X

രോഹിത്ത് വെമുല പ്രക്ഷോഭ നായകരില്‍ ഒരാളായ വിജയ് കുമാര്‍ ആന്ധ്ര നിയമസഭ തിരഞ്ഞെടുപ്പില്‍ ബിഎസ്പി സ്ഥാനാര്‍ഥി

ഹൈദരാബാദ് സര്‍വകലാശാല വി സി അപ്പ റാവു, രോഹിത്തിനൊപ്പം പുറത്താക്കിയവരില്‍ ഒരാള്‍ കൂടിയായിരുന്നു വിജയ് കുമാര്‍.

രോഹിത്ത് വെമുല പ്രക്ഷോഭ നായകരില്‍ ഒരാളായ വിജയ് കുമാര്‍ പെദപുടി ആന്ധ്രപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. ബി എസ് പി സ്ഥാനാര്‍ഥിയായിട്ടാണ് വിജയകുമാര്‍ മത്സരിക്കുന്നത്. ആന്ധ്രയിലെ ജനറല്‍ സീറ്റായ പര്‍ചുരു മണ്ഡലത്തില്‍ നിന്നാണ് വിജയ് കുമാര്‍ മത്സരിക്കുന്നത്. തന്റെ രാഷ്ട്രീയത്തെ രൂപപ്പെടുത്തിയത് ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ ജീവിതമാണെന്നും ദളിത് വിഭാഗങ്ങള്‍ സംവരണ മണ്ഡലത്തിലേ മത്സരിക്കാവൂ എന്നും ജനറല്‍ സീറ്റുകള്‍ സവര്‍ണര്‍ക്കാണെന്നുമുള്ള തെറ്റായ കീഴ്‌വഴക്കം ഇവിടെ നിലനില്‍ക്കുന്നതായും വിജ്യകുമാര്‍ പ്രതികരിച്ചു.

ഹൈദരാബാദ് സര്‍വകലാശാല വി സി അപ്പ റാവു, രോഹിത്തിനൊപ്പം പുറത്താക്കിയവരില്‍ ഒരാള്‍ കൂടിയായിരുന്നു വിജയ് കുമാര്‍. പുറത്താക്കപ്പെട്ട രോഹിത്തും, വിജയകുമാറും, ദൊന്ത പ്രശാന്ത്, സുങ്കണ്ണ എന്നിവര്‍ ക്യാമ്പസില്‍ ടെന്റ് കെട്ടി പ്രതിഷേധിക്കുന്നതിനിടെയായിരുന്നു കേന്ദ്ര മന്ത്രാലയത്തില്‍ നിന്നുള്ള ഇടപെടലുകളും സര്‍വകലാശാലയുടെ ഭാഗത്ത് നിന്നുള്ള പീഡനവും കാരണം രോഹിത് വെമുല ആത്മഹത്യ ചെയ്യുന്നത്.

തുടര്‍ന്ന് രോഹിത് വെമുല പ്രക്ഷോഭത്തിനിടെ സര്‍വകലാശായില്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ അംബേദ്ക്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷനില്‍ (എ എസ് എ) സ്ഥാനാര്‍ഥിയായി മത്സരിച്ച വിജയ് കുമാര്‍, മറ്റു സഖ്യകക്ഷികള്‍ക്കെതിരെ ക്യാമ്പസിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി.

ദളിത്-പിന്നോക്കക്കാരുടെ അവകാശങ്ങള്‍ക്കായി നിലകൊള്ളുകയും കാമ്പസിലെ എ എസ് എ സജീവമായി പ്രവര്‍ത്തിക്കുകയും ചെയ്തുകൊണ്ടരിക്കിരിക്കുന്നയാളാണ് വിജയ്കുമാര്‍. ആന്ധ്രയിലെ പ്രകസം ജില്ലയിലുള്ള മുപ്പല്ല സ്വദേശിയാണ് വിജയ് കുമാര്‍. ആന്ധ്രാ പ്രദേശില്‍ ഏപ്രില്‍ 11നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

This post was last modified on March 22, 2019 12:09 pm