X

സിയാചിന്‍ ഹിമപാതം കാണാതായ 10 സൈനികര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു

അഴിമുഖം പ്രതിനിധി

സിയാചിനിലെ വടക്കന്‍ മേഖലയിലെ ഇന്ത്യന്‍ സൈനിക ക്യാമ്പിനു മുകളിലേക്ക് ഉണ്ടായ ഹിമപാതത്തെ തുടര്‍ന്ന് കാണാതായ 10 സൈനികരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നു. ഒരു കിലോമീറ്റര്‍ നീളവും 600 മീറ്റര്‍ ഉയരവുമുള്ള മഞ്ഞുമലയാണ് സൈനിക പോസ്റ്റിനു മുകളിലേക്ക് പതിച്ചത്.

അപകടമുണ്ടായി ഒരു ദിനം പിന്നിട്ടിരിക്കെ ഓരോ നിമിഷവും വിലയേറിയതാണെന്ന് രക്ഷാപ്രവര്‍ത്തനം നടത്തുന്ന സൈനികര്‍ പറയുന്നു. ഇവിടെ താപനില മൈനസ് 30 ഡിഗ്രിയാണെന്ന്. അതീവ അപായങ്ങള്‍ ഒളിച്ചിരിക്കുന്ന മേഖല കൂടിയാണിത്.

ലോകത്തിലെ ഏറ്റവും മികച്ച പരിശീലനം ലഭിച്ച സൈനികരാണ് ഇവിടെ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. സൈനികര്‍ വസിച്ചിരുന്ന ഫൈബര്‍ ഉപയോഗിച്ച് നിര്‍മ്മിച്ച വീടുകള്‍ ഈ കനത്ത ഹിമപാതത്തെ അതിജീവിച്ചിരിക്കുമോയെന്ന ഭീതിയുണ്ട്. 15,000 അടി മുകളിലുള്ള സിയാച്ചിനിലെ സൈനികര്‍ക്ക് ഓക്‌സിജന്‍ സിലിണ്ടര്‍ ലഭ്യമാണ് എന്നതാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന ഏക പ്രതീക്ഷാ കിരണം. അപകടത്തില്‍പ്പെട്ട സൈനികര്‍ ശ്വാസം മുട്ടി മരിക്കില്ലെന്ന പ്രതീക്ഷയാണുള്ളത്. എന്നാല്‍ സമയം കഴിയുന്തോറും ഓക്‌സിജന്റെ ലഭ്യത കുറഞ്ഞു വരും എന്നത് ഒരു വെല്ലുവിളിയാണ്.

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധ മേഖലയാണ് സിയാചിന്‍. 20,000 അടി ഉയരമുണ്ട്. ഇന്ത്യയും പാകിസ്താനും തമ്മിലെ നേരിട്ടുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നതിനേക്കാള്‍ അധികം സൈനികര്‍ ഇവിടെ കാലാവസ്ഥാ പ്രശ്‌നങ്ങങ്ങളില്‍പ്പെട്ട് മരിക്കുന്നുണ്ട്.

This post was last modified on December 27, 2016 3:39 pm