X

ഇന്ത്യയുടെ വളര്‍ച്ച നിരക്ക് 6.5 ശതമാനമായി വര്‍ദ്ധിക്കുമെന്ന് ഐ എം എഫ്

2016ല്‍ ഇന്ത്യയുടെ വളര്‍ച്ച നിരക്ക് 6.5 ശതമാനമായി വര്‍ദ്ധിക്കുമെന്ന് അന്താരാഷ്ട്ര നാണയനിധി. 2015 ല്‍ 6.3 ശതമാനവുമായിരിക്കുമെന്നും ഐഎംഎഫിന്റെ പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു.. 2014 ല്‍ ഇത് 5.8 ശതമാനമായിരുന്നു. ചൈനയുടെ മന്ദഗതിയിലുള്ള വളര്‍ച്ച മറ്റ് ഏഷ്യന്‍ രാജ്യങ്ങളുടെ പ്രതിവര്‍ഷ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുമെങ്കിലും ഇന്ത്യയില്‍ ഇത് പ്രകടമാവില്ലെന്നാണ് ഐഎംഎഫ് കണക്കാക്കുന്നത്. അന്താരാഷ്ട്ര എണ്ണ വിലയില്‍ ഉണ്ടായിട്ടുള്ള ഇടിവ് മൂലം ഉണ്ടാകുന്ന ലാഭവും നയപരിഷ്‌കരങ്ങള്‍ വഴി വ്യാവസായിക, നിക്ഷേപപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനുള്ള ശ്രമങ്ങള്‍ക്കും ഇന്ത്യയ്ക്ക് അനുകൂല ഘടകങ്ങളാവുമെന്നാണ് കണക്കാക്കപ്പെടുന്നത്.

2015-16 സാമ്പത്തിക വര്‍ഷത്തില്‍ ആഗോള വളര്‍ച്ച നിരക്കിലും ചെറിയ ഉന്മേഷം ഉണ്ടാവുമെന്നാണ് ഐഎംഎഫ് കണക്ക് കൂട്ടുന്നത്. ഇന്ധനവിലയില്‍ ഉണ്ടാവുന്ന ഇടിവ് തന്നെയാണ് ആഗോള വളര്‍ച്ചയ്ക്കും കാരണമാകുന്നത്. വരുന്ന സാമ്പത്തികവര്‍ഷത്തില്‍ ഇത് 3.5 മുതല്‍ 3.7 ശതമാനം വരെയായിരിക്കും.

ഇതിനിടെ സബ്‌സിഡികള്‍ വെട്ടിക്കുറയ്ക്കാനുള്ള നീക്കവുമായി മുന്നോട്ടുപോകുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അറിയിച്ചു.  സബ്‌സിഡികള്‍ യുക്തിപൂര്‍വമാകണമെന്നും കൂടുതല്‍ നിക്ഷേപവും വളര്‍ച്ചയും ഉറപ്പാക്കുംവിധം നയങ്ങളില്‍ സ്ഥിരതയുണ്ടാകണമെന്നും ജയ്റ്റ്‌ലി പറഞ്ഞു. ജനുവരി മുതല്‍ എല്‍പിജി സബ്‌സിഡി ബാങ്ക് വഴിയാക്കി. ഘട്ടംഘട്ടമായി എല്ലാ സബ്‌സിഡികളും യുക്തിപൂര്‍വമാക്കാനാണു ശ്രമമെന്നു കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് (സിഐഐ) ദക്ഷിണമേഖല സംഘടിപ്പിച്ച ചര്‍ച്ചയില്‍ അദ്ദേഹം പറഞ്ഞു.

This post was last modified on December 27, 2016 2:42 pm