X

‘അഭിനന്ദന്‍’, ‘പുൽവാമ’, ‘ബാലകോട്ട്’: സിനിമയ്ക്കായി പേരുകൾ സ്വന്തമാക്കാൻ ബോളിവുഡ് നിർമാതാക്കളുടെ മത്സരം

പുൽവാമ ആക്രമണം, ബാലകോട്ട് ആക്രമണം, അഭിനന്ദന്റെ അറസ്റ്റ് തുടങ്ങിയ വിഷയങ്ങളെ സിനിമയാക്കാനുള്ള പദ്ധതികൾക്ക് ബോളിവുഡ് നിർമാതാക്കൾ തുടക്കമിടുന്നതായി സൂചന. സിനിമയുടെ ടൈറ്റിലുകൾക്കായി പൊരിഞ്ഞ മത്സരമാണ് നടക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ‘അഭിനന്ദന്‍’, ‘പുൽവാമ’, ‘ബാലകോട്ട്’ തുടങ്ങിയ പേരുകൾ രജിസ്റ്റർ ചെയ്യാന്‍ നിർമാതാക്കൾ മത്സരിക്കുകയാണ്. സർജിക്കൽ സ്ട്രൈക്ക് 2.0, പുൽവാമ അറ്റാക്ക് തുടങ്ങിയ പേരുകളും നിർമാതാക്കളുടെ ആലോചനയിലുണ്ട്.

പാകിസ്താനുമായി സമീപദിവസങ്ങളിലുണ്ടായ സംഘർഷങ്ങൾ ‘ദേശാഭിമാന’മുണര്‍ത്തുന്ന സിനിമകളായി മാറുമെന്ന കാര്യം ഉറപ്പായിരിക്കുകയാണ്. പുൽവാമ, അഭിനന്ദൻ വർധമാൻ തുടങ്ങിയ പേരുകൾ രജിസ്റ്റർ ചെയ്യപ്പെട്ടതോടെ ഇവയിൽ ഏച്ചുകെട്ടലുകൾ ചേർത്ത് പുതിയ പേരുകളുണ്ടാക്കാനുള്ള ശ്രമങ്ങളിലാണ് മറ്റു നിർമാതാക്കൾ.

പുൽവാമ ആക്രമണത്തിനു ശേഷം യുദ്ധസിനിമകളുടെ പേരുകൾക്കു വേണ്ടി നിരവധി അപേക്ഷകളാണ് തങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് ഇന്ത്യൻ മോഷൻ പിക്ചേഴ്സ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അറിയിച്ചു. ടി സീരീസ്, അബുന്ദാന്തിയ തുടങ്ങിയ നിർമാണ കമ്പനികളുടെ പേരുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പേര് രജിസ്റ്റർ ചെയ്യാനായി ഒരു ഫോം പൂരിപ്പിച്ച് ഇന്ത്യൻ മോഷൻ പിക്ചേഴ്സ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് നൽകുകയാണ് വേണ്ടത്. 250 രൂപ ജിഎസ്ടി സഹിതം ഫീസായി അടയ്ക്കണം.