X

കോൺഗ്രസ്സ് സഹകരിക്കാത്തത് സങ്കുചിതത്വം; ബംഗാളിൽ 77 ആവര്‍ത്തിക്കുമെന്ന് സിപിഎം

പശ്ചിമബംഗാളിൽ സഖ്യം ചേരാനുള്ള ചർച്ചകളിൽ നിന്നും പിൻവാങ്ങിയ കോൺഗ്രസ്സിന്റെ നിലപാട് സങ്കുചിതമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കോൺഗ്രസ്സിന്റെ നീക്കത്തെ 1977ലെ ജയപ്രകാശ് നാരായണന്റെ ജനതാ പാർട്ടിയെടുത്ത നിലപാടുമായി യെച്ചൂരി ഉപമിച്ചു. 1977ൽ ഇന്ദിരാഗാന്ധിക്കെതിരെ ബംഗാളിൽ ഒരുമിക്കാമെന്ന സിപിഎമ്മിന്റെ വാഗ്ദാനത്തെ ജനതാ പാർട്ടി തള്ളുകയാണുണ്ടായത്. തെരഞ്ഞെടുപ്പിൽ അന്നത് സിപിഎമ്മിന് നേട്ടമാണുണ്ടാക്കിയത്.

77ൽ ബംഗാളിൽ കോൺഗ്രസ്സിനെതിരെ നിലപാടുള്ള ഏക കക്ഷിയായി സിപിഎം മാറുകയുണ്ടായെന്ന് പിടിഐക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. 52% സീറ്റുകൾ നൽകാമെന്ന് സിപിഎം വാഗ്ദാനം ചെയ്തിട്ടും മൂന്നിൽ രണ്ട് സീറ്റ് വേണമെന്ന് പിടിവാശി കാണിക്കുകയായിരുന്നു കോൺഗ്രസ്സ്. ഇത്തവണയും സമാനമായ അവസരമാണ് പാർട്ടിക്ക് കൈവന്നിരിക്കുന്നത്. ത‍ൃണമൂൽ കോൺഗ്രസ്സിനെയും ബിജെപിയെയും ഒരുപോലെ നേരിടുന്ന കക്ഷിയെന്ന ബലം ഇപ്പോൾ സിപിഎമ്മിനാണുള്ളതെന്നും യെച്ചൂരി അഭിമുഖത്തിൽ പറഞ്ഞു.

സിറ്റിങ് സീറ്റുകളിൽ പരസ്പരം മത്സരം അരുതെന്ന് തങ്ങൾ ആവശ്യപ്പെട്ടിരുന്നെന്നും എന്നാൽ സങ്കുചിത നിലപാടുള്ള കോൺഗ്രസ്സ് ഇതിന് വിസമ്മതിക്കുകയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ ആകെ 2 സീറ്റ് മാത്രമാണ് ബംഗാളിൽ സിപിഎമ്മിന് നേടാനായത്. മൊത്തം 42 ലോകസഭാ സീറ്റുകളാണ് സംസ്ഥാനത്തുള്ളത്. ഇത്തവണ ബംഗാളിൽ സിപിഎം ഏറെ വിയർപ്പൊഴുക്കേണ്ട സാഹചര്യമാണുള്ളത്.

സിപിഎം-കോൺഗ്രസ്സ് ബന്ധം നടപ്പാകില്ലെന്നുറപ്പായതോടെ സംസ്ഥാനത്ത് നാല് കക്ഷികൾ തമ്മിലാണ് മത്സരം നടക്കുക.

This post was last modified on March 31, 2019 8:24 pm