X

ശിവകുമാറിന്റെ ഓപ്പറേഷനില്‍ ബിജെപി തന്ത്രം പാളുന്നു? വിമത എംഎല്‍എ രാജി പിന്‍വലിക്കും; വിശ്വാസവോട്ടിനെതിരെ യെദിയൂരപ്പ

കെ സുധാകര്‍ റാവു അടക്കമുള്ള രാജി വച്ച എംഎല്‍എമാരുമായി താന്‍ സംസാരിക്കുമെന്നും ഇതിന് ശേഷം എന്ത് ചെയ്യണമെന്ന് തീരുമാനിക്കുമെന്നും എംടിബി നാഗരാജ് പറഞ്ഞു.

കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാമെന്ന ബിജെപിയുടേയും ബിഎസ് യെദിയൂരപ്പയുടേയും കണക്കുകൂട്ടലുകള്‍ പാളുന്നതായി സൂചന. രാജി വച്ച 18 കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാരില്‍ ഒരാള്‍ രാജി പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തി. കോണ്‍ഗ്രസ് എംഎല്‍എ എംടിബി നാഗരാജ് ആണ് രാജി പിന്‍വലിക്കാന്‍ തീരുമാനിച്ചതായി അറിയിച്ചത്. ഡികെ ശിവകുമാര്‍ അടക്കമുള്ള നേതാക്കളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് രാജി തീരുമാനം പുനപരിശോധിക്കുന്നത് എന്ന് നാഗരാജ് മാധ്യമങ്ങളോട് പറഞ്ഞു. കെ സുധാകര്‍ റാവു അടക്കമുള്ള രാജി വച്ച എംഎല്‍എമാരുമായി താന്‍ സംസാരിക്കുമെന്നും ഇതിന് ശേഷം എന്ത് ചെയ്യണമെന്ന് തീരുമാനിക്കുമെന്നും എംടിബി നാഗരാജ് പറഞ്ഞു. പതിറ്റാണ്ടുകളായി താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് എന്നും നാഗരാജ് പറഞ്ഞു.

ഡികെ ശിവകുമാര്‍ നാഗരാജിനൊപ്പം ഉണ്ടായിരുന്നു. ഒരു കുടുംബമാകുമ്പോള്‍ അതില്‍ പ്രശ്‌നങ്ങളുണ്ടാകുമെന്ന് ഡികെ ശിവകുമാര്‍ പറഞ്ഞു. 40 വര്‍ഷത്തോളം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചുപോരുന്നവരാണ് നമ്മള്‍. എല്ലാം മറന്ന് നമ്മള്‍ മുന്നോട്ടുപോകണമെന്നും ഡികെ ശിവകുമാര്‍ പറഞ്ഞു. ഡികെ ശിവകുമാറിന്റെ അടുത്തയാളായി അറിയപ്പെട്ടിരുന്ന സ്വതന്ത്ര എംഎല്‍എ എച്ച് നാഗേഷ് മന്ത്രി സ്ഥാനം രാജി വച്ച് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. മുംബൈ ഹോട്ടലില്‍ കഴിഞ്ഞിരുന്ന വിമത എംഎല്‍എ കാണാനെത്തിയ ശിവകുമാര്‍ അടക്കമുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയാണുണ്ടായത്.

വിശ്വാസവോട്ട് തേടാനുള്ള സന്നദ്ധത മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി അറിയിച്ചതിന് ഇടയിലാണ് എംഎല്‍എ രാജി പിന്‍വലിക്കാന്‍ സന്നദ്ധനായി രംഗത്തെത്തിയിരിക്കുന്നത്. അതേസമയം വിശ്വാസവോട്ടിന് പിന്നില്‍ നല്ല ഉദ്ദേശമല്ല ഉള്ളത് എന്ന് പ്രതിപക്ഷ നേതാവും ബിജെപി സംസ്ഥാന അധ്യക്ഷനുമായ ബിഎസ് യെദിയൂരപ്പ അഭിപ്രായപ്പെട്ടു. വിശ്വാസ വോട്ടിനെ നേരത്തെ മുതല്‍ യെദിയൂരപ്പയും ബിജെപിയും എതിര്‍ക്കുകയാണ്.

This post was last modified on July 13, 2019 12:43 pm

Related Post
Leave a Comment