X

227.5 ബില്യണ്‍ രൂപയുടെ ഇടപാടുകള്‍; ബിറ്റ്‌കോയിന്‍ പോലുള്ള ക്രിപ്‌റ്റോകറന്‍സി ഇടപാടുകാര്‍ക്ക് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

ഇന്ത്യയില്‍ നിന്നും പ്രതിമാസം 200,000 ഇടപാടുകാരാണ് ഈ രംഗത്തേക്ക് ഇറങ്ങുന്നതെന്നാണ് കണക്ക്

കഴിഞ്ഞ 17 മാസത്തിനിടയില്‍ രാജ്യമെമ്പാടും നടന്ന വിനിമയങ്ങളെ കുറിച്ചുള്ള സര്‍വെയില്‍ 3.5 ബില്യണ്‍ യുഎസ് ഡോളറിന്റെ (ഏകദേശം 227.5 ബില്യണ്‍ രൂപ) ക്രിപ്‌റ്റോകറന്‍സി ഇടപാടുകള്‍ നടന്നു എന്ന് വ്യക്തമായതിനെ തുടര്‍ന്ന് പതിനായിരക്കണക്കിന് ആളുകള്‍ക്ക് നോട്ടീസ് അയയ്ക്കാന്‍ ആദായനികുതി വിഭാഗം തീരുമാനിച്ചു. സാങ്കേതിക പ്രേമികളായ യുവാക്കള്‍, റിയല്‍ എസ്റ്റേറ്റ് ഇടപാടുകാര്‍, ജുവലറി ഉടമകള്‍ തുടങ്ങിയവരാണ് ബിറ്റ്‌കോയിന്‍ പോലെയുള്ള ക്രിപ്‌റ്റോകറന്‍സികളില്‍ ഇടപാട് നടത്തുന്നതെന്ന് ആദായനികുതി വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

ക്രിപ്‌റ്റോകറന്‍സി വ്യാപാരത്തെ നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ അന്വേഷിക്കുകയാണ് ലോകമെമ്പാടുമുള്ള സര്‍ക്കാരുകള്‍. മാര്‍ച്ചില്‍ അര്‍ജന്റീനയില്‍ നടക്കുന്ന ജി-20 ഉച്ചകോടിയില്‍ നയരൂപകര്‍ത്താക്കള്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഡിജിറ്റല്‍ കറന്‍സി നിക്ഷേപങ്ങള്‍ക്കെതിരെ ഇന്ത്യ സര്‍ക്കാര്‍ തുടര്‍ച്ചയായ മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ട്. പുതിയ നിക്ഷേപകര്‍ക്ക് അമിതമായ ലാഭം നല്‍കിക്കൊണ്ട് തട്ടിപ്പ് നടത്തുന്ന പദ്ധതികള്‍ക്ക് തുല്യമാണിതെന്ന് സര്‍ക്കാര്‍ വിശദീകരിക്കുന്നു.

എന്നാല്‍ ക്രിപ്‌റ്റോകറന്‍സി ഇടപാടുകള്‍ക്ക് എന്തെങ്കിലും വിലക്കേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇന്ത്യയില്‍ നിന്നും പ്രതിമാസം 200,000 ഇടപാടുകാരാണ് ഈ രംഗത്തേക്ക് ഇറങ്ങുന്നതെന്നാണ് കണക്ക്. വിര്‍ച്വല്‍ കറന്‍സി വ്യാപാരങ്ങളുടെ കടന്നുകയറ്റത്തെയും രൂപക്രമത്തെയും കുറിച്ച് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് അയയ്ക്കുന്നതെന്ന് ആദായനികുതി വകുപ്പിലെ മറ്റൊരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇടപാടുകള്‍ക്ക് നേരെ കണ്ണുംപൂട്ടിയിരിക്കാന്‍ വകുപ്പിനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇടപാടുകളുടെ നിയമപരമായ പ്രാബല്യത്തെ കുറിച്ച് അന്തിമ തീരുമാനം വരുന്നത് വരെ കാത്തിരിക്കുന്നത് ദുരന്തസമാനമായിരിക്കും.

ക്രിപ്‌റ്റോ കറന്‍സി ഉപയോഗിക്കുന്നവരോട് മൂലധന ലാഭത്തിന്റെ അടിസ്ഥാനത്തില്‍ നികുതി അടയ്ക്കാനാണ് ഇപ്പോള്‍ വകുപ്പ് ആവശ്യപ്പെടുന്നത്. മൊത്തം ആസ്തിയെ കുറിച്ചും നിക്ഷേപങ്ങള്‍ക്ക് ഉപയോഗിക്കുന്ന ധനത്തിന്റെ സ്രോതസിനെ കുറിച്ചുമുള്ള വിവരങ്ങളും നോട്ടീസില്‍ ആരാഞ്ഞിട്ടുണ്ട്. നികുതി അടവുകളില്‍ ഈ വിവരങ്ങള്‍ ചേര്‍ക്കുന്നില്ല എന്ന് മാത്രമല്ല നിക്ഷേപങ്ങളുടെ കണക്കുകള്‍ സൂക്ഷിക്കപ്പെടുന്നുമില്ലെന്നും വകുപ്പ് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വര്‍ഷം 1700 ശതമാനം വളര്‍ച്ച നേടിയ ബിറ്റ്‌കോയിനാണ് ക്രിപ്‌റ്റോകറന്‍സികളില്‍ ഏറ്റവും വലുത്. ലോകത്തെമ്പാടുമുള്ള ചില്ലറ ഇടപാടുകാര്‍ ഈ രംഗത്തേക്ക് ആകര്‍ഷിക്കപ്പെടുന്നതും ഈ വളര്‍ച്ച മൂലമാണ്. ഈ വലിയ ലാഭങ്ങളാണ് തട്ടിപ്പുകളില്‍ നിന്നും ഇടപാടുകാരെ രക്ഷിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് വരാന്‍ ആഗോള നിയന്ത്രണ ഏജന്‍സികളെ പ്രേരിപ്പിക്കുന്നത്.

ബിറ്റ് കോയിന്‍ വഴി അമിതാഭ് ബച്ചനും കുടുംബവും സമ്പാദിച്ചത് 112 കോടി രൂപ

എന്നാല്‍ നിയന്ത്രണ സംവിധാനങ്ങളില്‍ വിള്ളല്‍ വീണതായി സമീപ ആഴ്ചകളില്‍ ജപ്പാനും ചൈനയും വിമര്‍ശിച്ചിരുന്നു. ക്രിപ്‌റ്റോകറന്‍സികളുടെ ആഭ്യന്തര വ്യാപാരം നിരോധിക്കാനുള്ള തയ്യാറെടുപ്പിലാണ് തെക്കന്‍ കൊറിയ. വിര്‍ച്വല്‍ കറന്‍സികള്‍ നിയന്ത്രിക്കുന്നതിനുള്ള ഒരു സംവിധാനത്തെ കുറിച്ച് ഇന്ത്യന്‍ ധനമന്ത്രാലയത്തിന്റെ ഒരു സമിതി പഠിച്ചുവരിയാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വെളിപ്പെടുത്തി. എന്നാല്‍ ഒരു നിയന്ത്രസംവിധാനം രൂപീകരിക്കുന്നതിന് പാര്‍ലമെന്റില്‍ നിയമനിര്‍മ്മാണം നടത്തേണ്ടി വരും. എന്നാല്‍ തങ്ങള്‍ നിയമവിരുദ്ധമായി ഒന്നും ചെയ്യുന്നില്ലെന്നാണ് ക്രിപ്‌റ്റോകറന്‍സി ഇടപാട് നടത്തുന്ന സ്ഥാപനങ്ങള്‍ അവകാശപ്പെടുന്നത്.

എന്നാല്‍ വിദേശ വിനിമയങ്ങള്‍ നടത്തുന്ന നിക്ഷേപകരെ തട്ടിപ്പുകളില്‍ നിന്നും എങ്ങനെ സംരക്ഷിക്കുമെന്നതാണ് തങ്ങളുടെ ഏറ്റവും വലിയ തലവേദന എന്ന് ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതിനകം തന്നെ തങ്ങള്‍ തട്ടിപ്പുകള്‍ക്ക് ഇരയായി എന്ന പരാതിയുമായി നൂറു കണക്കിന് നിക്ഷേപകര്‍ പോലീസിനെയും കോടതികളെയും സമീപിച്ചിട്ടുണ്ടെന്ന് സൈബര്‍ ക്രൈമുകളില്‍ വൈദഗ്ധ്യം നേടിയിട്ടുള്ള സുപ്രീം കോടതി അഭിഭാഷകന്‍ പവന്‍ ഡുഗ്ഗല്‍ പറയുന്നു. എന്നാല്‍ ക്രിപ്‌റ്റോകറന്‍സി തുടച്ചു നീക്കാനാവില്ലെന്നും അതിനാല്‍ പരിമിതമായ നിയമസാധുത നല്‍കുകയും ക്രിപ്‌റ്റോ കുറ്റകൃത്യങ്ങള്‍ ഉണ്ടാവുന്നില്ലെന്ന് ഉറപ്പാക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും പവന്‍ ദുഗ്ഗല്‍ വിശദീകരിക്കുന്നു.

സൈബര്‍ ലോകത്ത് പിടിച്ചുപറിയും കൊള്ളയും

This post was last modified on January 20, 2018 11:02 am