X

അമർനാഥ് ഭീകര ഭീഷണി: തീർത്ഥാടകരുടെ തിരിച്ചുവരവ് സുഗമമാക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി

അമർനാഥ് തീർത്ഥാടകരും ടൂറിസ്റ്റുകളും തങ്ങളുടെ യാത്ര എത്രയും പെട്ടെന്ന് മതിയാക്കി തിരിച്ചിറങ്ങണമെന്നാണ് ജമ്മു കശ്മീർ സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.

അമര്‍നാഥ് തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്. കശ്മീരിൽ‌ നിന്ന് അമർനാഥ് യാത്രികർ എത്രയും പെട്ടെന്ന് പിൻവാങ്ങണമെന്ന സംസ്ഥാന സർക്കാർ അറിയിപ്പ് വന്നതിനു പിന്നാലെയാണ് പഞ്ചാബ് മുഖ്യമന്ത്രി തന്റെ ഉദ്യോഗസ്ഥരോട് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. പഞ്ചാബ് സർക്കാരിന്റെ വിവിധ വകുപ്പുകൾക്കാണ് അമർനാഥ് യാത്രികരുടെ സുഖകരമായ പിന്മടക്കത്തിനുള്ള അവസരമൊരുക്കണമെന്ന നിർദ്ദേശം നൽകിയിരിക്കുന്നത്.

അമർനാഥ് തീർത്ഥാടകരും ടൂറിസ്റ്റുകളും തങ്ങളുടെ യാത്ര എത്രയും പെട്ടെന്ന് മതിയാക്കി തിരിച്ചിറങ്ങണമെന്നാണ് ജമ്മു കശ്മീർ സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. ഇപ്പോൾ താഴ്‌വരയിലുള്ള യാത്രക്കാർ മടക്കയാത്രയ്ക്കുള്ള തയ്യാറെടുപ്പ് നടത്തണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. ഭീകരാക്രമണ സാധ്യത സംബന്ധിച്ച ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചതായി സൈന്യവും പൊലീസും വെളിപ്പെടുത്തിയതിനു പിന്നാലെയാണ് സർക്കാരിന്റെ നടപടി.

യാത്രാ ചുരുക്കണമെന്നും പെട്ടെന്ന് തിരിച്ചുപോകണമെന്നും ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറി പുറത്തിറക്കിയ സുരക്ഷാ നിർദ്ദേശം പറയുന്നു. അമർനാഥ് യാത്രയെ ലക്ഷ്യം വെച്ചുള്ള ഭീകര നീക്കങ്ങൾ നടക്കുന്നുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നിർദ്ദേശമെന്നും പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിർദ്ദേശത്തിൽ വ്യക്തമാക്കി.

പാകിസ്താൻ പിന്തുണയുള്ള ഭീകരവാദികൾ അമർ‌നാഥ് യാത്രയിൽ പ്രശ്നമുണ്ടാക്കാൻ ശ്രമിക്കുകയാണെന്നാരോപിച്ച് സൈന്യവും പൊലീസും സംയുക്ത വാർത്താ സമ്മേളനം വിളിച്ചിരുന്നു. അമർനാഥ് യാത്രാ പാതയിൽ മൈനുകളും റൈഫിളുകളും ഐഇഡികളും കണ്ടെത്തിയതായി ചിനാർ കോർപ്സ് കമാൻഡർ ലെഫ്റ്റനന്റ് ജനറൽ കെജെഎസ് ധില്ലൺ ആണ് അറിയിച്ചത്. ഒരു ടെലസ്കോപ്പും കണ്ടെത്തിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ മൂന്നുനാല് ദിവസത്തിനിടെ ലഭിച്ച ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സൈന്യവും പൊലീസും ചേർന്ന് പരിശോധനകൾ സംഘടിപ്പിച്ചത്.

ജമ്മു കശ്മീരിൽ സൈനികസാന്നിധ്യം കേന്ദ്ര സർക്കാർ വർധിപ്പിക്കാൻ തയ്യാറെടുക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ സംഭവവികാസങ്ങളെന്നത് ശ്രദ്ധേയമാണ്. പാക് പട്ടാളത്തിന്റെ നേരിട്ടുള്ള സഹായത്തോടെ പ്രവർത്തിക്കുന്ന ഭീകരസംഘടനകളുടേതാണ് കണ്ടെടുത്ത ആയുധങ്ങളെന്ന് കെജെഎസ് ധില്ലൺ ആരോപിക്കുന്നു. ഇവയിൽ ഐഇഡികളും ക്രൂഡ് ബോംബുകളും ഉൾപ്പെടുന്നതായി ചിനാർ കോർപ്സ് കമാൻഡർ ലെഫ്റ്റനന്റ് ജനറൽ പറയുന്നു.

പരിശോധനകൾ തുടരുകയാണ്. സമാധാനം തകർക്കാനുള്ള ശ്രമം വിലപ്പോകില്ലെന്ന് സൈന്യം പറഞ്ഞു. കശ്മീരിൽ പത്തോളം ഐഇഡി സ്ഫോടനങ്ങൾക്കുള്ള ശ്രമങ്ങൾ തങ്ങൾ തകർത്തതായും സൈന്യം പറയുന്നു.

This post was last modified on August 3, 2019 7:03 am