നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുന്നതില്‍ എന്‍ഡിഎയില്‍ എല്ലാവര്‍ക്കും അത്ര താല്‍പര്യമില്ലെന്നാണ് കേന്ദ്ര മന്ത്രിയും രാഷ്ട്രീയ ലോക് സമത പാര്‍ട്ടി നേതാവുമായ ഉപേന്ദ്ര കുശ്വാഹ പറഞ്ഞത്. വേണ്ടിവന്നാല്‍ ബിജെപിയുമായി സഖ്യമില്ലാതെ ഒറ്റയ്ക്ക് മത്സരിക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന സൂചനയാണ് നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡ് നല്‍കുന്നത്. 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് മാത്രമല്ല, 2020ലെ നിയമസഭ തിരഞ്ഞെടുപ്പ് കൂടി ലക്ഷ്യം വച്ചാണ് നിതീഷ് നീങ്ങുന്നത്. 40 സീറ്റുകളുള്ള ബിഹാര്‍, കേന്ദ്ര ഭരണം പിടിക്കാന്‍ ലക്ഷ്യമിടുന്ന പാര്‍ട്ടികള്‍ക്കെല്ലാം നിര്‍ണായകമാണ്. നിതീഷിന്റേയും കുശ്വാഹയുടേയും പാര്‍ട്ടികള്‍ കൂടെ നിന്നാലും ഇല്ലെങ്കിലും ലോക്‌സഭ തിരഞ്ഞെടുപ്പ് ബിഹാറില്‍ തങ്ങള്‍ക്ക് ഒട്ടും സുഖകരമാകില്ലെന്ന് ബിജെപി നേതൃത്വത്തിന് ബോധ്യമുണ്ട്. കഴിഞ്ഞ തവണ ശക്തമായ ഭരണവിരുദ്ധ വികാരത്തിലും മോദി തരംഗത്തിലും 22 സീറ്റ് ബിജെപി നേടിയിരുന്നു. ഇത്തവണ അത്തരമൊരു തരംഗമില്ല എന്ന് മാത്രമല്ല. വലിയ തോതില്‍ ജനവികാരം ബിജെപിക്കും ജെഡിയുവിനുമെതിരെ ഉയരുന്നുമുണ്ട്.
എന്‍ഡിഎ ഘടകകക്ഷികള്‍ക്കിടയില്‍ സീറ്റ് വിഭജനം സംബന്ധിച്ച് ചര്‍ച്ചകള്‍ സജീവമാണ് ബിഹാറില്‍. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങള്‍ തുടങ്ങിയിട്ട് മാസങ്ങളായി. ജെഡിയുവും ബിജെപിയും തമ്മിലും ജെഡിയുവും ആര്‍എല്‍എസ്പിയും തമ്മിലുമെല്ലാം ഈ അസ്വാരസ്യമുണ്ട്. നിലവിലെ ഫോര്‍മുല അനുസരിച്ച് പകുതി സീറ്റ് ബിജെപിക്കാണെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. 20 സീറ്റില്‍ ബിജെപി, 12 സീറ്റില്‍ ജെഡിയു (ജനതാദള്‍ യുണൈറ്റഡ്), ആറ് സീറ്റില്‍ എല്‍ജെഎസ്പി (ലോക് ജനശക്തി പാര്‍ട്ടി), രണ്ട് സീറ്റില്‍ ആര്‍എല്‍എസ്പി (രാഷ്ടീയ ലോക്‌സമത പാര്‍ട്ടി) എന്നിങ്ങനെയാണ് സീറ്റ് വിഭജനം ഉദ്ദേശിക്കുന്നത് എന്നാണ് ബിജെപി വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ ഒന്നും തീരുമാനിച്ചിട്ടില്ലെന്ന് ജെഡിയു ദേശീയ ജനറല്‍ സെക്രട്ടറി കെസി ത്യാഗി പറയുന്നു. ചര്‍ച്ചകള്‍ തുടരുകയാണ്. ഈ കണക്ക് എവിടെ നിന്ന് വന്നു. ഇത് ഞങ്ങള്‍ക്കൊരിക്കലും അംഗീകരിക്കാനാവില്ല – ത്യാഗി എന്‍ഡിടിവിയോട് പറഞ്ഞു.
ജെഡിയുവിന് 16 സീറ്റെങ്കിലും വേണമെന്നാണ് മറ്റൊരു മുതിര്‍ന്ന നേതാവ് പറഞ്ഞത്. ബിജെപിയും 16 സീറ്റില്‍ മത്സരിക്കട്ടെ. ബാക്കി എട്ട് സീറ്റില്‍ ആറ് സീറ്റുകള്‍ എല്‍ജെഎസ്പിക്കും ഒരു സീറ്റ് ആര്‍ജെഡി മുന്‍ എംപിയും ജന്‍ അധികാര്‍ പാര്‍ട്ടി ലോക്താന്ത്രിക് നേതാവുമായ പപ്പു യാദവിനും ഒരു സീറ്റ് കുശ്വാഹയുടെ പാര്‍ട്ടിയിലെ വിമതനും നല്‍കാമെന്നാണ് ജെഡിയു നേതാവിന്റെ നിര്‍ദ്ദേശം. എന്നാല്‍ 2014ലെ തിരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റ് നേടിയ, അതായത് തങ്ങളേക്കാള്‍ ഒരു സീറ്റ് അധികം നേടിയ കുശ്വാഹയുടെ പാര്‍ട്ടിയെ ജെഡിയു സീറ്റ് വിഭജനത്തില്‍ ഉള്‍പ്പെടുത്തിയിട്ടേയില്ല. യദുവംശികളുടെ (യാദവര്‍) പാലും കുശ് വംശികളുടെ (കുശ്വാഹ സമുദായക്കാര്‍) അരിയുമുണ്ടെങ്കില്‍ സ്വാദിഷ്ടമായ ‘ഖീര്‍’ ഉണ്ടാക്കാം എന്നാണ് ഉപേന്ദ്ര കുശ്വാഹ പറഞ്ഞത്. എന്നാല്‍ ജെഡിയു ഇത് പരിഗണിച്ചിട്ടേയില്ല. ആര്‍ജെഡി സഖ്യത്തിലേയ്ക്ക് പോകുമെന്ന സൂചന കുശ്വാഹ നല്‍കിത്തുടങ്ങിയിട്ടുണ്ട്.
കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കുന്നതില്‍ ബിജെപി പരാജയപ്പെടുകയും ഉത്തര്‍പ്രദേശില്‍ രണ്ട് പ്രധാന സിറ്റിംഗ് സീറ്റുകളിലെ ഉപതിരഞ്ഞെടുപ്പില്‍ അവര്‍ തോറ്റതും ജെഡിയുവിന് വില പേശലിനുള്ള ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്. ജൂലായിലെ ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിന് മുമ്പ് കെസി ത്യാഗി പറഞ്ഞത് ജെഡിയു തന്നെയായിരിക്കും വല്യേട്ടന്‍ എന്നാണ്. അതേസമയം ജെഡിയു വല്യേട്ടന്‍ കളിക്കുന്നു എന്ന പരാതിയുള്ള ആര്‍എല്‍എസ്പി ബിജെപിയുമായും അത്ര സുഖത്തിലല്ല. ഇത് പ്രകടമാക്കുന്നതാണ് മോദി പ്രധാനമന്ത്രിയാകണമെന്ന് എന്‍ഡിഎയില്‍ എല്ലാവരും താല്‍പര്യപ്പെടുന്നില്ല എന്ന പാര്‍ട്ടി അധ്യക്ഷനും കേന്ദ്ര മന്ത്രിയുമായ ഉപേന്ദ്ര കുശ്വാഹയുടെ പ്രസ്താവന. മോദിയെ 2019ലും പ്രധാനമന്ത്രിയാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും എന്‍ഡിഎയില്‍ ഉറച്ചുനില്‍ക്കുമെന്നുമെല്ലാം കുശ്വാഹ പറയുന്നുണ്ടെങ്കിലും ഈ പറയുന്നതിന് യാതൊരു ഉറപ്പുമില്ല എന്നാണ് സൂചന. എന്‍ഡിഎയിലെ മോശം പരിഗണനയില്‍ അതൃപ്തനായ ഉപേന്ദ്ര കുശ്വാഹയെ ആര്‍ജെഡി നേതാവ് തേജസ്വി യാദവ് തങ്ങളുടെ സഖ്യത്തിലേയ്ക്ക് ക്ഷണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എന്‍ഡിഎ വിടില്ലെന്ന് അദ്ദേഹം പറഞ്ഞത്.
കഴിഞ്ഞ തവണ ജയിച്ച 22 സീറ്റിലും മത്സരിക്കുമെന്ന് നിര്‍ബന്ധം പിടിക്കുന്ന ബിജെപി നേതാക്കളുണ്ട്. ജെഡിയുവിന് 10 സീറ്റില്‍ കൂടുതല്‍ കൊടുക്കില്ലെന്നും ഇവര്‍ പറയുന്നു. എന്നാല്‍ തങ്ങളുടെ ഫോര്‍മുല അംഗീകരിക്കാന്‍ പറ്റില്ലെങ്കില്‍ ബിജെപിക്ക് അവരുടെ വഴി നോക്കാമെന്നും ജെഡിയു ഒറ്റയ്ക്ക് തിരഞ്ഞെടുപ്പിനെ നേരിടുമെന്നുമാണ് പാര്‍ട്ടി വൃത്തങ്ങള്‍ ഇതിന് നല്‍കുന്ന മറുപടി. നിതീഷ് കുമാര്‍ പ്രധാനമന്ത്രി സ്ഥാനം ലക്ഷ്യമിടുന്നില്ലെന്നും ബിഹാറില്‍ ഒറ്റയ്ക്ക് മത്സരിച്ചാല്‍ നഷ്ടം ബിജെപിക്കായിരിക്കും എന്നും ജെഡിയു ഓര്‍മ്മിപ്പിക്കുന്നു. ജെഡിയുവിനും ബിജെപിക്കുമിടയിലുള്ള പരസ്പരം വിശ്വാസം കുറയുകയും ഭിന്നത രൂക്ഷമാവുകയുമാണ്. നിതീഷ് കുമാറിന്റെ വ്യക്തിപ്രഭാവം തകര്‍ക്കാനുള്ള നീക്കങ്ങള്‍ ബിജെപി നടത്തുന്നുണ്ട്. മുസഫര്‍പൂരില്‍ നിതീഷുമായി അടുപ്പമുള്ള ബ്രജേഷ് താക്കൂര്‍ നടത്തിയിരുന്ന പെണ്‍കുട്ടികളുടെ ഷെല്‍ട്ടര്‍ഹോമിലെ കൂട്ടബലാത്സംഗങ്ങളും ക്രൂരമായ പീഡനങ്ങളും സര്‍ക്കാരിന്റെയും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെയും പ്രതിച്ഛായയ്ക്ക് വലിയ തോതിലുള്ള മങ്ങലേല്‍പ്പിച്ചതായാണ് പൊതുവായ വിലയിരുത്തല്‍. അതേസമയം ഇത് ബിജെപിയെ ബാധിക്കില്ലെന്നും ജെഡിയുവിനെ മാത്രമാണ് ബാധിക്കുകയെന്നുമാണ് ബിജെപി വൃത്തങ്ങള്‍ പറയുന്നത്.
മറുവശത്ത് നാലില്‍ മൂന്ന് ഉപതിരഞ്ഞെടുപ്പിലും ജയിച്ച് ആര്‍ജെഡി, തേജസ്വിയുടെ നേതൃത്വത്തില്‍ ശക്തമായി മുന്നോട്ടുപോകുന്നു. പരമ്പരാഗതമായി നിതീഷ് കുമാറിന്റെ ജെഡിയുവിന് പിന്തുണ നല്‍കിയിരുന്ന ബിഹാറിലെ ദലിത് ജനവിഭാഗങ്ങളടക്കം കടുത്ത അസംതൃപ്തിയില്‍ ആര്‍ജെഡി ഭാഗത്തേയ്ക്ക് തിരിയാനുള്ള സാധ്യതയുണ്ട്. ബിജെപിയുടെ കൂടെ നിന്നാല്‍ ദലിത് രോഷം തങ്ങള്‍ക്കെതിരാകുമെന്ന ആശങ്ക ജെഡിയുവിനുണ്ട്. ഏറെ പ്രതിഷേധം ക്ഷണിച്ചുവരുത്തിയ മദ്യനയം ദലിത് വിഭാഗങ്ങളെ വലിയ തോതില്‍ സര്‍ക്കാരില്‍ നിന്ന് അകറ്റിയിട്ടുണ്ട്. നോട്ട് നിരോധനവും ജി എസ് ടിയുമടക്കമുള്ള മോദി സര്‍ക്കാരിന്റെ നയങ്ങളും വരും തിരഞ്ഞെടുപ്പുകളില്‍ പ്രതിഫലിച്ചേക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദലിത് പിന്തുണ ബിജെപിക്കാണ് കാര്യമായി കിട്ടിയത്. ഇത്തവണ ഇത് ബിജെപി പ്രതീക്ഷിക്കുന്നില്ല. ഉപേന്ദ്ര കുശ്വാഹയെ പോലുള്ളവരെ ക്ഷണിക്കുന്നതിനൊപ്പം മായാവതിയെ പോലുള്ള ദലിത് മുഖങ്ങള്‍ക്ക് ബിഹാര്‍ രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കുന്നതിന് സഹായിക്കാന്‍ തങ്ങള്‍ തയ്യാറാണ് എന്ന സൂചനയാണ് തേജസ്വി യാദവ് നല്‍കുന്നത്.
ബിജെപിയുടെ പ്രവര്‍ത്തനങ്ങളില്‍ രാം വിലാസ് പാസ്വാന്റെ ലോക്ജനശക്തി പാര്‍ട്ടിയും തൃപ്തരല്ല. രാമനവമിയോടനുബന്ധിച്ച് സംസ്ഥാനത്ത് സംഘപരിവാര്‍ അഴിച്ചുവിട്ട അക്രമങ്ങളും ബിജെപി നേതാക്കളുടെ മുസ്ലീം വിരുദ്ധ പ്രസ്താവനകളും പാസ്വാനേയും നിതീഷ് കുമാറിനേയും അസ്വസ്ഥരാക്കുകയും സംസ്ഥാന നേതൃത്വത്തെ നിലയ്ക്ക് നിര്‍ത്താണമെന്ന് കേന്ദ്ര നേതൃത്വത്തോട് ഇവര്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ടായരുന്നു. ദലിത് പീഡനം തടയുന്ന വ്യവസ്ഥകള്‍ ഭേദഗതി ചെയ്ത് എസ്എസി എസ്ടി ആക്ടിനെ ദുര്‍ബലപ്പെടുത്തുന്ന വിധം ഉത്തരവ് പുറപ്പെടുവിച്ച സുപ്രീം കോടതി മുന്‍ ജഡ്ജി എകെ ഗോയലിനെ ദേശീയ ഹരിത ട്രൈബ്യൂണല്‍ ചെയര്‍മാനായി നിയമിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരായ ശക്തമായ പ്രതിഷേധം പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനേയും പാസ്വാനും മകന്‍ ചിരാഗ് പാസ്വാനും അറിയിച്ചിരുന്നു.
This post was last modified on September 1, 2018 6:27 pm
Leave a Comment