X

കാപ്പിയുടെ മധുരവും കയ്പും: കഫെ കോഫി ഡേ ഉടമ വി.ജി സിദ്ധാര്‍ത്ഥയുടെ അന്ത്യത്തിലേയ്ക്ക് നയിച്ച കാരണങ്ങള്‍

മൈന്‍ഡ് ട്രീയുടെ ഓഹരികളുമായി ബന്ധപ്പെട്ട കരാറിന് ആദായനികുതി അധികൃതര്‍ തടസം സൃഷ്ടിച്ചു എന്നാണ് കത്തിലെ ആരോപണങ്ങളിലൊന്ന്.

ചിക്കമംഗളൂരുവിലെ കാപ്പിത്തോട്ടം ഉടമയുടെ മകനില്‍ നിന്ന് രാജ്യത്തെ ഏറ്റവും വലിയ കോഫി കഫേ ശൃംഘലയുടെ ഉടമയായാണ് വി ജി സിദ്ധാര്‍ത്ഥ വളര്‍ന്നത്. പിന്നീട് ഐടി, കണ്‍സള്‍ട്ടന്‍സി രംഗങ്ങളിലടക്കം ഇതര ബിസിനസ് രംഗങ്ങളിലേയ്ക്കും കടന്നെങ്കിലും കാപ്പി തന്നെയാണ് വി ജി സിദ്ധാര്‍ത്ഥയെ വളര്‍ത്തിയത്. King of Coffee എന്ന വിളിപ്പേര് കിട്ടി. എത്ര വലിയ സാമ്പത്തിക ബാധ്യതയുണ്ട് എന്ന് പറുമ്പോളും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുന്‍ വിദേശകാര്യ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ എസ്എം കൃഷ്ണയുടെ മരുമകന്റെ ഈ ദാരുണ അന്ത്യം പലര്‍ക്കും ഞെട്ടലുളവാക്കുന്നതാണ്.

30,000ത്തിലധികം ജീവനക്കാര്‍, ഇന്ത്യയിലും വിദേശത്തുമായി 1800ലധികം ഔട്ട്‌ലെറ്റുകള്‍. ഇന്ത്യയില്‍ മാത്രം 1849 കോഫി ഷോപ്പുകള്‍. സ്വന്തമായി 12,000 ഏക്കര്‍ കോഫി പ്‌ളാന്റേഷന്‍. ചിക്കമംഗളൂരുവിലെ തോട്ടത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന കാപ്പി പ്രതിവര്‍ഷം 28,000 ടണ്‍ വിദേശത്തേയ്ക്ക് കയറ്റുമതി ചെയ്യുന്നു. 2000 ടണ്‍ ഇന്ത്യയിലും വില്‍ക്കുന്നു. 2019 മാര്‍ച്ചില്‍ 1752 കഫേകള്‍. 2018ല്‍ 1777 കോടി രൂപയുടെ വരുമാനം. 2019 മാര്‍ച്ച് വരെ 1814 കോടി രൂപ. 2020 മാര്‍ച്ചില്‍ ലക്ഷ്യം വച്ചിരുന്നത് 2250 കോടി. ഇങ്ങനെയുള്ള വി ജി സിദ്ധാര്‍ത്ഥയുടെ മൃതദേഹമാണ് മംഗളൂരുവിലെ നേത്രാവതി പുഴയില്‍ നിന്ന് കണ്ടെത്തിയിരിക്കുന്നത്. ആത്മഹത്യയാണ് എന്ന് കരുതപ്പെടുന്നു.

കാപ്പി വ്യവസായത്തിലും അനുബന്ധ വ്യവസായങ്ങളിലുമുള്ള സിദ്ധാര്‍ത്ഥയുടെ വിജയത്തില്‍ 130 വര്‍ഷത്തോളം കാപ്പി കൃഷിയുമായി ബന്ധപ്പെട്ട് പരിചയമുള്ള കുടുംബ പശ്ചാത്തലത്തിന് പുറമെ പുതിയ ആശയങ്ങള്‍ അവതരിപ്പിച്ച് വിജയിപ്പിക്കാനുള്ള സ്വപ്രയത്‌നം തന്നെയാണ് പ്രധാന ഘടകമായത്. കഫേ കോഫീ ഡേ എന്ന രാജ്യത്തെ ആദ്യത്തെ കോഫി കഫേ 1996ല്‍ അവതരിപ്പിച്ച് വിജയിച്ചതാണ് മറ്റ് ബിസിനസുകളിലേയ്ക്ക് കടക്കാന്‍ സിദ്ധാര്‍ത്ഥയ്ക്ക് ആത്മവിശ്വാസം നല്‍കിയത്.

1983ല്‍ ഒരു സ്വകാര്യ കമ്പനിയില്‍ മാനേജ്‌മെന്റ് ട്രെയിനിയായി ഔദ്യോഗിക ജീവിതം തുടങ്ങിയ വി ജി സിദ്ധാര്‍ത്ഥ 1992ല്‍ സിദ്ധാര്‍ത്ഥ സ്വന്തമായി കോഫി ബിസിനസ് തുടങ്ങി – Amalgamated Bean Company Trading (നിലവില്‍ കോഫീ ഡേ ഗ്ലോബല്‍). കാപ്പി സംഭരണം, സംസ്‌കരണം, കാപ്പി അനുബന്ധ ഉല്‍പ്പന്നങ്ങള്‍ക്ക് വേണ്ടിയുള്ള കോഫി ബീന്‍സ് റോസ്റ്റിംഗ് എല്ലാമടക്കം. കോഫി ബിസിനസില്‍ നേടിയ വിജയം 1996ല്‍ രാജ്യത്തെ ആദ്യത്തെ കോഫി കഫേ ബംഗളൂരുവില്‍ തുടങ്ങാന്‍ വി ജി സിദ്ധാര്‍ത്ഥയ്ക്ക് ആത്മവിശ്വാസം നല്‍കി.

ബംഗളൂരുവിലെ ബ്രിഗേഡ് റോഡിലാണ് ആദ്യ കഫേ തുടങ്ങിയത്. 100 രൂപയ്ക്ക് കാപ്പിയും ഇന്റര്‍നെറ്റും എന്നതായിരുന്നു ആദ്യ ഓഫര്‍. ബാംഗ്ലൂര്‍ പോലുള്ള നഗരങ്ങളില്‍ മാത്രം ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമായിരുന്ന കാലത്താണിത്. ഇന്റര്‍നെറ്റ് സേവനം നല്‍കുന്ന കടകള്‍ക്ക് കഫേ എന്ന പേര് വരുന്നതിനും ഈ കോഫി ഷോപ്പുകള്‍ക്ക് പങ്കുണ്ട്. കഫേ കോഫി ഡേ രാജ്യമെമ്പാടും പടര്‍ന്നു. പിന്നീട് വിദേശത്തേയ്ക്കും. ഓസ്ട്രിയ, ചെക് റിപ്പബ്ലിക്, മലേഷ്യ, നേപ്പാള്‍, ഈജിപ്റ്റ് – ഇവിടെയെല്ലാം കഫേ കോഫീ ഡേ ഷോപ്പുകള്‍ വന്നു.

വലിയ കടബാധ്യതയുള്ളതായി കോഫി ഡേ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കുള്ള അവസാനത്തെ കത്തില്‍ സിദ്ധാര്‍ത്ഥ പറയുന്നുണ്ട്. ഇത്രകാലം പൊരുതി നിന്നു എന്നും ഇനി ഈ സമ്മര്‍ദ്ദം താങ്ങാന്‍ വയ്യ എന്നും സിദ്ധാര്‍ത്ഥ പറയുന്നു. സുഹൃത്തുക്കള്‍ അടക്കമുള്ളവരില്‍ നിന്ന് വന്‍ തുകകള്‍ കടമായി വാങ്ങിയിട്ടുണ്ട് എന്ന് കത്തില്‍ പറയുന്നുണ്ട്. 7000 കോടിയിലധികം രൂപയുടെ കടം. ആദായനികുതി വകുപ്പിന്റെ ഭാഗത്ത് നിന്ന് വല്ലാത്ത പീഡനമുണ്ടായി എന്നും സിദ്ധാര്‍ത്ഥ ആരോപിക്കുന്നുണ്ട്. സിദ്ധാര്‍ത്ഥയുടെ ആരോപണം ആദായനികുതി അധികൃതര്‍ തള്ളിക്കളയുകയാണ്. ഇന്‍കം ടാക്‌സ് ഡയറക്ടര്‍ ജനറല്‍ക്കെതിരെ ആരോപണം ഉന്നയിക്കുന്ന സിദ്ധാര്‍ത്ഥയുടേത് എന്ന് പറയുന്ന കത്ത് വ്യാജമാണ് എന്നാണ് അധികൃതരുടെ വാദം. സിദ്ധാര്‍ത്ഥയുടെ ഒപ്പ് വ്യാജമാണ് എന്ന് ടാക്‌സ് അധികൃതര്‍ പറയുന്നു.

2017ല്‍ ആദായനികുതി വകുപ്പ് 20 കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡ് സിദ്ധാര്‍ത്ഥ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നായിരുന്നു. എന്നാല്‍ ഇതിന് ശേഷവും വരുമാന വളര്‍ച്ചയും ലാഭവുമായി കഫേ കോഫി ഡേ മുന്നോട്ടുപോയിരുന്നു. നിയമപ്രകാരം മാത്രമാണ് പ്രവര്‍ത്തിച്ചത് എന്നും വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിലാണ് 2017ല്‍ സിദ്ധാര്‍ത്ഥയുടെ ഓഫീസുകളില്‍ റെയ്ഡ് നടത്തിയത് എന്നും ഇന്‍കം ടാക്‌സ് അധികൃതര്‍ അവകാശപ്പെടുന്നു.

മൈന്‍ഡ് ട്രീയുടെ ഓഹരികളുമായി ബന്ധപ്പെട്ട കരാറിന് ആദായനികുതി അധികൃതര്‍ തടസം സൃഷ്ടിച്ചു എന്നാണ് കത്തിലെ ആരോപണങ്ങളിലൊന്ന്. പുതുക്കിയ റിട്ടേണുകള്‍ സമര്‍പ്പിച്ചിട്ടും ഓഹരികള്‍ അറ്റാച്ച് ചെയ്ത് മൈന്‍ഡ് ട്രീ കരാറിന് തടസമുണ്ടാക്കി എന്നാണ് കത്തില്‍ പറയുന്നത്. ഇത് കമ്പനിയെ പ്രതിസന്ധിയിലാക്കിയതായും വി ജി സിദ്ധാര്‍ത്ഥ പറയുന്നു. അതേസമയം മൈന്‍ഡ് ട്രീ ഓഹരി ഇടപാടില്‍ 3200 കോടി രൂപ നേടിയ സിദ്ധാര്‍ത്ഥ, 300 കോടി രൂപ മിനിമം ആള്‍ട്ടര്‍നേറ്റ് ടാക്‌സില്‍ (എംഎടി) വെറും 300 കോടി രൂപ മാത്രമാണ് അടച്ചത് എന്ന് ആദായനികുതി വകുപ്പ് പറയുന്നു.

സിദ്ധാര്‍ത്ഥയുടെ പേരില്‍ 362.11 കോടി രൂപയുടേയും കഫേ കോഫി ഡേയുടെ പേരില്‍ 118.02 കോടി രൂപയുടേയും അനധികൃത സ്വത്തുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് 2017ല്‍ ഇന്‍കം ടാക്‌സ് റെയ്ഡ് നടത്തിയത്. റിട്ടേണ്‍സ് സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും അനധികൃത സ്വത്ത് മറച്ചുവച്ചു. കോഫി ഡേ ഗ്ലോബല്‍ ലിമിറ്റഡ് 14.5 കോടി രൂപയുടെ സെല്‍ഫ് അസസ്‌മെന്റ് ടാക്‌സ് അടച്ചിരുന്നില്ല. മൈന്‍ഡ് ട്രീയിലെ 21 ശതമാനം ഷെയറും വഹിക്കുന്നത് വി ജി സിദ്ധാര്‍ത്ഥയും കോഫീ ഡേ എന്റര്‍പ്രൈസസ് ലിമിറ്റഡുമാണ്.

ആദായനികുതി വകുപ്പിന്റെ അനുമതി തേടാതെയാണ് സിദ്ധാര്‍ത്ഥ ഈക്വിറ്റി ഷെയറുകള്‍ വില്‍ക്കാന്‍ തീരുമാനിച്ചത് എന്നും ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നു. ഇതേ തുടര്‍ന്നാണ് ഓഹരികള്‍ അറ്റാച്ച് ചെയ്യുന്നത്. മൈന്‍ഡ് ട്രീ ലിമിറ്റഡിന്റെ 74,90,000 ഷെയറുകളാണ് അറ്റാച്ച് ചെയ്തത്. ഇത് വരുമാന താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ആവശ്യമായ സ്വാഭാവിക നടപടിയാണ് എന്നും ആദായനികുതി വകുപ്പ് പറയുന്നു. ഷെയറുകള്‍ റിലീസ് ചെയ്യാമെന്ന് സിദ്ധാര്‍ത്ഥ
പറയുകയും കോഫി ഡേ എന്റര്‍പ്രൈസസിന്റെ ഷെയറുകള്‍ സെക്യൂരിറ്റിയായി
മുന്നോട്ടുവയ്ക്കുകയും ചെയ്തതോടെ ഫെബ്രുവരിയില്‍ ഷെയര്‍ അറ്റാച്ച്‌മെന്റില്‍ നിന്ന് ഇന്‍കം ടാക്‌സ് വകുപ്പ് പിന്മാറി.

This post was last modified on July 31, 2019 2:27 pm