X

ഹോണ്ടുറാസ്; പരിസ്ഥിതി സ്‌നേഹികളുടെ മരണത്താഴ്‌വര

അഴിമുഖം പ്രതിനിധി

ഹോണ്ടുറാസില്‍ ബെര്‍ട കാസറെസെന്ന പരിസ്ഥിതി പ്രവര്‍ത്തക സ്വന്തം വീട്ടില്‍ വെച്ച് കൊല്ലപ്പെട്ടത് 2016 മാര്‍ച്ച് രണ്ടിനാണ്. ജനജീവിതം ദുരിതമാക്കുന്ന തരത്തിലുള്ള ജലവൈദ്യുത പദ്ധതികള്‍ക്കെതിരെയുള്ള അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി പേര്‍ പിന്തുണച്ചിരുന്നു. കാസറെസിന്‍റെ കൊലപാതകം ഞെട്ടലുളവാക്കിയെങ്കിലും അദ്ഭുതപ്പെടുത്തിയില്ല. കാസറെസിന് നിരന്തരം ഭീഷണികള്‍ ലഭിച്ചിരുന്നു. കാസറെസിന് സംരക്ഷണം നല്‍കണമെന്ന് മനുഷ്യാവകാശ സംരക്ഷണം മുന്‍നിര്‍ത്തിയുള്ള ഇന്‍റര്‍-അമേരിക്കന്‍ കമ്മീഷന്‍ ഹോണ്ടുറാസ് ഗവണ്‍മെന്‍റിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നിട്ടും ഭീഷണികളുടെ ശക്തി കുറഞ്ഞിരുന്നില്ല. 

കാസറെസിന്‍റേത് ഒറ്റപ്പെട്ട സംഭവമല്ല. ആംനെസ്റ്റി ഇന്‍റര്‍നാഷണലിന്‍റെ റിപ്പോര്‍ട്ട് പ്രകാരം ഗ്വാട്ടിമാലയും ഹോണ്ടുറാസുമാണ് പരിസ്ഥിതി സംരക്ഷകര്‍ ഏറ്റവും അധികം ഭീഷണി നേരിടുന്ന സ്ഥലങ്ങള്‍. കഴിഞ്ഞ വര്‍ഷം എട്ട് പ്രവര്‍ത്തകരാണ് ഹോണ്ടുറാസില്‍ കൊല്ലപ്പെട്ടത്. 10 പേര്‍ ഗ്വാട്ടിമാലയിലും കൊല്ലപ്പെട്ടു. പരിസ്ഥിതി വിഷയങ്ങള്‍ക്കും ഭൂമിപ്രശ്നങ്ങളിലും ഇടപെടുന്ന പ്രവര്‍ത്തകരെയാണ് രണ്ടിടങ്ങളിലും നിര്‍ദയം കൊന്നു തള്ളിയിരിക്കുന്നത്. അധികൃതര്‍ ഏര്‍പ്പെടുത്തുന്ന സുരക്ഷകളൊന്നും തന്നെ ഇവരെ സംരക്ഷിക്കുന്നതിന് ഉപകരിക്കാറില്ല എന്നതാണ് വസ്തുത. ബെര്‍ട കാസറെസ് വധം മനുഷ്യാവകാശത്തിനു വാദിക്കുന്നവരെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. കാസറെസിന്‍റെ കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണം ഫലപ്രദമായ വഴികളിലല്ലാത്തത് സാമ്പത്തിക നേട്ടത്തിന് ആര്‍ക്ക് ആരെ വേണമെങ്കിലും വെടിവെച്ച് വീഴ്ത്താമെന്ന സന്ദേശമാണ് നല്‍കുന്നത്.

ആക്ടിവിസ്റ്റുകള്‍ക്ക് നല്ല സാഹചര്യമല്ല ഹോണ്ടുറാസില്‍ എന്നാണ് ഇത്തരം പ്രവണതകള്‍  സൂചിപ്പിക്കുന്നത്. ഗ്ലോബല്‍ വിറ്റ്നസിന്‍റെ റിപ്പോര്‍ട്ട് പ്രകാരം ലോകത്താകമാനം പരിസ്ഥിതി ആക്ടിവിസത്തിന് കൊല്ലപ്പെട്ടവരുടെ എണ്ണം വളരെ കൂടുതലാണ്. 2015നേക്കാള്‍ 59 ശതമാനം വര്‍ധനവാണ് ഈ വര്‍ഷമുണ്ടായിരിക്കുന്നത്. പൈതൃകമായി ലഭിച്ച ഭൂമി സംരക്ഷിക്കാന്‍ ശ്രമിച്ചവരാണ് അവരിലധികവും. കൊല്ലപ്പെട്ടവരുടെ കേസ് അന്വേഷിക്കുന്നതില്‍ ഗവണ്‍മെന്‍റ് പരാജയപ്പെട്ടതായി ആംനസ്റ്റിയുടെ റിപ്പോര്‍ട്ട് പറയുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഇത്തരം ക്രൂരമായ ആക്രമണങ്ങളുടെ ഇരകളാകുന്നത് തുടര്‍ന്നു കൊണ്ടിരിക്കുന്നു

This post was last modified on December 27, 2016 2:29 pm