X

ശിവകുമാറിന്റെ ആരോഗ്യത്തിനാണ് പ്രഥമ പരിഗണനയെന്ന് കോടതി; കസ്റ്റഡി ചൊവ്വാഴ്ച വരെ നീട്ടി

ശിവകുമാറിന്റെ ആരോഗ്യനില മോശമാണ് എന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്‌വി അറിയിച്ചിരുന്നു.

പണ തട്ടിപ്പ് കേസില്‍ കസ്റ്റഡിയിലുള്ള കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിന്റെ ആരോഗ്യത്തിന് പ്രഥമ പരിഗണന നല്‍കണം എന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് ഡല്‍ഹി കോടതി. ചോദ്യം ചെയ്യുന്നതിന് മുമ്പായി ഡി കെ ശിവകുമാറിന്റെ ആരോഗ്യം ഉറപ്പുവരുത്തണമെന്ന് കോടതി ആവശ്യപ്പെട്ടു. ഇ ഡി ജോയിന്റ് ഡയറക്ടറോടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. അതേസമയം ശിവകുമാറിന്റെ കസ്റ്റഡി കാലാവധി ചൊവ്വാഴ്ച വരെ നീട്ടി. അഞ്ച് ദിവസത്തേയ്ക്ക് കസ്റ്റഡി നീട്ടണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആവശ്യപ്പെട്ടിരുന്നു.

എന്‍ഫോഴ്‌സമെന്റിന് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ എം നടരാജ് ആണ് ഹാജരായത്. ശിവകുമാര്‍ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണ് എന്നും സഹകരിക്കുന്നില്ലെന്നും നടരാജ് പറഞ്ഞു. നിക്ഷേപങ്ങളുടെ സ്രോതസ് വ്യക്തമാക്കാന്‍ ശിവകുമാറിന് കഴിഞ്ഞിട്ടില്ല എന്നും ഇ ഡി അഭിഭാഷകന്‍ വാദിച്ചു.

ശിവകുമാറിന്റെ ആരോഗ്യനില മോശമാണ് എന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്‌വി അറിയിച്ചിരുന്നു. ശിവകുമാറിനെ ഇതുവരെ 100 മണിക്കൂറിലധികം ചോദ്യം ചെയ്തിട്ടുണ്ട്. ഇന്നലെ അദ്ദേഹം ഹോസ്പിറ്റലിലായിരുന്നു. അദ്ദേഹത്തിന്റെ രക്തസമ്മര്‍ദ്ദം ഉയര്‍ന്ന നിലയിലാണ്. 200 / 140 എന്ന നിലയില്‍. സെപ്റ്റംബര്‍ മൂന്ന് മുതല്‍ ശിവകുമാര്‍ കസ്റ്റഡിയിലാണ്. ഇന്ന് പത്താമത്തെ ദിവസമാണ്. അദ്ദേഹത്തെ ആശുപത്രിയിലേയ്ക്ക് മാറ്റണം. ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കണം – സിംഗ്‌വി ആവശ്യപ്പെട്ടു. ശിവകുമാറിന്റെ മകള്‍ ഐശ്വര്യയെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തിരുന്നു.

അതേസമയം ശിവകുമാറിനും കുടുംബാംഗങ്ങള്‍ക്കും 317 ബാങ്ക് അക്കൗണ്ടുകളുണ്ട് എന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. 200 കോടി രൂപ തട്ടിയിട്ടുണ്ട്. ശിവകുമാറിനും കുടുംബത്തിനുമായി അനധികൃത സ്വത്ത് ആയി 800 കോടിയിലധികം രൂപയുണ്ട് എന്നും ഇ ഡി ആരോപിക്കുന്നു. 22 വയസുള്ള മകളുടെ പേരില്‍ പോലും 108 കോടി രൂപയുടെ സ്വത്തുണ്ട് എന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറയുന്നു. അതേസമയം 2018ലെ നിയമസഭ തിരഞ്ഞെടുപ്പിനായി ശിവകുമാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ 840 കോടി രൂപയുടെ സ്വത്തുണ്ട് എന്ന് വ്യക്തമാക്കിയിരുന്നു.

This post was last modified on September 13, 2019 7:57 pm