X

എന്‍ഫോഴ്‌സ്‌മെന്റിന് മുന്നില്‍ കീഴടങ്ങാമെന്ന പി ചിദംബരത്തിന്റെ ഹര്‍ജി തള്ളി; തിഹാറില്‍ തുടരും

നിലവിലെ സാഹചര്യത്തില്‍ പി ചിദംബരത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്നും അന്വേഷണം തുടരുകയാണെന്നും എന്‍ഫോഴ്‌സ്‌മെന്റ്

ഐഎന്‍എക്‌സ് മീഡിയ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ കീഴടങ്ങാമെന്ന മുന്‍ ധനമന്ത്രി പി ചിദംബരത്തിന്റെ ഹര്‍ജി സിബിഐ കോടതി തള്ളി. കേസില്‍ കസ്റ്റഡിയില്‍ എടുക്കേണ്ട ആവശ്യമില്ലെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വാദം. കോടതി ഇത് അംഗീകരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച വാദം പൂര്‍ത്തിയായത്.

നിലവിലെ സാഹചര്യത്തില്‍ പി ചിദംബരത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്നും അന്വേഷണം തുടരുകയാണെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സിബിഐ കോടതിയെ അറിയിച്ചു. അതേസമയം കേസില്‍ തന്നെ അറസ്റ്റ് ചെയ്യാനുള്ള നീക്കം നടക്കുന്നുണ്ടെന്ന് ചിദംബരം കോടതിയെ അറിയിച്ചു. ചിദംബരം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തന്നെ തുടരുന്നതാണ് നല്ലതെന്നും ആവശ്യം വരുമ്പോള്‍ അറസ്റ്റ് ചെയ്യാമെന്നുമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചത്. ഇത് അംഗീകരിച്ചാണ് കീഴടങ്ങാമെന്ന ഹര്‍ജി കോടതി തള്ളിയത്.

ഐഎന്‍എക്‌സ് മീഡിയ കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടാണ് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് തിഹാര്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ചിദംബരം. ഈ മാസം 19 വരെയാണ് കസ്റ്റഡി കാലാവധി.

also read:പേരാമ്പ്രയിലെ വിദ്യാർത്ഥിനിയുടെ മരണം ഷിഗെല്ല വൈറസ് ബാധിച്ചെന്ന് സംശയം

This post was last modified on September 13, 2019 5:27 pm