനഃക്രമീകരണത്തെ നമുക്കു ന്യായീകരിക്കാം. എന്നാല്‍ അങ്ങനെയാണോ സംഭവിച്ചത്?
ഒരു ബ്ലോക്കില്‍ പരമാവധി എത്ര പഞ്ചായത്തുകള്‍ ആകാം? എത്രയായിരിക്കണം ഒരു ബ്ളോക്കിന്റെ ജനസംഖ്യ?അതിരുകള്‍ പുനര്‍നിശ്ചയിക്കുമ്പോഴും ചില പഞ്ചായത്തുകള്‍ ഒഴിവാക്കി, മറ്റുചിലവ കൂട്ടിച്ചേര്‍ക്കുമ്പോഴും പിന്തുടരുന്ന മാനദണ്ഡമെന്ത്? ആരാണ് ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുക?
ആലപ്പുഴ ജില്ലയിലെ ആര്യാട് ബ്ലോക്കില്‍ മൂന്നു പഞ്ചായത്തുകള്‍ മാത്രം. എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ ബ്ലോക്കിലാകട്ടെ, പന്ത്രണ്ടു പഞ്ചായത്തുകള്‍. പന്തളം ബ്ലോക്കു പഞ്ചായത്തിന്‍റെ ജനസംഖ്യ 67,669 ആണെങ്കില്‍ തലശേരി ‘ബ്ലോക്കു പഞ്ചായത്തില്‍ അത് 2,46,223 ആണ്. പുനഃക്രമീകരണത്തിനു മുമ്പ് 1,37,441 ആയിരുന്നു മൂവാറ്റുപുഴ ബ്ളോക്കിലെ ജനസംഖ്യ. പുനഃക്രമീകരണത്തിനു ശേഷം അത് 2,01,298 ആയി. ബ്ലോക്കു പഞ്ചായത്തുകളുടെ അതിര്‍ത്തി പുനഃക്രമീകരിച്ചപ്പോള്‍ ജനസംഖ്യയോ പഞ്ചായത്തുകളുടെ എണ്ണമോ ഒന്നും ഒരു മാനദണ്ഡവുമാക്കിയില്ല.
ഭൂമിശാസ്ത്രപരമായ സൗകര്യങ്ങളുടെ കാര്യം പരിശോധിക്കാം.പുതിയ അതിര്‍ത്തിയും ആസ്ഥാനവും വന്നതോടെ പല ബ്ലോക്ക് ആസ്ഥാനങ്ങളും ജനങ്ങള്‍ക്ക് എത്തിപ്പെടാനാവാത്തവിധം അകലെയാണ്. കാഞ്ഞങ്ങാട് ബ്ലോക്കിലായിരുന്നു നേരത്തെ അജാനൂര്‍ ഗ്രാമപഞ്ചായത്ത്. ഈ പഞ്ചായത്തിലെ ഒരാളിന് ഇരുപതു മിനിട്ടു നടന്നാല്‍ നടന്നാല്‍ കാഞ്ഞങ്ങാട് ‘ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെത്താമായിരുന്നു. ഇപ്പോള്‍ ഈ പഞ്ചായത്ത് മലയോര ബ്ലോക്കായ പരപ്പയിലാണ്. ആ ബ്ലോക്കിന്‍റെ ആസ്ഥാനത്തെത്താന്‍ അജാനൂരുകാരന്‍ 40കിലോമീറ്റര്‍ സഞ്ചരിക്കണം. ചെമ്മനാട് പഞ്ചായത്ത് നേരത്തെ കാസര്‍കോടു ബ്ലോക്കിലായിരുന്നു. ഒരു പാലം കടന്നാല്‍ ചെമ്മനാടുകാരന് കാസര്‍കോട് ‘ബ്ലോക്കു പഞ്ചായത്തിലെത്താമായിരുന്നു. ഇപ്പോള്‍ 30 കിലോമീറ്ററോളം സഞ്ചരിക്കണം.
ഇതേ അവസ്ഥ തയൊണ് വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി പഞ്ചായത്തു നിവാസികളും അനുഭവിക്കുന്നത്. പരപ്പ ബ്ലോക്കിലായിരുന്നു നേരത്തെ ഈ പഞ്ചായത്തുകള്‍. ഇപ്പോള്‍ നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിനോട് ചേര്‍ത്തു. ഈസ്റ്റ് എളേരി പഞ്ചായത്തിലെ ജനങ്ങള്‍ക്ക് പഞ്ചായത്ത് ആസ്ഥാനത്ത് നി്ന്ന് 50-ല്‍ അധികം കിലോ മീറ്റര്‍ സഞ്ചരിച്ചാല്‍ മാത്രമേ പുതിയ ‘ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനമായ നീലേശ്വരത്ത് എത്തിച്ചേരാനാവൂ. അതായത് ബസില്‍ മിനിമം ചാര്‍ജ് കൊടുത്തും കാല്‍നടയായും സൗകര്യപ്രദമായി ‘ബ്ലോക്കു പഞ്ചായത്ത് ഓഫീസിലെത്തിയിരുന്ന പൗരനെ മുപ്പതും നാല്‍പ്പതും കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ നിര്‍ബന്ധിതമാക്കുന്നതാണ് പുതിയ പരിഷ്കാരം. ആരാണ് ഈ പരിഷ്കാരത്തിന്റെ ഗുണഭോക്താവ്? ഈ പരിഷ്കാരം കൊണ്ട് ജനങ്ങള്‍ക്ക് എന്തുപയോഗം?
എല്ലാ ജില്ലകളിലുമുണ്ട് ഇത്തരം ഉദാഹരണങ്ങള്‍. ഇടുക്കിയില്‍ 80 കിലോമീറ്റര്‍ വരെ സഞ്ചരിച്ചേ പുതിയ ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനത്ത് എത്തിച്ചേരാന്‍ കഴിയൂ. അതില്‍ത്തന്നെ 32 കിലോമീറ്റര്‍ വനത്തിലൂടെ സഞ്ചരിക്കണം. ലീഗിന്റെ ഇത്തരം ചെയ്തികള്‍ കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഉമ്മന്‍ചാണ്ടി ആഗ്രഹിക്കുന്നതും ഇതു തന്നെയാണ്. എങ്കിലേ അരുവിക്കരയിലേതുപോലെ കേരളത്തില്‍ ജയിച്ചുകയറാനുളള ശ്രമം തുടരാന്‍ പറ്റൂ. ഒരു വര്‍ഗീയകക്ഷിയ്ക്കും പങ്കാളിത്തമില്ലാത്ത സര്‍ക്കാര്‍ ആണ് എല്‍ഡിഎഫിന്റെ ലക്ഷ്യം.
This post was last modified on December 27, 2016 3:19 pm
Leave a Comment