X

“കയ്യിലൊന്നുമില്ലാതെ ഇങ്ങോട്ട് വരാന്‍ നാണമില്ലേ?” – മോദിയോട് ചന്ദ്രബാബു നായിഡു

പ്രധാനമന്ത്രിയുടെ വിശാഖപട്ടണം സന്ദര്‍ശനത്തിന് മുന്നോടിയായി നല്‍കിയ കത്തിലാണ് നായിഡു രൂക്ഷവിമര്‍ശനം നടത്തുന്നത്.

വെറും കയ്യുമായി ആന്ധ്രപ്രദേശിലേയ്ക്ക് വരാന്‍ താങ്കള്‍ക്ക് നാണമാകുന്നില്ലേ എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ചോദ്യം. 2014ലെ ആന്ധ്രപ്രദേശ് പുനസംഘടനാ കരാറിലെ വാഗ്ദാനങ്ങള്‍ പാലിക്കാത്തതില്‍ സംസ്ഥാനത്തെ അഞ്ച് കോടി ജനങ്ങള്‍ക്ക് വിശദീകരണം നല്‍കാന്‍ പ്രധാനമന്ത്രി ബാധ്യസ്ഥനാണെന്നും ചന്ദ്രബാബു നായിഡു അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രിയുടെ വിശാഖപട്ടണം സന്ദര്‍ശനത്തിന് മുന്നോടിയായി നല്‍കിയ കത്തിലാണ് നായിഡു രൂക്ഷവിമര്‍ശനം നടത്തുന്നത്. ആക്ട് നിലവില്‍ വന്നിട്ട് 59 മാസമായി. മോദി അധികാരത്തില്‍ വന്നിട്ട് 57 മാസം. ഇതുവരെ ഒന്നും ചെയ്തില്ല. ഞാന്‍ 29 തവണ ഇക്കാര്യം സംസാരിക്കാനായി നേരിട്ട് ഡല്‍ഹിയിലെത്തി. ഒരു കാര്യവുമുണ്ടായില്ല – ചന്ദ്രബാബു നായിഡു പറഞ്ഞു.

ആന്ധ്രപ്രദേശിലെ ജനങ്ങള്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി നിങ്ങളുടെ വഞ്ചനയിലും നിങ്ങള്‍ കാട്ടിയ അനീതിയിലും രോഷാകുലരാണ്. ആന്ധ്രപ്രദേശിന്റെ ധര്‍മ്മ പോരാട്ടത്തിന് (നായിഡു ഡല്‍ഹിയില്‍ നടത്തിയ പ്രതിഷേധ ഉപവാസ സമരം) രാജ്യം മുഴുവന്‍ പിന്തുണ നല്‍കി. എന്നാല്‍ പ്രധാനമന്ത്രിയോ ബിജെപിയോ തിരിഞ്ഞുനോക്കിയില്ല. എത്രമാത്രം രോഷാകുലരാണ് ആന്ധ്രപ്രദേശുകാര്‍ എന്ന് ഞാന്‍ നിങ്ങള്‍ക്ക് മുന്നറിയിപ്പ് തരുന്നു. അഞ്ച് കോടി ജനങ്ങളുടെ പ്രതിനിധി എന്ന നിലയിലാണ് ഞാന്‍ നിങ്ങളോട് ഇത് പറയുന്നത് – നായിഡു പറയുന്നു.

പ്രത്യേക സംസ്ഥാന പദവി, പോളൊവരം വൈദ്യുതി പദ്ധതിക്ക് ധനസഹായം, തലസ്ഥാനമായ അമരാവതി, റെവന്യു കമ്മി പരിഹരിക്കല്‍, വിശാഖപട്ടണത്തും വിജയവാഡയിലും മെട്രോ റെയില്‍ കൊണ്ടുവരുക, നിയമസഭ സീറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക – ഈ വാഗ്ദാനങ്ങളെല്ലാമുണ്ടായിരുന്നു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് മുന്നോട്ടുവച്ച വാഗ്ദാനങ്ങളൊന്നും പാലിക്കാന്‍ മോദി തയ്യാറായില്ല. ഉത്തരവാദിത്തപ്പെട്ട ഉന്നത പദവിയില്‍ ഇരിക്കുന്ന താങ്കള്‍ ഇതിന് വിശദീകരണം നല്‍കാന്‍ ബാധ്യസ്ഥനാണ്. വിശാഖപട്ടണം കേന്ദ്രമാക്കി ദക്ഷിണ തീരദേശ റെയില്‍വേ സോണ്‍ കൊണ്ടുവരുമെന്ന് പറഞ്ഞ് പറ്റിച്ചു. സംസ്ഥാനത്തിന്റെ 6500 കോടി രൂപയോളം വരുമാനം ഇല്ലാതാക്കി – ചന്ദ്രബാബു നായിഡു കുറ്റപ്പെടുത്തി.

ഇത്തവണയും മോദിയുടെ സന്ദര്‍നത്തിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാന്‍ ടിഡിപി പ്രവര്‍ത്തകരോട് നായിഡു ആഹ്വാനം ചെയ്തിട്ടുണ്ട്. താന്‍ കറുത്ത ഷര്‍ട്ട് ധരിക്കുമെന്നും എല്ലാവരും കറുത്ത ഷര്‍ട്ട് ധരിച്ച് കറുത്ത കൊടികളുമായി പ്രതിഷേധിക്കണമെന്നും നായിഡു പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. നേരത്തെ മോദി ആന്ധ്രയിലെത്തിയപ്പോളും നായിഡു ആഹ്വാനം ചെയ്തത് പ്രകാരം വലിയ പ്രതിഷേധം നടന്നിരുന്നു.

അതേസമയം തമിഴ്‌നാട്ടിലും മോദിക്കെതിരെ പ്രതിഷേധം ശക്തമാണ്. 3000 കോടി രൂപയുടെ ദേശീയപാത പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാനായി കന്യാകുമാരിയിലെത്തിയ പ്രധാനമന്ത്രിയെ ‘ഗോ ബാക്ക് മോദി’ മുദ്രാവാക്യങ്ങളുമായാണ് പ്രതിഷേധക്കാര്‍ സ്വീകരിച്ചത്. കഴിഞ്ഞ മാസമെത്തിയപ്പോളും തമിഴ്‌നാട്ടില്‍ മോദിക്കെതിരെ ശക്തമായ പ്രതിഷേധമുണ്ടായിരുന്നു.

ഇത്തവണയും #GoBackModi ഹാഷ് ടാഗ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയിട്ടുണ്ട്. ചെന്നൈ സ്വദേശിയായ, പാകിസ്താന്‍ പിടികൂടുകയും ഇന്ന് പാകിസ്താന്‍ ഇന്ത്യക്ക് കൈമാറുകയും ചെയ്ത എയര്‍ഫോഴ്‌സ് വിംഗ് കമാന്റര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍ നാട്ടില്‍ മടങ്ങിയെത്തുന്ന ദിവസം തന്നെയാണ് എന്നതും ഇത്തവണത്തെ ‘ഗോ ബാക്ക്’ വിളി എന്ന പ്രത്യേകതയുണ്ട്. അഭിനന്ദനെക്കുറിച്ച് പ്രധാനമന്ത്രി യാതൊന്നും പറഞ്ഞില്ല എന്ന പരാതി വ്യാപകമായുണ്ട്. കരിങ്കൊടി കാണിച്ചും പൂര്‍ണ നഗ്നരായി വന്നുമാണ് അസമില്‍ പൗരത്വ ബില്ലിനെതിരെ പ്രതിഷേധിക്കുന്നവര്‍ കഴിഞ്ഞ മാസം മോദിക്കെതിരെ രംഗത്തുവന്നത്.

This post was last modified on March 1, 2019 3:43 pm