X

“നായ്ക്കള്‍ക്ക് സ്വാഗതം, കാശ്മീരികള്‍ക്ക് പ്രവേശനമില്ല”

കാശ്മീരികളെ വെടിവച്ച് കൊല്ലാനാണ് അക്രമികളുടെ ആഹ്വാനം. കാശ്മീരി വിദ്യാര്‍ത്ഥികളെ തങ്ങള്‍ ലക്ഷ്യം വയ്ക്കുന്നതായി ബജ്രംഗ് ദള്‍ നേതാവ് വികാസ് ശര്‍മ പറഞ്ഞു.

നായ്ക്കള്‍ക്ക് വരാം, കാശ്മീരികള്‍ക്ക് പ്രവേശനമില്ല എന്നാണ് ഡെറാഡൂണിലെ കടകള്‍ക്ക് പുറത്ത് കാണുന്ന പോസ്റ്ററുകള്‍. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കാശ്മീരികള്‍ക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണത്തിന്റെ ഭാഗമായാണ് ഇത്. ഡെറാഡൂണില്‍ ഇന്നലെ വിദ്യാര്‍ത്ഥികളെ വിഎച്ച്പി, ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചിരുന്നു. വലിയ തോതിലുള്ള ഭീഷണികളാണ് കാശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വരുന്നത്.

നഗരത്തിലെ വിവിധ കോളേജുകളിലും യൂണിവേഴ്‌സിറ്റി കാമ്പസുകളിലുമായി 1500നും 2000നുമിടയ്ക്ക് കാശ്മീരി വിദ്യാര്‍ത്ഥികളുണ്ട്. പലരും വീടൊഴിഞ്ഞുപോകാന്‍ നിര്‍ബന്ധിതരായി. പലരും പുറത്തിറങ്ങാന്‍ കഴിയാതെ ഭീതിയില്‍ കഴിയുകയാണ്. കാശ്മീരി പെണ്‍കുട്ടികള്‍ താമസിക്കുന്ന ഒരു ഹോസ്റ്റല്‍ അക്രമികള്‍ വളഞ്ഞു. ജവാന്റെ മരണത്തില്‍ അനുശോചിച്ചുള്ള ജാഥ കടന്നുപോകുമ്പോള്‍ ഹോസ്റ്റലിലെ കാശ്മീരി വിദ്യാര്‍ത്ഥിനികള്‍ പാകിസ്താന്‍ സിന്ദാബാദ് എന്ന് വിളിച്ചു എന്നാണ് ആരോപണം.

കാശ്മീരികളെ വെടിവച്ച് കൊല്ലാനാണ് അക്രമികളുടെ ആഹ്വാനമെന്ന് ദ വയര്‍ പറയുന്നു. കാശ്മീരി വിദ്യാര്‍ത്ഥികളെ തങ്ങള്‍ ലക്ഷ്യം വയ്ക്കുന്നതായി ബജ്രംഗ് ദള്‍ നേതാവ് വികാസ് ശര്‍മ പറഞ്ഞു. ഞങ്ങളുടെ ചോറ് തിന്ന് അവര്‍ ഞങ്ങള പിന്നില്‍ നിന്ന് കുത്തുകയാണ്. പാകിസ്താന് സിന്ദാബാദ് വിളിക്കുകയാണ്. അവര്‍ പുല്‍വാമ ആക്രമണം ആഘോഷിക്കുകയാണ്. അവരെ ഞങ്ങള്‍ പാഠം പഠിപ്പിക്കും. ഉത്തരാഖണ്ഡിന്റെ മൂന്ന് പുത്രന്മാരെയാണ് ഭീകരാക്രമണത്തില്‍ നഷ്ടമായത്. അവര്‍ക്ക് അഭയം നല്‍കുന്ന എല്ലാവര്‍ക്കും ഞങ്ങള്‍ മുന്നറിയിപ്പ് നല്‍കുകയാണ് – വികാസ് ശര്‍മ പറഞ്ഞു.

Also Read: പുല്‍വാമ ആക്രമണം: ഡെറാഡൂണില്‍ കാശ്മീരി വിദ്യാര്‍ത്ഥികളെ വിഎച്ച്പിക്കാര്‍ മര്‍ദ്ദിച്ചു; വിവിധയിടങ്ങളില്‍ അക്രമം, ഭീഷണി

അതേസമയം തങ്ങളുടെ ജീവന്‍ അപകടത്തിലാണെന്നും തങ്ങളെ എയര്‍ലിഫ്റ്റ് ചെയ്ത് കൊണ്ടുപോകണമെന്ന് പല വിദ്യാര്‍ത്ഥികളും ആവശ്യപ്പട്ടു. എന്നാല്‍ കാശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ സുരക്ഷയും ഉറപ്പുവരുത്തിയിട്ടുണ്ട് എന്നാണ് പൊലീസ് അവകാശപ്പെടുന്നത്. കാശ്മീരി വിദ്യാര്‍ത്ഥികള്‍ അനാവശ്യ പ്രതികരണങ്ങളിലൂടെ വല്ലാത്ത വൈകാരിക വിക്ഷോഭത്തില്‍ നില്‍ക്കുന്ന ജനങ്ങളെ പ്രകോപിപ്പിച്ചതായും ലോ ആന്‍ഡ് ഓര്‍ഡര്‍ ഡയറക്ടര്‍ ജനറല്‍ അശോക് കുമാര്‍ ആരോപിച്ചു.

Also Read: പുല്‍വാമ ഭീകരാക്രമണം: എന്തൊക്കെയാണ് മോദി സര്‍ക്കാരിനു മുന്നിലുള്ള വഴികള്‍

This post was last modified on February 17, 2019 1:22 pm