X

വ്യാപം അഴിമതിക്കേസ്; അപമൃത്യുവിന് ഒരു ഇരകൂടി; ഇതുവരെ കൊല്ലപ്പെട്ടവര്‍ 51

അഴിമുഖം പ്രതിനിധി

അപസര്‍പ്പക കഥപോലെയാണ് മധ്യപ്രദേശിലെ വ്യാപം അഴിമതി കേസ്. അതില്‍ ഉള്‍പ്പെട്ടവരും ബന്ധപ്പെടുന്നവരുമായ ഓരോരുത്തരായി അപമൃത്യുവിന് ഇരയാകുന്നു. മധ്യപ്രദേശ് ഗവര്‍ണറുടെ മകനില്‍ നിന്നു തുടങ്ങിയ മരണം ഇന്‍സ്‌പെക്ടര്‍ അജയ് കുമാര്‍ ഖേറില്‍ എത്തിനില്‍ക്കുമ്പോള്‍ ഇതുവരെ ഇല്ലാതായവരുടെ എണ്ണം 51.

വ്യാപം കേസ് അന്വേഷിക്കുന്ന ഇന്റലിജന്‍സ് ബ്യൂറോയിലെ സീനിയര്‍ ഇന്‍സ്‌പെക്ടറായ, 58 കാരന്‍ അജയ് കുമാര്‍ ത്രിലങ്കയില്‍വച്ച് വേഗത്തില്‍വന്നൊരു കാര്‍ ഇടിച്ചാണു കൊല്ലപ്പെടുന്നത്. അപകടത്തിനിടയാക്കിയ കാര്‍ ഓടിച്ചിരുന്നയാളെ പിടികൂടാനായില്ല. അയാളെ വലയിലാക്കാനുള്ള ശ്രമത്തിലാണെന്നു പൊലീസ് അറിയിച്ചിട്ടുണ്ട്.

കോലാര്‍ റോഡിലുള്ള അകൃതി റീട്രീറ്റ് ടൗണ്‍ഷിപ്പില്‍ പണിപൂര്‍ത്തിയായി വരുന്ന തന്റെ വീട് സന്ദര്‍ശിക്കാനായി സ്‌കൂട്ടറില്‍ വരുമ്പോഴായിരുന്നു അജയ് കുമാര്‍ അപകടത്തില്‍ പെടുന്നത്. കറുത്ത നിറമുള്ള കാര്‍ ആണ് അജയ് കുമാറിനെ ഇടിച്ചതെന്നും ഗുരുതരമായി പരിക്കേറ്റ ഇന്‍സ്‌പെക്ടര്‍ സംഭവസ്ഥലത്തു വച്ചുതന്നെ മരണപ്പെട്ടെന്നുമാണ് ഷഹാപുര പൊലീസ് നല്‍കുന്ന വിശദീകരണം.

മധ്യപ്രദേശ് സര്‍ക്കാരിനു പങ്കുണ്ടെന്നു പറയുന്ന വ്യാപം അഴിമതിക്കേസില്‍ ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഉള്‍പ്പെടുന്നവര്‍ കൊല്ലപ്പെടുന്നത് വലിയ ദുരൂഹതയായി തുടരുകയാണ്.

This post was last modified on December 27, 2016 4:12 pm