X

വിശ്വാസ വോട്ട് ചര്‍ച്ചയ്ക്കിടെ ഗവര്‍ണര്‍ക്ക് ഇടപെടാനാകുമോ? കര്‍ണാടകയില്‍ ഉയരുന്നത് ഗുരുതര നിയമപ്രശ്‌നങ്ങള്‍

വിശ്വാസവോട്ടിന് ശേഷവും നിയമതര്‍ക്കം തുടരാന്‍ സാധ്യത

കര്‍ണാടകത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടുന്നതിനിടെ ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ നിര്‍ദ്ദേശം സംബന്ധിച്ചും വിവാദം. വിശ്വാസ വോട്ടില്‍ ചര്‍ച്ച പുരോഗമിക്കുന്നതിനിടെയാണ് ഗവര്‍ണര്‍ ഇന്ന് ഉച്ചയ്ക്ക് മുമ്പ് വിശ്വാസ വോട്ട് തേടാന്‍ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സഭ സമ്മേളിച്ചുകൊണ്ടിരിക്കുന്നതിനിടെ ഗവര്‍ണര്‍ നല്‍കിയ നിര്‍ദ്ദേശത്തെ കുറിച്ച് വലിയ നിയമപ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരുമെന്ന് ഉറപ്പാണ്. ഗവര്‍ണറുടെ ഇടപെടല്‍ രാഷ്ട്രീയ പ്രേരിതമെന്ന് ഭരണമുന്നണി പറയുമ്പോള്‍, ഭരണഘടന സ്ഥാപനമെന്ന നിലയില്‍ തന്റെ ഉത്തരവാദിത്തം നിര്‍വഹിക്കുകയാണ് ഗവര്‍ണര്‍ ചെയ്യുന്നതെന്നാണ് ബിജെപിയുടെ വാദം.

കര്‍ണാടകത്തില്‍ ഇപ്പോള്‍ ചുരുളഴിയുന്ന സംഭവവികാസങ്ങള്‍ക്ക് സമാനമായ കാര്യങ്ങളായിരുന്നു ഉത്തരാഖണ്ഡില്‍ നടന്നത്. 2014-ല്‍ നരേന്ദ്ര മോദി അധികാരമേറ്റെടുത്ത ഉടനെയാണ് ഉത്തരാഖണ്ഡില്‍ കേന്ദ്രം രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് റദ്ദാക്കി, കോണ്‍ഗ്രസിലെ ഹരീഷ് റാവത്ത് സര്‍ക്കാരിനെ പുനഃസ്ഥാപിച്ച ജസ്റ്റീസ് കെ എം ജോസഫ് അടങ്ങിയ ബഞ്ച് ഗവര്‍ണറുടെയും സ്പീക്കറുടെയും അധികാരത്തെ സംബന്ധിച്ച് നിര്‍ണായകമായ ചില കാര്യങ്ങളും വ്യക്തമാക്കുകയുണ്ടായി. ഉത്തരാഖണ്ഡില്‍ അന്ന് നിലവിലുണ്ടായിരുന്ന ചില സാഹചര്യങ്ങള്‍ ഇന്ന് കര്‍ണാടകത്തിലും ആവര്‍ത്തിക്കുന്നു. വിശ്വാസ വോട്ട് തേടാന്‍ ഹരീഷ് റാവത്ത് സര്‍ക്കാരിനോട് ഗവര്‍ണര്‍ നിര്‍ദ്ദേശിച്ച ഘട്ടത്തിലായിരുന്നു അവിടെ രാഷട്രപതി ഭരണം ഏർപ്പെടുത്തിയത്. ഈ ഉത്തരവാണ് ഉത്തരാഖണ്ഡ് ഹൈക്കോടതി റദ്ദാക്കിയത്.

ഭരണകക്ഷിയില്‍പ്പെട്ട  എംഎല്‍എമാര്‍ കൂറുമാറി സര്‍ക്കാരിനുളള പിന്തുണ പിന്‍വലിച്ചതുതന്നെയായിരുന്നു കര്‍ണാടകത്തിലെ പോലെ ഉത്തരാഖണ്ഡിലും ഉടലെടുത്ത പ്രശ്‌നം. ഇപ്പോള്‍ കര്‍ണാടകത്തില്‍ സംഭവിച്ചതുപോലെ ഉത്തരാഖണ്ഡിലും എംഎല്‍എമാരെ തിരിച്ചുപിടിക്കാനും കൂറുമാറിയ എംഎല്‍എമാരെ നിലനിര്‍ത്താനുള്ള ശ്രമങ്ങളും അവിടെയും നടന്നു. ആ ഘട്ടത്തിലാണ് വിശ്വാസ വോട്ട് തേടാന്‍ ഗവര്‍ണര്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കുന്നത്.

എന്നാല്‍ കര്‍ണാടകത്തില്‍ ഇതില്‍നിന്ന് വ്യത്യസ്തമായി സര്‍ക്കാര്‍ സ്വന്തം നിലയില്‍ വിശ്വാസ വോട്ട് നേടാന്‍ തീരുമാനിക്കുകയായിരുന്നു. ഉത്തരാഖണ്ഡില്‍ വിവാദങ്ങള്‍ക്കിടെ, വിശ്വാസവോട്ടിന് തൊട്ടുമുന്‍പ് സര്‍ക്കാരിനെ പിരിച്ചുവിട്ടു. ഈ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. അന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ എം ജോസഫ് ഇന്ന് സുപ്രീം കോടതി ജഡ്ജിയാണ്. ജസ്റ്റിസ് ജോസഫിന്റെ സുപ്രീം കോടതി നിയമനം വൈകുന്നത് സംബന്ധിച്ചും പിന്നീട് വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു.

ഉത്താരാഖണ്ഡില്‍ ധനബില്ല് പാസാക്കിയതില്‍ ക്രമപ്രകാരമല്ലാത്ത കാര്യങ്ങള്‍ നടന്നുവെന്ന് ആരോപിച്ച് ബിജെപി എംഎല്‍എമാര്‍ ഗവര്‍ണറെ സമീപിക്കുന്നു. വോട്ടെടുപ്പ് വേണമെന്ന് ആവശ്യമുന്നയിച്ചിട്ടും അതില്ലാതെ ബില്ല് അംഗീകരിച്ചുവെന്നാരോപിച്ചായിരുന്നു ഗവര്‍ണറെ സമീപിച്ചത്. ഇവരുടെ കത്ത് ഗവര്‍ണര്‍ സ്പീക്കര്‍ക്ക് നല്‍കുകയും ഇതിന്റെ സത്യാവസ്ഥ വിശദമാക്കാന്‍ ആവശ്യപ്പെടുകയും വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ സ്പീക്കറോട് നിര്‍ദ്ദേശിക്കുകയും ചെയ്യുകയായിരുന്നു. ഗവര്‍ണര്‍ ഇത്തരത്തില്‍ സ്പീക്കര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത് ശരിയായ നടപടിയല്ലെന്നാണ് ഹൈക്കോടതി അന്ന് ചൂണ്ടിക്കാട്ടിയത്.

സ്പീക്കറെ പോലെ ഭരണഘടന പദവി വഹിക്കുന്നയാളോട് പ്രത്യേക രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെടാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നാണ് ഹൈക്കോടതി പറഞ്ഞത്. ഭരണഘടനയുടെ 175 -ാം വകുപ്പിലാണ് സ്പീക്കറുടെ അധികാരം സംബന്ധിച്ച് കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്. ഗവര്‍ണര്‍ക്ക് സ്പീക്കര്‍ക്ക് നിര്‍ദ്ദേശം നല്‍കാമെന്ന് ഇതില്‍ പറയുന്നുണ്ട്. എന്നാല്‍ അത് ഏതൊക്കെ സാഹചര്യത്തിലാകാം എന്നത് സംബന്ധിച്ച വ്യാഖ്യാനങ്ങളാണ് തര്‍ക്കങ്ങള്‍ക്ക് ഇടയാക്കുന്നത്.

ഗവര്‍ണര്‍ക്ക് നിയമസഭകള്‍ക്ക് നിര്‍ദ്ദേശം നല്‍കാമെന്നും അത് പരിഗണിക്കാന്‍ സഭകള്‍ക്ക് ബാധ്യതയുണ്ടെന്നുമാണ് ഭരണഘടന വിദഗ്ദന്‍ സുഭാഷ് കശ്യാപ് പറയുന്നത്. എന്നാല്‍ ലോക്സഭ മുന്‍ സെക്രട്ടറി ജനറല്‍ പിഡിടി ആചാരി പറയുന്നത് മറ്റൊന്നാണ്. സഭയില്‍ വിശ്വാസ വോട്ടിന്റെ ചര്‍ച്ച നടന്നുകൊണ്ടിരിക്കുമ്പോള്‍ അതില്‍ ഇടപെടാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് അദ്ദേഹം പറയുന്നു. സഭയില്‍ ചർച്ച എത്ര സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നതടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് സ്പീക്കറുടെ അധികാര പരിധിയില്‍പെടുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

ഇന്നലെ കര്‍ണാടക നിയമസഭയില്‍ വിശ്വാസ വോട്ട് അവതരിപ്പിക്കുകയും ബഹളത്തെ തുടര്‍ന്ന് സഭ നിര്‍ത്തിവെയ്ക്കുകയും വോട്ടെടുപ്പ് വൈകുമെന്ന തോന്നലുണ്ടാകുകയും ചെയ്ത സാഹചര്യത്തില്‍ ബിജെപി എംഎല്‍എമാര്‍ ഗവര്‍ണറെ സമീപിക്കുകയും തുടര്‍ന്ന് ഗവര്‍ണറുടെ സന്ദേശം സ്പീക്കര്‍ക്ക് ലഭിക്കുകയുമായിരുന്നു. ഇക്കാര്യം  സഭയില്‍ വായിച്ച ഉടനെ ഭരണമുന്നണിയുടെ ആരോപണം ഗവര്‍ണര്‍ ബിജെപിയുടെ താല്‍പര്യം സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്നതായിരുന്നു. ഇക്കാര്യത്തില്‍ സ്പീക്കറുടെ പ്രതികരണം സൂക്ഷിച്ചായിരുന്നു. ഗവര്‍ണര്‍ക്ക് നിയമസഭയ്ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കാമെന്ന് മാത്രമാണ് അദ്ദേഹം പ്രതികരിച്ചത്. എന്നാല്‍ ആ നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ട ബാധ്യത സ്പീക്കര്‍ പദവിക്കുണ്ടോ എന്ന കാര്യത്തില്‍ അദ്ദേഹം ഒന്നും പറഞ്ഞില്ല. അതിനു പിന്നാലെയായിരുന്നു ഇന്ന് ഒന്നരയ്ക്കുള്ളില്‍ വിശ്വാസ വോട്ട് തേടണമെന്ന ഗവര്‍ണറുടെ നിര്‍ദേശവും വന്നത്. ഇക്കാര്യത്തില്‍ സ്പീക്കര്‍ എന്തു ചെയ്യുമെന്ന കാര്യത്തില്‍ അത് കൊണ്ട് തന്നെ വ്യക്തതയില്ല. കൂറുമാറ്റ നിരോധന നിയമം നടപ്പില്‍ വന്നതിനു ശേഷം സ്പീക്കറുടെ അധികാരം സംബന്ധിച്ച് വിശദമായ പരിശോധന വേണമെന്ന് സുപ്രീം കോടതി തന്നെ എംഎല്‍എമാരുടെ ഹര്‍ജി പരിഗണിക്കുന്ന വേളയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വിധി പറയുന്ന സമയത്താകട്ടെ, കോടതി ഇക്കാര്യങ്ങളിലേക്ക് കടന്നില്ല എന്ന് മാത്രമല്ല, സ്പീക്കര്‍ക്ക് എംഎല്‍എമാരുടെ സസ്പെന്‍ഷന്‍ സംബന്ധിച്ച് ഏതു തീരുമാനവും സ്വീകരിക്കാം എന്നുമായിരുന്നു.

മറ്റൊരു നിയമ പ്രശ്‌നം കര്‍ണാടകത്തില്‍ ഉയര്‍ന്നുവന്നിട്ടുള്ളത് വിപ്പ് സംബന്ധിച്ചാണ്. വിപ്പ് പുറപ്പെടുവിക്കാമോ എന്ന കാര്യത്തില്‍ സുപ്രീം കോടതി നിര്‍ദ്ദേശമൊന്നും നല്‍കിയിട്ടില്ല. അതേസമയം റിബല്‍ എംഎല്‍എമാരെ സഭയില്‍ ഹാജരാകണമെന്ന് നിര്‍ബന്ധിക്കാന്‍ പറ്റില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇക്കാര്യമാണ് ഇന്നലെ വിശ്വാസവോട്ട് ചര്‍ച്ചയ്ക്കിടെ കോണ്‍ഗ്രസ് അംഗങ്ങളായ സിദ്ധരാമയ്യയും നിയമമന്ത്രി കൃഷ്ണബൈര ഗൌഡയും സഭയിലും കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയിലും ചൂണ്ടിക്കാട്ടിയതും. ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍ അനുസരിച്ച് വിപ്പ് നല്‍കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള അധികാരം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇത് ലംഘിക്കുന്നതാണ് സുപ്രീം കോടതി ഉത്തരവ് എന്നാണ് ഇവരുടെ വിമര്‍ശനം. ഇക്കാര്യത്തില്‍ തീരുമാനമായിട്ടു മതി വിശ്വാസവോട്ടെടുപ്പ് എന്നും അവര്‍ വാദിക്കുന്നു.

റിബല്‍ എംഎല്‍എമാര്‍ വിശ്വാസവോട്ടു സംബന്ധിച്ച ചര്‍ച്ചയില്‍ പങ്കെടുക്കുന്നില്ല. അതുകൊണ്ട് തന്നെ വിപ്പ് ലംഘിച്ച അംഗങ്ങള്‍ക്കെതിരെ ബന്ധപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികള്‍ പരാതി നല്‍കിയാല്‍ അവരെ അയോഗ്യരാക്കാന്‍ സ്പീക്കര്‍ തയ്യാറാകാനുമാണ് സാധ്യത. ഇതിനെ അംഗങ്ങള്‍ ചോദ്യം ചെയ്താല്‍ അതും സങ്കീര്‍ണമായ നിയമപ്രശ്‌നത്തിലേക്ക് വഴിതെളിയിക്കും. കര്‍ണാടകയിലെ വിശ്വാസ വോട്ടില്‍ എന്ത് സംഭവിച്ചാലും അത് വലിയ നിയമതര്‍ക്കങ്ങളിലേക്കും സുപ്രീം കോടതി നിര്‍ദ്ദേശങ്ങളിലേക്കും വഴിവെയ്ക്കുമെന്ന കാര്യം ഉറപ്പാണ്. ഇന്ത്യന്‍ പാര്‍ലമെന്ററി -നിയമ ചരിത്രത്തില്‍ നിര്‍ണായക ഏടുകളാണ് കര്‍ണാടക എഴുതി ചേര്‍ക്കുകയെന്നത് വ്യക്തം.

Read Azhimukham: മുസാഫർനഗർ വർഗീയകലാപം: 41 കേസുകളിൽ 40ലും എല്ലാ പ്രതികളെയും വെറുതെ വിട്ടു; ദൃക്സാക്ഷികളായ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെല്ലാം കൂറുമാറി

This post was last modified on July 19, 2019 10:03 am

Related Post
Leave a Comment