X

2019 ലോകസഭാ തെരഞ്ഞെടുപ്പ്: അയോധ്യയിലെ രാമക്ഷേത്ര നിർമാണം കത്തിച്ചു നിർത്താൻ സംഘപരിവാർ

രാമക്ഷേത്രം പണിയുന്നതിന് നിയമനിർമാണം വേണമെന്ന ആവശ്യം ഇക്കഴിഞ്ഞയാഴ്ചയിൽ സംഘപരിവാർ സംഘടനകളും ഇതര തീവ്ര ഹിന്ദുത്വ സംഘടനകളും ശക്തമായി ഉന്നയിച്ചിരുന്നു.

2019ലെ ലോകസഭാ തെരഞ്ഞെടുപ്പിനു മുൻപ് അയോധ്യാ പ്രശ്നം ഉയര്‍ത്തിക്കൊണ്ടു വരാൻ ബിജെപി അടക്കമുള്ള സംഘപരിവാർ സംഘടനകൾ തയ്യാറെടുക്കുന്നു. 1992 മുതലുള്ള തെരഞ്ഞെടുപ്പുകളിൽ ബിജെപി ശക്തമായി ഉയര്‍ത്തിക്കൊണ്ടു വന്ന രാമക്ഷേത്ര പ്രശ്നം 1998 മുൽ വിജയത്തിലെത്തിക്കാൻ പാർട്ടിക്ക് സാധിച്ചിട്ടുണ്ട്. വരുന്ന തെരഞ്ഞെടുപ്പിലും ഈ പ്രചാരണത്തിന് ഉത്തരേന്ത്യൻ നാടുകളിൽ സ്വാധീനമുണ്ടാക്കാൻ കഴിയുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ.

രാമക്ഷേത്രം നിർമിക്കുന്നത് തടയാൻ രാജ്യത്തെ ഒരു ശക്തിക്കും സാധിക്കില്ലെന്ന് പ്രസ്താവിച്ച് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവപ്രസാദ് മൗര്യ ഇക്കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. രാമക്ഷേത്രം നിർമിക്കണമെന്ന അഭിപ്രായമാണ് ബിജെപിക്ക് എക്കാലത്തും ഉണ്ടായിരുന്നതെന്നും ഇനിയും അതങ്ങനെത്തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ‘സമയം വരുമ്പോൾ ക്ഷേത്രം നിർമിക്കുമെന്ന് ഉറപ്പിച്ചു പറയാൻ ഞങ്ങൾക്കാകും’ -മൗര്യ പറഞ്ഞു.

അയോധ്യയിൽ ഇപ്പോൾ ദീപാവലി ആഘോഷങ്ങൾ തുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞദിവസം വിദേശങ്ങളിൽ നിന്നും നാടകസംഘങ്ങൾ സ്ഥലത്തെത്തിച്ച് രാമകഥാ നാടകങ്ങൾ അവതരിപ്പിച്ചിരുന്നു സംസ്ഥാന സർക്കാർ. ഫരീദാബാദിൽ സ്ഥിതി ചെയ്യുന്ന രാംമനോഹർ ലോഹ്യ യൂണിവേഴ്സിറ്റിയിലായിരുന്നു രാമകഥാ നാടങ്ങൾ അരങ്ങേറിയത്.

രാമക്ഷേത്രം പണിയുന്നതിന് നിയമനിർമാണം വേണമെന്ന ആവശ്യം ഇക്കഴിഞ്ഞയാഴ്ചയിൽ സംഘപരിവാർ സംഘടനകളും ഇതര തീവ്ര ഹിന്ദുത്വ സംഘടനകളും ശക്തമായി ഉന്നയിച്ചിരുന്നു. ന്യൂ ഡൽഹിയിൽ ചേർന്ന അഖിൽ ഭാരതീയ സാന്ത് സമിതി (എബിഎസ്എസ്) രാമക്ഷേത്ര നിർമാണം വേണമെന്ന ആവശ്യമുന്നയിച്ചു. ശ്രീശ്രീ രവിശങ്കർ അടക്കം മുവ്വായിരത്തോളം ഹിന്ദു സന്യാസിമാരുടെ കൂട്ടായ്മയാണിത്.

ഉമാ ഭാരതിയാണ് ഇതേ ആവശ്യവുമായി രംഗത്തെത്തിയ മറ്റൊരാൾ. അയോധ്യയിൽ പള്ളി പണിയുന്നത് ഹിന്ദുക്കളെ അസഹിഷ്ണുക്കളാക്കുമെന്ന് ഉമാ ഭാരതി പ്രസ്താവിച്ചു. ബാബറി മസ്ജിദ് തകർക്കാൻ കർസേവകരെ നയിച്ച നേതാക്കളിലൊരാളാണ് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഉമാ ഭാരത്. അയോധ്യയിലേത് ഒരു ഭൂമി തർക്കമാണെന്നും വിശ്വാസത്തിന്റെ പ്രശ്നം അതിലില്ലെന്നും അവർ അവകാശപ്പെട്ടു. ഇത് കോടതിക്കു പുറത്താണ് തീർപ്പാക്കേണ്ടതെന്നും ഉമാഭാരതി പറഞ്ഞു.

രാമക്ഷേത്രം നിർമിക്കണമെന്നാവശ്യപ്പെട്ട് രംഗത്തു വന്ന മറ്റൊരാൾ പതഞ്ജലി ആയുർവ്വേദിക്കിന്റെ സ്ഥാപകനും യോഗാ അധ്യാപകനുമായ ബാബാ രാംദേവാണ്. സുപ്രീംകോടതി ഈ കേസിൽ ഉടൻ വിധി പറയുന്നില്ലെങ്കിൽ പാർലമെന്റിൽ നിയമനിർമാണം നടത്തണമെന്ന് രാംദേവ് പറഞ്ഞു.

This post was last modified on November 5, 2018 7:29 am

Related Post
Leave a Comment