X

ഹോങ്കോങ് ജനാധിപത്യ പ്രക്ഷോഭം: എംപിമാരെ ചൈന പുറത്താക്കി

അഴിമുഖം പ്രതിനിധി

ഹോങ്കോങില്‍ ജനാധിപത്യ പ്രക്ഷോഭ നേതാക്കളായ രണ്ട് എംപിമാരെ ചൈന പുറത്താക്കി. കൂടുതല്‍ സ്വയംഭരണാവകാശങ്ങള്‍ ആവശ്യപ്പെട്ടാണ് പ്രക്ഷോഭം. സ്വാതന്ത്ര്യ പ്രക്ഷോഭകാരികളായ എം.പിമാര്‍ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് ചൈനയുടെ നിലപാട്.

മുന്‍ ബ്രിട്ടീഷ് കോളനിയായ ഹോങ്കോങ് 1997 മുതല്‍ ചൈനയുടെ അധീനതയിലാണ്. ഇതിന് ശേഷം ചൈന നടത്തുന്ന ഏറ്റവും വലിയ ഇടപെടലായാണ് എംപിമാരെ പുറത്താക്കിയ നടപടി വിലയിരുത്തപ്പെടുന്നത്. ചൈനയിലെ മറ്റ് പ്രദേശങ്ങള്‍ക്കില്ലാത്ത പ്രത്യേക അവകാശങ്ങളും പ്രത്യേക പാര്‍ലമെന്‌റും നിയമങ്ങളും ഹോങ്കോങിനുണ്ട്. യൗ വായ് ചിംഗ് ബാഗിയോ ല്യൂംഗ് എന്നിവരെയാണ് പുറത്താക്കിയത്. കഴിഞ്ഞ മാസം സത്യപ്രതിജ്ഞ ചെയ്ത സമയത്ത് തന്നെ ഇവര്‍ വിമതത്വം പ്രകടമാക്കിയിരുന്നു. ചൈനയോട് കൂറ് പ്രഖ്യാപിക്കാന്‍ വിസമ്മതിച്ച ഇവര്‍ ഹോങ്കോങ് ഈ നോട്ട് ചൈന എന്നെഴുതിയ കൊടിയും പിടിച്ചിരുന്നു.

ഇവരുടെ സത്യപ്രതിജ്ഞയ്ക്ക് നിയമപരമായി സാധുതയില്ലെന്നാണ് ചൈനയുടെ നിലപാട്. പദവികളില്‍ തുടരാന്‍ താല്‍പര്യമുള്ളവര്‍ ചൈനയുടെ ഉപാധികളില്ലാതെ കൂറ് പ്രഖ്യാപിക്കണമെന്ന ചൈന ആവശ്യപ്പെട്ടു. ഹോങ്കോങ് സ്‌പെഷല്‍ അഡ്മിനിസ്‌ട്രേറ്റീവ് റീജിയണ്‍ ഓഫ് ദ പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയോട് കൂറ് പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. സ്വയംഭരണാവകാശം സംബന്ധിച്ച് ആവശ്യം നിലവിലുള്ള ടിബറ്റിലേയ്ക്കും സിങ്ജിയാങ് പ്രവിശ്യയിലേയ്ക്കും ജനാധിപത്യ പ്രക്ഷോഭം പടരുമെന്ന ഭീതി കൊണ്ടാണ് ചൈന ഇവരെ പുറത്താക്കിയതെന്നാണ് ഹോങ്കോങ് ഡെമോക്രാറ്റി പാര്‍ട്ടി ചെയര്‍പേഴ്‌സണ്‍ എമിലി ലോ പറയുന്നത്.

ഹോങ്കോങിന്‌റെ പ്രത്യേക അവകാശങ്ങള്‍ കവര്‍ന്നെടുക്കാനും ചൈനയുടെ മറ്റ് പ്രദേശങ്ങളിലെന്ന പോലെ സ്വേച്ഛാധിപത്യം അടിച്ചേല്‍പ്പിക്കാനുമുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നാണ് ജനാധിപത്യ പ്രക്ഷോഭകാരികളുടെ ആരോപണം. ചൈനീസ് ഇടപെടലിനെതിരെ ഇന്നലെ സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചില്‍ 13,000 പേരാണ് പങ്കെടുത്തത്. ഇവര്‍ പൊലീസുമായി ഏറ്രുമുട്ടി.

This post was last modified on December 27, 2016 2:18 pm