കോണ്‍ഗ്രസിന്റെ അവശേഷിക്കുന്ന ശക്തി കേന്ദ്രമായ പഞ്ചാബിലും കലാപം. ആവശ്യങ്ങള്‍ അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ച് നവ്‌ജ്യോത് സിംങ് സിദ്ദു അമരീന്ദര്‍ സിംങ് മന്ത്രിസഭയില്‍നിന്ന് രാജിവെച്ചു. രാജിക്കത്ത് രാഹുല്‍ഗാന്ധിയ്ക്ക് അയച്ചതായി സിദ്ദു ട്വീറ്ററിലൂടെ അറിയിച്ചു.
മാസങ്ങളായി പഞ്ചാബ് മുഖ്യമന്ത്രിയുമായി നിലനില്‍ക്കുന്ന അഭിപ്രായ വ്യത്യാസമാണ് രാജിയില്‍ കലാശിച്ചത്. കഴിഞ്ഞമാസം നടത്തിയ മന്ത്രിസഭ പുനഃസംഘടനയില്‍ സിദ്ദുവിന് പാരമ്പര്യേതര ഊര്‍ജ്ജ വകുപ്പിന്റെ ചുമതലയായിരുന്നു നല്‍കിയത്. ഇതില്‍ പ്രതിഷേധിച്ച് അദ്ദേഹം ചുമതലയേറ്റെടുത്തിരുന്നില്ല.
മന്ത്രിയുടെ അഭാവത്തെ തുടര്‍ന്ന് മുഖ്യമന്ത്രി നേരിട്ട് സംസ്ഥാനത്തെ വൈദ്യുതിയുടെ ലഭ്യതെയുക്കുറിച്ചും മറ്റുമുള്ള യോഗം വിളിച്ചുചേര്‍ത്തിരുന്നു. നേരത്തെ തദ്ദേശ സ്ഥാപനങ്ങളുടെയും വിനോദ സഞ്ചാരവകുപ്പിന്റെയും മന്ത്രിയായിരുന്നു സിദ്ദു.
അമരീന്ദര്‍ സിങ്ങും സിദ്ദുവും തമ്മില്‍ കുറേക്കാലമായി നിലനില്‍ക്കുന്ന ഭിന്നതയാണ് പൊട്ടിത്തെറിയില്‍ കലാശിച്ചത്.
പഞ്ചാബിന്റെ ഉപമുഖ്യമന്ത്രിയായി തന്നെ നിയമിക്കണമെന്നായിരുന്നു സിദ്ദുവിന്റെ ആവശ്യം. ഇതിന് പുറമെ പിസിസി അധ്യക്ഷ സ്ഥാനവും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് രണ്ടും അംഗീകരിക്കാന്‍ ദേശീയ നേതൃത്വം തയ്യാറായില്ല. അമരീന്ദര്‍ സിംങിന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നായിരുന്നു അത്. ഒന്നുകില്‍ താന്‍ അല്ലെങ്കില്‍ സിദ്ദു എന്നായിരുന്നു അമരീന്ദര്‍ സിംങിന്റെ നിലപാട്.
സണ്ണി ഡിയോളിനോട് പരാജയപ്പെട്ടതിനെ തുടര്‍ന്ന് സുനില്‍ ജക്കര്‍ പിസിസി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞപ്പോഴാണ് ആ സ്ഥാനത്തേക്ക് തന്നെ നിയമിക്കണമെന്ന ആവശ്യം സിദ്ദു ആവശ്യപ്പെട്ടത്. ജക്കറിന്റെ രാജി കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ സ്വീകരിച്ചിട്ടില്ല. ജക്കറിനെ പിസിസി പ്രസിഡന്റ് സ്ഥാനത്ത് നിലനിര്‍ത്താനാണ് അമരീന്ദര്‍ സിംങ് ശ്രമിക്കുന്നത്.
അപ്രധാന വകുപ്പിലേക്ക് തന്നെ മാറ്റിയതിന് ശേഷം സിദ്ദു രാഹുല്‍ ഗാന്ധിയെ കണ്ട് തന്റെ ആവശ്യങ്ങള്‍ രേഖാമൂലം അറിയിച്ചിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പിലെ ചില മേഖലകളില്‍ കോണ്‍ഗ്രസിന് തിരിച്ചടിയേറ്റത് സിദ്ദുവിന്റെ മന്ത്രിസഭയിലെ മോശം പ്രകടനമായിരുന്നുവെന്ന് അമരീന്ദര്‍ സിംങ് പരസ്യമായി പ്രതികരിച്ചിരുന്നു. ഇതേ തുടര്‍ന്ന് എട്ട് മന്ത്രസഭ ഉപസമിതികളില്‍നിന്നും സിദ്ദുവിനെ നീക്കം ചെയ്യുകയും ചെയ്തു.
2004 ലാണ് ക്രിക്കറ്റ് താരം രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. അന്ന് ബിജെപി ടിക്കറ്റില്‍ അമൃത്സറില്‍നിന്ന് മല്‍സരിച്ച് വിജയിച്ചു. ഒരു കേസിനെ തുടര്‍ന്ന് സ്ഥാനം രാജിവെച്ചു. വീണ്ടും മല്‍സരിച്ച് ജയിച്ചു. 2016 ല്‍ രാജ്യസഭ അംഗമായി. എന്നാല്‍ ബിജെപി നേതൃത്വവുമായുള്ള ഭിന്നതയെ തുടര്‍ന്ന് പാര്‍ട്ടി വിട്ടു. പിന്നീട് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു.
This post was last modified on July 14, 2019 1:52 pm
Leave a Comment