X

പാര്‍ട്ടിയും പാര്‍ട്ടി കോണ്‍ഗ്രസും; അടിയല്ല അടവാണ്

ജനറല്‍ സെക്രട്ടറിക്ക് തീര്‍ച്ചയായും വിഭാഗീയ സാധ്യതതകളെ ചെറുക്കാനുള്ള ഉത്തരവാദിത്തമുണ്ട്. പക്ഷെ ഫാഷിസ്റ്റ് വിരുദ്ധ ഐക്യമുന്നണി, വിശാല മതനിരപേക്ഷ കൂട്ടായ്മ തുടങ്ങിയ പാര്‍ലമെന്ററി രാഷ്ട്രീയ അടവുനയങ്ങളില്‍ ഇത്തരം സമവായം തേടല്‍ യെച്ചൂരിയെ സംബന്ധിച്ചും ഇന്ത്യയിലെ ഇടതുപക്ഷ രാഷ്ട്രീയത്തെ സംബന്ധിച്ചും വലിയ ക്ഷീണമാകുമെന്നാണ് വിലയിരുത്തല്‍.

വിഎസ് – പിണറായി തല്ല് പിരിക്കലും വിഭാഗീയതയുമായിരുന്നു ഏതാണ്ട് ഒരു പതിറ്റാണ്ട് കാലം സിപിഎമ്മിന്റെ സമയത്തില്‍ നല്ലൊരു പങ്കും അപഹരിച്ചിരുന്നത്. ഇപ്പോള്‍ രണ്ട് വര്‍ഷത്തോളമായി സിപിഎമ്മിനകത്ത് ഭിന്നതയുണ്ടാക്കുന്നത് രാഷ്ട്രീയ അടവുനയം സംബന്ധിച്ച ചര്‍ച്ചയാണ്. സംഘടനാ പ്രശ്‌നങ്ങളിലും തര്‍ക്കങ്ങളിലും മാത്രം കേന്ദ്രീകരിച്ചിരുന്ന സംഘടന ഇത്തരത്തിലുള്ള രാഷ്ട്രീയ ചര്‍ച്ചകളിലേയ്ക്ക് വീണ്ടും സജീവമായി എത്തുന്നത് പോസിറ്റിവ് ആയിരിക്കും. 1964ലെ പോലെ കോണ്‍ഗ്രസ് തന്നെയാണ് ഇപ്പോഴും പ്രശ്‌നക്കാരന്‍. ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യ – മതനിരപേക്ഷ രാഷ്ട്രീയ കക്ഷിയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനോട്, ഇന്ത്യന്‍ ബൂര്‍ഷ്വാസിയുടെ ഏറ്റവും ലക്ഷണമൊത്ത രാഷ്ട്രീയ പ്രതിനിധിയായ കോണ്‍ഗ്രസിനോട് എന്ത് സമീപനം സ്വീകരിക്കണം എന്ന പ്രശ്‌നം. കോണ്‍ഗ്രസുമായി ഒരു തരത്തിലുമുള്ള സഹകരണവും പാടില്ലെന്ന് പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് അടക്കമുള്ളവരും കേരള ഘടകവും  വാദിക്കുന്നു. അല്ലെങ്കില്‍ അത്തരത്തില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബിജെപി-സംഘപരിവാര്‍ ഫാഷിസ്റ്റ് ഭീഷണിയെ നേരിടാന്‍ വിശാല മതനിരപേക്ഷ ഐക്യവും കോണ്‍ഗ്രസ് അടക്കമുള്ള എല്ലാ മതേതര ജനാധിപത്യ കക്ഷികളുമായും സഹകരണവും വേണ്ടി വരുമെന്നാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ളവരുടെ നിലപാട്.

22-ാം പാര്‍ട്ടി കോണ്‍ഗ്രസിനുള്ള കരട് രാഷ്ട്രീയ രേഖ വലിയ ചര്‍ച്ചയാവുകയാണ്. നേരത്തെ ഒക്ടോബറില്‍ യെച്ചൂരിയുടെ നിലപാട് പൊളിറ്റ് ബ്യൂറോ തള്ളിയിരുന്നു. എന്നാല്‍ കേന്ദ്ര കമ്മിറ്റി യെച്ചൂരിയുടേയും കാരാട്ടിന്റേയും അടവുനയ ലൈനുകള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. സിസി ഒന്നും അംഗീകരിക്കുകയോ തള്ളുകയോ ചെയ്തിട്ടില്ലെന്നും എല്ലാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ പരിഗണനയ്ക്ക് വരുമെന്നുമാണ് യെച്ചൂരി അന്ന് പറഞ്ഞത്. ബിജെപി തന്നെയാണ് മുഖ്യശത്രുവെന്നും March Sepataely, but strike together എന്നതാണ് ബിജെപിക്കെതിരായ ഐക്യമുന്നണിയില്‍ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളോടുള്ള സിപിഎമ്മിന്റെ സമീപനമെന്ന് യെച്ചൂരി പറഞ്ഞു. ഈ മുദ്രാവാക്യം ആദ്യം ഉയര്‍ത്തിയത് ഒക്ടോബര്‍ വിപ്ലവത്തിന്‍റെ പ്രധാന നേതാക്കളില്‍ ഒരാള്‍ ആയിരുന്ന ലിയോണ്‍ ട്രോത്സ്കിയാണ്. യൂറോപ്പില്‍ വളര്‍ന്നുവന്ന ഫാഷിസ്റ്റ്‌ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് ഇതിനെതിരെ ആവശ്യമായ ഐക്യമുന്നണിയെക്കുറിച്ച് ട്രോത്സ്കി പറഞ്ഞത്. അഡോള്‍ഫ് ഹിറ്റ്‌ലറും നാസി പാര്‍ട്ടിയും ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ ഇതിനോട് ജര്‍മ്മന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്വീകരിക്കുന്ന സമീപനത്തിന്റെ പ്രശ്‌നങ്ങളിലേയ്ക്കാണ് 1931 ഡിസംബറിലെഴുതിയ ലേഖനത്തില്‍ ട്രോത്സ്‌കി വിരല്‍ ചൂണ്ടുന്നത്.

“വേറിട്ട് നടക്കാം പക്ഷെ ഒരുമിച്ച് ആക്രമിക്കണം”: ‘കുലംകുത്തി’ ട്രോത്സ്‌കിയെ കൂട്ടുപിടിച്ച് യെച്ചൂരി

അഡോള്‍ഫ് ഹിറ്റ്‌ലറും നാസി പാര്‍ട്ടിയും ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ ഇതിനോട് ജര്‍മ്മന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്വീകരിക്കുന്ന സമീപനത്തിന്റെ പ്രശ്‌നങ്ങളിലേയ്ക്കാണ് 1931 ഡിസംബറിലെഴുതിയ ലേഖനത്തില്‍ ട്രോത്സ്‌കി വിരല്‍ ചൂണ്ടുന്നത്. ഭീരുക്കളായ അവസരവാദികളാണ് കേന്ദ്ര കമ്മിറ്റി അംഗങ്ങളില്‍ പലരുമെന്നതാണ് ജര്‍മ്മന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രശ്‌നമെന്ന് ട്രോത്സ്‌കി അഭിപ്രായപ്പെടുന്നു. പാര്‍ലമെന്ററി ധാരണകളും ജനകീയ പോരാട്ടങ്ങളും തമ്മിലുള്ള വ്യത്യാസം ഇവര്‍ക്ക് മനസിലാവുന്നില്ല. സോഷ്യല്‍ ഡെമോക്രാറ്റുകളുടെ പൊള്ളത്തരം തുറന്നുകാട്ടുക എന്നതിനല്ല ഇപ്പോള്‍ പ്രാധാന്യം, ഫാഷിസത്തിനെതിരായ പോരാട്ടത്തിനാണ്. ഇവിടെയാണ് കമ്മ്യൂണിസ്റ്റ്കാരും സോഷ്യല്‍ ഡെമോക്രാറ്റുകളും സഹകരിച്ചുകൊണ്ടുള്ള പോരാട്ടത്തിന് പ്രസക്തി. ഫാഷിസം പിടിമുറുക്കിയാല്‍ പിന്നെ നിങ്ങള്‍ക്ക് തലയുണ്ടാകില്ല. യാതൊരു ദയയുമില്ലാത്ത പോരാട്ടമാണ് ഇതിനോട് വേണ്ടത്. സോഷ്യല്‍ ഡെമോക്രാറ്റുകളുമായി സഹകരിച്ച് പോരാടിയാല്‍ മാത്രമേ വിജയം സാധ്യമാകൂ. കമ്മ്യൂണിസ്റ്റുകാരേ, നിങ്ങള്‍ക്ക് വളരെ കുറച്ച് സമയമേ ബാക്കിയുള്ളൂ – ട്രോത്സ്‌കി എഴുതി.

ഒക്ടോബറിലെ കേന്ദ്ര കമ്മിറ്റി യോഗത്തില്‍ 32 പേര്‍ കാരാട്ട് ലൈനിനേയും 30 പേര്‍ യെച്ചൂരി ലൈനിനേയും പിന്തുണയ്ക്കുകയും രണ്ട് പേര്‍ നിഷ്പക്ഷത പാലിക്കുകയും ചെയ്തു എന്നാണ് പറയുന്നത്. വോട്ടെടുപ്പ് നടന്നിരുന്നില്ല. ഇപ്പോളും വോട്ടെടുപ്പ് ഒഴിവാക്കാനായും സമവമായത്തിനായുമാണ് യെച്ചൂരി ശ്രമിക്കുന്നതെന്നാണ് മലയാള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം ഇത് കേരള ഘടകം തന്നെ പ്ലാന്റ് ചെയ്യുന്ന വിവരങ്ങളാണ് എന്നാണ് യെച്ചൂരിയുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. സിസിയില്‍ നിലവില്‍ യെച്ചൂരിയുടെ നിലപാടിന് വ്യക്തമായ മുന്‍തൂക്കമുണ്ടെന്നും പാര്‍ട്ടി കോണ്‍ഗ്രസില്‍ ഈ രണ്ട് അടവുനയങ്ങളും ചര്‍ച്ച ചെയ്യപ്പെടുമെന്നും അവര്‍ പറയുന്നു. നിലവിലെ സാഹചര്യത്തില്‍ യെച്ചൂരിയുടെ നിലപാടിന് ഭൂരിപക്ഷ പിന്തുണയുണ്ടെങ്കിലും കേന്ദ്ര കമ്മിറ്റിയിലെ മൂന്നിലൊന്ന് പേര്‍ ഇതിനെ എതിര്‍ത്താല്‍ ആ ലൈനും പാര്‍ട്ടി കോണ്‍ഗ്രസിന്റെ പരിഗണനയ്ക്ക് വരും. 90 അംഗ കേന്ദ്ര കമ്മിറ്റിയില്‍ 30 പേരുടെ പിന്തുണയുണ്ടെങ്കില്‍. യെ്ച്ചൂരിയെ സംബന്ധിച്ച് തന്റെ ലൈന്‍ പാര്‍ട്ടി കോണ്‍ഗ്രസിലേയ്ക്ക് പോകുന്നത് നല്ലതായിരിക്കും. അതേസമയം കാരാട്ട് വിഭാഗത്തിനെ സംബന്ധിച്ച് അവരുടെ ലൈന്‍ പാര്‍ട്ടി കോണ്‍ഗ്രസിലെത്തുന്നത് നല്ലതാവില്ല. കാരണം അതൊരു minority ലൈന്‍ ആയേക്കാം. കമ്മിറ്റികളുടെ ഘടനയിലും സംഘടനാസമവാക്യങ്ങളിലും തന്നെ ഇത് മാറ്റം വരുത്തിയേക്കാം.

ജനറല്‍ സെക്രട്ടറിക്ക് തീര്‍ച്ചയായും പാര്‍ട്ടിയിലെ വിഭാഗീയ സാധ്യതകളെ ചെറുക്കാനുള്ള ഉത്തരവാദിത്തമുണ്ട്. പക്ഷെ അപ്പോളും ഫാഷിസ്റ്റ് വിരുദ്ധ ഐക്യമുന്നണി, വിശാല മതനിരപേക്ഷ കൂട്ടായ്മ തുടങ്ങിയ പാര്‍ലമെന്ററി രാഷ്ട്രീയ അടവുനയങ്ങളില്‍ ഇത്തരം സമവായം തേടല്‍ യെച്ചൂരിയെ സംബന്ധിച്ചും ഇന്ത്യയിലെ ഇടതുപക്ഷ രാഷ്ട്രീയത്തെ സംബന്ധിച്ചും വലിയ ക്ഷീണമാകുമെന്നാണ് ഇവരുടെ വിലയിരുത്തല്‍. തന്നെ ഒരു കോണ്‍ഗ്രസ് പക്ഷപാതിയായി, കോണ്‍ഗ്രസ് എജന്റ് ഒക്കെയായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നു എന്ന സീതാറാം യെച്ചൂരിയുടെ പരാതി ശ്രദ്ധേയമാണ്. തന്നെ കോണ്‍ഗ്രസ് ഏജന്റ് ആയി ചിത്രീകരിച്ച് വ്യക്തിപരമായി ആക്രമിക്കുകയാണെന്ന് യെച്ചൂരി പറയുന്നു. കോണ്‍ഗ്രസുമായി തിരഞ്ഞെടുപ്പ് സഖ്യമോ മുന്നണിയോ ഉണ്ടാക്കുന്ന കാര്യമല്ല സഹകരണം, ധാരണ തുടങ്ങിയവയിലൂടെ അര്‍ത്ഥമാക്കുന്നതെന്ന് യെച്ചൂരി ആവര്‍ത്തിച്ച് പറയുന്നതുമാണ്. പാര്‍ലമെന്ററി രാഷ്ട്രീയ അടവുനയത്തെ ഏറെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് അവതരിപ്പിക്കുന്നത് എന്നാണ് സീതാറാം യെച്ചൂരിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

ദ സിറ്റിസണിലെ സീമ മുസ്തഫയുമായുള്ള അഭിമുഖത്തില്‍ ബിജെപിയാണ്‌ കോണ്‍ഗ്രസിനേക്കാള്‍ അപകടകാരി എന്ന് പ്രകാശ് കാരാട്ട് പറഞ്ഞിരുന്നു. കാരാട്ട് പോലും കോണ്‍ഗ്രസുമായി സഹകരിക്കുന്ന പ്രശ്‌നത്തില്‍ നിലപാട് മയപ്പെടുത്താന്‍ തയ്യാറാകുമ്പോള്‍ കേരള ഘടകമാണ് ഇക്കാര്യത്തില്‍ പിടിവാശി തുടരുന്നത് എന്നാണ് വിമര്‍ശനം. എന്തെങ്കിലും പ്രത്യയശാസ്ത്ര ദാര്‍ഢ്യത്തിന്റെ പുറത്താണ് ഇത്തരമൊരു നിലപാട് അവര്‍ സ്വീകരിക്കുന്നത് എന്ന് പറയാനാവില്ല. അടവും തന്ത്രവും (tactics and strategy) തമ്മിലുള്ള വ്യത്യാസമുണ്ട്. അടവ് എന്ന് പറയുന്നത് പാര്‍ലമെന്ററി ജനാധിപത്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. strategy എന്ന് പറയുന്നത് ജനകീയ ജനാധിപത്യ വിപ്ലവമാണ്. അവിഭക്ത സിപിഐയ്ക്കകത്ത് ഉണ്ടായിരുന്ന പോലൊരു റിവിഷനിസ്റ്റ് പ്രശ്‌നമോ തര്‍ക്കമോ അല്ല ഇപ്പോള്‍ സിപിഎമ്മിലുള്ളത്. ഇതൊരു പാര്‍ലമെന്ററി അടവുനയം മാത്രമാണ്. ബിജെപി ഫാഷിസ്റ്റാണോ അല്ലയോ എന്നതാണ് പ്രശ്‌നം. ബിജെപി ഫാഷിസ്റ്റ് പ്രവണതകള്‍ കാണിക്കുന്നതായി വലിയൊരു വിഭാഗം ജനങ്ങളും പറയുന്നു. ഫാഷിസ്റ്റ് ആണ് എങ്കില്‍ പിന്നെ അവരെ എങ്ങനെ നേരിടണം എന്നതാണ് പ്രശ്‌നം. അതിനുള്ള ഉത്തരം ഏഴാം ഇന്റര്‍നാഷണലില്‍ ജോര്‍ജി ദിമിത്രോവ് അവതരിപ്പിച്ച തീസിസ് ആണ്. ഫാഷിസത്തിനെതിരായ ഐക്യമുന്നണിയുടെ അനിവാര്യതയെ പറ്റിയാണ് ദിമിത്രോവ് പറയുന്നത്.

നിലപാട് മാറ്റി പ്രകാശ് കാരാട്ട്: ബിജെപി കോണ്‍ഗ്രസിനേക്കാള്‍ വലിയ അപകടകാരി

നിലവിലുള്ള ഇടതുപക്ഷ മുന്നണിയ്ക്ക് പുറമെ ലിബറല്‍ ജനാധിപത്യ കക്ഷികളുമായി സഹകരണം – ഈ അടവ് നിലപാടാണ് സീതാറാം യെച്ചൂരി ഉയര്‍ത്തിപ്പിടിക്കുന്നത്. ഇടതുപക്ഷ ഐക്യം, ഇടതുപക്ഷ ബദല്‍ എന്നതാണ് യെച്ചൂരിയുടെ ലൈന്‍. ധാരണ പോലും വേണ്ട എന്ന് തീരുമാനിച്ചാല്‍ അത് സംഘടനാ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കും. ബംഗാളില്‍ കോണ്‍ഗ്രസുമായുണ്ടാക്കിയ ധാരണ പാര്‍ട്ടി തീരുമാനത്തിന് വിരുദ്ധമായി എടുത്തതാണ്. ഒരു ഭാഗത്ത് കേരള കോണ്‍ഗ്രസുമായും മുസ്ലീം ലീഗുമായും കൂട്ടുകൂടാന്‍ ശ്രമിക്കുകയും മറുഭാഗത്ത് കോണ്‍ഗ്രസിനെ അകറ്റി നിര്‍ത്തുകയും ചെയ്യുന്ന വൈരുദ്ധ്യം. ജാതി, മത ശക്തികളെ മാറ്റിനിര്‍ത്തിക്കൊണ്ട് എങ്ങനെ വിശാല മതനിരപേക്ഷ ഐക്യം സാധ്യമാക്കാം എന്നാണ് ആലോചിക്കേണ്ടത്. ഒരു പൊതുതിരഞ്ഞെടുപ്പില്‍ മേധ പട്കറുമായാണോ അതോ കോണ്‍ഗ്രസുമായാണോ ധാരണയുണ്ടാക്കാന്‍ പോകുന്നത് എന്ന വിഷയമുണ്ട്. എന്‍ജിഒവത്കരണമാണോ ലക്ഷ്യം. അതോ ഭരണഘടനയും പാര്‍ലമെന്റും അടക്കമുള്ള ചട്ടക്കൂടിനകത്തുള്ള പ്രവര്‍ത്തനമാണോ എന്ന ചോദ്യം വരും. ധാരണ എങ്ങനെ സഖ്യമായി മാറാതിരിക്കാം എന്നതിന്റെ നല്ല ഉദാഹരണമാണ് 2004 ജനുവരിയില്‍ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പായി വന്ന കേന്ദ്ര കമ്മിറ്റി തീരുമാനം. ആന്ധ്രപ്രദേശില്‍ എന്ത് നിലപാട് സ്വീകരിക്കണം എന്ന പ്രശ്‌നം ഉയര്‍ന്നുവന്നു.

കഴിഞ്ഞ തവണത്തെ സിസിയിലുണ്ടായിരുന്ന അവസ്ഥയ്ക്കും മാറ്റം വന്നിട്ടുണ്ട്. പ്രത്യേകിച്ച് ഗുജറാത്ത് തിരഞ്ഞെടുപ്പ്. പിന്നെ ഹിമാചലില്‍ ഒരു സീറ്റ് കിട്ടി. ത്രിപുരയില്‍ ബിജെപി മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായി മാറിയിരിക്കുന്നു. വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസില്‍ സംഭവിച്ച പോലൊരു അവസ്ഥയാണ് ഇപ്പോള്‍ ഉണ്ടാകാന്‍ പോകുന്നത്. അന്ന് ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് താന്‍ മത്സരിക്കുമെന്ന് യെച്ചൂരി പറഞ്ഞപ്പോളാണ് അദ്ദേഹത്തെ സെക്രട്ടറിയായി തീരുമാനിച്ചത്.

ഫാഷിസം പടിവാതിലില്‍ നില്‍ക്കുമ്പോള്‍ വരട്ടുതത്വവാദം പറയരുത്: കേന്ദ്ര കമ്മിറ്റിക്ക് വിഎസിന്റെ കത്ത്

പാര്‍ട്ടി പരിപാടിയുടേയോ പ്രത്യയശാസ്ത്രത്തിന്റേയോ ഒന്നും അടിസ്ഥാനത്തിലല്ല കേരള ഘടകം കോണ്‍ഗ്രസ് സഹകരണത്തെ എതിര്‍ത്ത് രംഗത്ത് വരുന്നത്. നവലിബറല്‍ സാമ്പത്തിക നയങ്ങളെക്കുറിച്ചുള്ള കേരള ഘടകത്തിന്റെ ആശങ്കകള്‍ തികഞ്ഞ കാപട്യമാണ് എന്ന സൂചനയാണ് കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന പ്രത്യേക ക്ഷണിതാവ് വിഎസ് അച്യുതാനന്ദന്‍ സിസിക്കുള്ള കത്തില്‍ നല്‍കുന്നത്. നവലിബറല്‍ സാമ്പത്തിക നയങ്ങളുടെ കാര്യത്തില്‍ ബിജെപിയും കോണ്‍ഗ്രസും പ്രാദേശിക പാര്‍ട്ടികളും തമ്മില്‍ ഭേദമില്ലെന്നും എന്നാല്‍ ഇതിന്റെ പേരില്‍ രാജ്യത്തെ അടിയന്തര സാഹചര്യം ആവശ്യപ്പെടുന്ന തരത്തിലുള്ള മതേതര കക്ഷികളുടെ ഐക്യത്തെ തള്ളിക്കളയാന്‍ പാടില്ലെന്നും വിഎസ് പറയുന്നു. അധികാരത്തില്‍ വരുന്ന ഇടതുപാര്‍ട്ടികള്‍ പോലും ഇത്തരം സാമ്പത്തിക നയങ്ങള്‍ പിന്തുടരുന്നതായി കേരളത്തെ ഉദ്ദേശിച്ച് വിഎസ് പറയുന്നു. ഫാഷിസം തൊട്ടടുത്ത് നില്‍ക്കുമ്പോള്‍ വരട്ടുതത്വവാദം പറയരുതെന്ന് വിഎസ് പറയുന്നു. പ്രത്യേക ക്ഷണിതാവായ വിഎസിന് കേന്ദ്ര കമ്മിറ്റിയില്‍ വോട്ടവകാശമില്ല. എന്നാല്‍ ഈ ചര്‍ച്ച സജീവമാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

അതേസമയം ദേശീയ തലത്തിലെ ഈ പ്രതിസന്ധി പ്രാദേശിക തലത്തിലും ബാധിക്കുന്നുണ്ട്. പാലക്കാട് മുനിസിപ്പാലിറ്റിയില്‍ ഉണ്ടായ പ്രതിസന്ധി ശ്രദ്ധേയമാണ്. ബിജെപിക്കെതിരെ കോണ്‍ഗ്രസ് അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ സിപിഎം പിന്തുണക്കുമോ എന്നതായിരുന്നു ചോദ്യം. കോണ്‍ഗ്രസുമായി ചേര്‍ന്ന് ബിജെപിയെ താഴെയിറക്കാനില്ല എന്ന സൂചനയാണ് സിപിഎം അവിടെ നല്‍കുന്നത്. കോട്ടയം ജില്ലാ പഞ്ചായത്തില്‍ കെഎം മാണിയുടെ കേരള കോണ്‍ഗ്രസുമായി സഹകരിക്കാന്‍ ഒരു മടിയും കാണിക്കാത്ത പാര്‍ട്ടിയാണ് ഇതെന്ന് ഓര്‍ക്കണം.

പാലക്കാട് നഗരസഭ: സിപിഎം സഹായിച്ചാല്‍ ബിജെപിയെ ഇറക്കാമെന്ന് കോണ്‍ഗ്രസ്, സിപിഎം എന്തുചെയ്യും?

സുജയ് രാധാകൃഷ്ണന്‍

സബ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:

This post was last modified on January 28, 2018 11:13 am