X

വിമാന യാത്രയേക്കാള്‍ ചെലവേറിയ ഒരു കാളവണ്ടി യാത്ര

അഴിമുഖം പ്രതിനിധി

മധ്യപ്രദേശിലെ രത്‌ലത്തില്‍ നിന്നും ബിദ്രോദ് ഗ്രാമത്തിലെ ജൈന ക്ഷേത്രത്തിലേക്ക് ആറു കിലോമീറ്റര്‍ ദൂരമുണ്ട്. ഈ ദൂരം കാളവണ്ടിയില്‍ യാത്ര ചെയ്യാന്‍ നല്‍കേണ്ടത് ആറായിരത്തോളം രൂപ. അതായത് ഇന്‍ഡോറില്‍ നിന്നും ദല്‍ഹിയിലേക്കുള്ള വിമാന യാത്രാ കൂലിയേക്കാള്‍ അധികം. എന്താണ് ഈ കാളവണ്ടിയാത്രയെ ഇത്ര ആഢംബരമാക്കുന്നത്.

ഈ ഗ്രാമത്തിലെ സ്വാമി റിഷഭദേവിന്റെ ക്ഷേത്രത്തിലേക്ക് പൗഷമാസത്തിലെ അമാവാസി നാളില്‍ ദര്‍ശനം നടത്തുന്ന ആചാരം ജൈന സമൂഹത്തിലിടയിലുണ്ട്. വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ കാളവണ്ടിയില്‍ യാത്ര ചെയ്താല്‍ സമൂഹത്തിന് സൗഭാഗ്യം കൊണ്ടവരുമെന്നും അവരുടെ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കുമെന്നും അവര്‍ കരുതുന്നു.

ജനുവരി ഒമ്പതിന് രാവിലെ അഞ്ചിനും രാത്രി ഒമ്പതിനും ഇടയില്‍ ഈ ക്ഷേത്രത്തില്‍ 40,000-ത്തോളം പേരാണ് ദര്‍ശനം നടത്തിയത്.

കാറുണ്ടെങ്കിലും ഞങ്ങളുടെ ആഗ്രഹങ്ങള്‍ക്ക് സാഫല്യമുണ്ടാകാന്‍ കാളവണ്ടിയിലാണ് യാത്ര ചെയ്തതെന്ന് റിതേഷ് മേത്ത പറയുന്നു. 3000 രൂപയാണ് മേത്ത കാളവണ്ടിക്കായി ചെവഴിച്ചത്. മേത്തയെ കൂടാതെ കുടുംബത്തിലെ മറ്റ് ഏഴു അംഗങ്ങളും ക്ഷേത്ര ദര്‍ശനത്തിന് എത്തിയിരുന്നു.

രത്‌ലത്തില്‍ നിന്നും അയല്‍പക്കത്തെ ജില്ലകളില്‍ നിന്നും വിശ്വാസികള്‍ ക്ഷേത്രദര്‍ശനത്തിന് എത്തുമെന്നതിനാല്‍ മാസങ്ങള്‍ക്കു മുമ്പേ കാളവണ്ടി റിസര്‍വ് ചെയ്യേണ്ടി വന്നുവെന്നും മേത്ത കൂട്ടിച്ചേര്‍ക്കുന്നു.

ഈ മേഖലയില്‍ കാളവണ്ടികളുടെ എണ്ണം കുറവായതിനാല്‍ ദര്‍ശനത്തിനുള്ള ദിവസം അടുക്കുന്തോറും വണ്ടിയുടെ കൂലിയും വര്‍ദ്ധിക്കും. കുടുംബത്തിലെ അംഗങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നതിന് അനുസരിച്ച് കാളവണ്ടിയുടെ വലിപ്പം കൂടുകയും യാത്രാക്കൂലി 5000 മുതല്‍ 8000 വരെയാകുമെന്നും സാമൂഹിക പ്രവര്‍ത്തകനായ മഹേന്ദ്ര ഗഡിയ പറയുന്നു.

വിശ്വാസത്തിന്റെ ഭാഗമായതിനാല്‍ ഇത്രയും ചെറിയ ദൂരത്തിന് വന്‍ തുക ചെലവഴിക്കേണ്ടി വരുന്നത് കാര്യമാക്കാറില്ലെന്നും ഗഡിയ കൂട്ടിച്ചേര്‍ക്കുന്നു.

കര്‍ഷകരാണ് കാളവണ്ടിയുടമകള്‍ എന്നതിനാല്‍ ഈ അവസരം അവര്‍ക്കും നല്ലൊരു വരുമാനത്തിനുള്ള മാര്‍ഗമാണ്. നടത്തുന്ന യാത്രകളുടെ എണ്ണത്തിന് അനുസരിച്ച് ഒരു ദിവസം 8,000 മുതല്‍ 12,000 രൂപ വരെ ലഭിക്കും. എങ്കിലും അങ്ങോട്ടും ഇങ്ങോട്ടും കൂടി 12 കിലോമീറ്റര്‍ ഉള്ളതിനാലും കാളകളെ ആരോഗ്യത്തിന് ഹാനികരമാകുമെന്നതിനാലും ഒരു ദിവസം രണ്ടില്‍ കൂടുതല്‍ യാത്ര നടത്താന്‍ സാധിക്കില്ലെന്ന് 35-കാരനായ കമാല്‍ ഗവാലി പറയുന്നു.

500-550-നും ഇടയില്‍ എണ്ണം കാളവണ്ടികള്‍ ഇവിടേയും സമീപ പ്രദേശങ്ങളിലുമായുണ്ട്.

ഈ അവസരം ഞങ്ങളെങ്ങനെ വേണ്ടെന്ന് വയ്ക്കുമെന്ന് ഗാവ്‌ലി ചോദിക്കുന്നു. ഇതില്‍ നിന്ന് ലഭിക്കുന്ന വരുമാനം കുട്ടികളുടെ സ്‌കൂള്‍ ഫീസ് അടയ്ക്കാന്‍ ഉപകരിക്കുമെന്ന് ഗാവ്‌ലി പറയുന്നു.

This post was last modified on December 27, 2016 3:36 pm