X

മോദിയുടെ തെരഞ്ഞെടുപ്പ് റാലിക്കു വേണ്ടി വെട്ടി നശിപ്പിച്ചത് നൂറു കണക്കിന് മരങ്ങള്‍

അഴിമുഖം പ്രതിനിധി

ബിഹാറില്‍ നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് റാലിക്കുവേണ്ടി സ്ഥലമൊരുക്കുന്നതിനായി വെട്ടിനശിപ്പിച്ചത് നൂറു കണക്കിന് മരങ്ങള്‍. മധേപുരയില്‍ സംഘടിപ്പിക്കുന്ന മോദി പങ്കെടുക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് റാലിയ്ക്കായാണ് മരങ്ങള്‍ വെട്ടിയും പിഴുതുമാറ്റിയും സ്ഥലമൊരുക്കുന്നത്. നവംബര്‍ ഒന്നിനാണ് ഇവിടെ പ്രധാനമന്ത്രിയുടെ റാലി നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്.

ഫലവൃഷങ്ങള്‍ ഉള്‍പ്പെടെയുള്ള നൂറുകണക്കിനു മരങ്ങളാണ് ബി പി മണ്ഡല്‍ യൂണിവേഴ്‌സിറ്റി കാമ്പസിലായി ഒരുക്കുന്ന യോഗസ്ഥലത്തിനായി നശിപ്പിച്ചതെന്നു ദേശീയ മാധ്യമം ആയ ടൈംസ് ഓഫ് ഇന്ത്യ മധേപുര ജില്ല ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു കൊണ്ടു റിപ്പോര്‍ട്ട് ചെയ്യുന്നൂ.

മധേപുരയിലെ ഒരു ന്യൂസ് പോര്‍ട്ടലായ മധേപുരടൈംസ് ആണ് ഈ വിവരങ്ങള്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. പോര്‍ട്ടലിന്റെ എഡിറ്ററായ രുദ്ര നരെയ്ന്‍ യാദവ് പറയുന്നത് 400 മുതല്‍ 500 വരെ മരങ്ങളാണ് മോദിയുടെ റാലിക്കായി നശിപ്പിക്കുന്നതെന്നാണ്. രണ്ടു വര്‍ഷം പ്രായമായ വിവിധ ഗണത്തില്‍പ്പെട്ട ആയിരത്തിലധികം ചെടികളും ഇവിടെ വെട്ടി നശിപ്പിക്കുകയും പിഴുതു മാറ്റപ്പെടുകയും ചെയ്തിട്ടുള്ളതായി യാദവ് ആരോപിക്കുന്നു.

മരങ്ങള്‍ വെട്ടിമാറ്റി പ്രധാനമന്ത്രിക്കു യോഗം സ്ഥലം ഒരുക്കുന്ന നടപടിക്കെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്നുള്‍പ്പെടെ ശക്തമായ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. മോദിയുടെ റാലിക്കുവേണ്ടി ഇവിടെ നിരവധി വൃക്ഷങ്ങള്‍ ബലികഴിക്കപ്പെടുകയാണ്. ഇന്ത്യയുടെ പ്രകൃതിസംരക്ഷണത്തിനു അല്‍പ്പംപോലും ശ്രദ്ധകൊടുക്കുന്നൊരാള്‍ അല്ല മോദിയെന്ന് വ്യക്തമാവുകയാണ് ഇതിലൂടെയെന്നും ബിഹാറിലൈ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനായ രഞ്ചീവ് വിമര്‍ശിക്കുന്നു.

എന്നാല്‍ സംഭവം വാര്‍ത്തയായടതോടെ യൂണിവേഴ്‌സിറ്റി അധികൃതര്‍ നല്‍കുന്ന വിശദീകരണം, തങ്ങള്‍ യോഗം നടത്താനുള്ള അനുമതി മാത്രമാണ് നല്‍കിയിരിക്കുന്നതെന്നും മരം മുറിക്കാന്‍ അനുവാദം കൊടുത്തിട്ടില്ലെന്നുമാണ്. 

അതേസമയം, ഏതെങ്കിലും തരത്തിലുള്ള നാശനഷ്ടങ്ങള്‍ കാമ്പസില്‍ ഉണ്ടാവുകയാണെങ്കില്‍ അതിന്റെ നഷ്ടപരിഹാരം തങ്ങള്‍ നല്‍കാമെന്നു ബിജെപി ജില്ല പ്രസിഡന്റ് രേഖാമൂലം ജില്ലാ ഭരണകൂടത്തിന് എഴുതി നല്‍കിയിട്ടുണ്ടെന്നു പറയുന്നു. മരങ്ങള്‍ മുറിച്ചുമാറ്റിയതിനു പകരമായി പുതിയവ നട്ടുപിടിപ്പിക്കുമെന്നും പാര്‍ട്ടി ജില്ല പ്രസിഡന്റി ആയ അനില്‍ കുമാര്‍ യാദവ് പറയുന്നു.

This post was last modified on December 27, 2016 3:24 pm