X

റോഡില്‍ യുദ്ധവിമാനം ഇറക്കി ഇന്ത്യന്‍ വ്യോമസേന

ഇന്ത്യന്‍ വ്യോമസേനയുടെ മിറാഷ്-2000 വിമാനം ചരിത്രത്തിലാദ്യമായി റോഡിലിറക്കി. അടിയന്തരഘട്ടങ്ങളില്‍ റോഡുകളില്‍ വിമാനം ഇറക്കാനുള്ള പരിശീലനത്തിന്റെ ഭാഗമായിട്ടാണ് വിമാനം യമുന എക്‌സ്പ്രസ് വേയില്‍ മഥുരയ്ക്ക് സമീപം ഇറക്കിയത്. എക്‌സ്പ്രസ് വേയിലെ മൂന്ന് കിലോമീറ്റര്‍ ദൂരമാണ് റോഡ് റണ്‍വേയായി മാറ്റിയത്. ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റേയും യമുന എക്‌സ്പ്രസ് വേ അതോറിറ്റിയുടേയും ടോള്‍ അതോറിറ്റിയുടേയും സിവില്‍ പൊലീസിന്റേയും സഹകരണത്തോടെയായിരുന്നു പരിശീലനം.വളരെ രഹസ്യമായിട്ടായിരുന്നു വ്യോമസേന പരിശീലന ലാന്‍ഡിങ് നടത്തിയത്.

ഫ്രാന്‍സിന്റെ ദസാള്‍ട്ട് ഏവിയേഷന്‍ നിര്‍മ്മിച്ച നാലാം തലമുറയിലെ ഒറ്റ എഞ്ചിന്‍ വിമാനമാണ് മിറാഷ്-2000. ഈ വിമാനം ഗ്വാളിയോറില്‍ നിന്ന് പറന്നുയര്‍ന്നാണ് എക്‌സ്പ്രസ് വേയില്‍ ഇറങ്ങിയത്. അപകടഘട്ടത്തെ നേരിടാനായി ഫയര്‍ ഫോഴ്‌സിനേയും ആംബുലന്‍സിനേയും വിന്യസിക്കുകയും ചെയ്തിരുന്നു.

വിമാനം ഇറങ്ങാനായി ഉപയോഗിച്ച മൂന്ന് കിലോമീറ്റര്‍ ദൂരം വ്യോമസേന അവരുടെ നിലവാരത്തിന് അനുസരിച്ച് വികസിപ്പിച്ചിരുന്നു. വെള്ളക്കെട്ട് ഇല്ലാത്തതും വളവില്ലാത്തതും ചരിവില്ലാത്തതുമായ റോഡാണ് ലാന്‍ഡിങിനായി തെരഞ്ഞെടുത്തത്. കൂടാതെ ഈ റോഡിന്റെ വശങ്ങളില്‍ വൈദ്യുത തൂണുകളും മൊബൈല്‍ ഫോണ്‍ ടവറുകളും ഉണ്ടാകാന്‍ പാടില്ല. ചൈന, പാകിസ്താന്‍, സ്വീഡന്‍, ജര്‍മ്മനി, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് റോഡ് റണ്‍വേയുണ്ട്.  2010-ലാണ് പാകിസ്താന്‍ ആദ്യമായി റോഡില്‍ യുദ്ധവിമാനം ഇറക്കിയത്. യുദ്ധ സമയത്ത് എയര്‍ബേസുകള്‍ക്ക് തകരാര്‍ സംഭവിച്ചാല്‍ ഇത്തരം റണ്‍വേകള്‍ ഉപയോഗിക്കാനാകും എന്നതിനാല്‍ ഇവയ്ക്ക് വളരെ പ്രാധാന്യം ഉണ്ട്.

This post was last modified on December 27, 2016 3:10 pm